പി.എസ്. പ്രസാദ്
(അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭാ പ്രസിഡന്റും ഹിന്ദു ഐക്യവേദി വൈസ് പ്രസിഡന്റ്ചമാണ് ലേഖകന്‍-9746402024)
ചരിത്ര വഴികളില്‍ ഉറച്ച കാല്‍മുദ്ര പതിച്ച്, അപ്രാപ്യമെന്നു കരുതിയിരുന്ന പലതും നേടി സമൂഹത്തിന് സമ്മാനിച്ച സമാനതകളില്ലാത്ത മഹാത്യാഗിയും നവോത്ഥാന നായകനുമായിരുന്നു മഹാത്മാ അയ്യന്‍കാളി. ഇന്ന് അദ്ദേഹത്തിന്റെ 81-ാം ദേഹവിയോഗ ദിനം.
മഹാകവി കുമാരനാശാന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘തൊട്ടു കൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍” എന്ന മട്ടില്‍ ദുരാചാരങ്ങള്‍ കൊടികുത്തി വാണ, നീതി നിഷേധങ്ങളുടെ കാലഘട്ടത്തിലാണ്, അയ്യന്‍കാളി ഗുരുദേവന് ഭൂജാതനായത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ പുലയത്തറവാടായ പെരുങ്കാറ്റുവിള പ്ലാവറ തറവാട്ടില്‍ അയ്യന്റെയും മാലയുടെയും പുത്രനായി 1863 ചിങ്ങമാസത്തിലെ അവിട്ടം നാളില്‍, 1863 ആഗസ്റ്റ് 28ന് ജനനം. മാതാപിതാക്കള്‍ നല്കിയ കാളി(ശക്തി) എന്ന പേരിനോടു പിതാവിന്റെ പേരു കൂടിച്ചേര്ത്തതോടെ അയ്യന്‍കാളി (അയ്യന്-ശിവന്) ആയി. ജാതീയതയുടെ അനാചാരങ്ങളില്പ്പെട്ട് അവര്‍ണ്ണര്‍ എന്ന അയിത്ത വിഭാഗക്കാര്‍ മൃഗതുല്യരോ അതില്‍ താഴെയോ ആയിരുന്നു അന്നത്തെ അവസ്ഥയില്‍. സാമൂഹ്യ വ്യവസ്ഥിതി ഇക്കൂട്ടരെ മനുഷ്യരായി അന്നു പരിഗണിച്ചിരുന്നില്ല. പൊതുവഴി സഞ്ചാരം, വിദ്യാഭ്യാസം, നല്ല വസ്ത്രധാരണം, സ്ത്രീകള്‍ക്കു മാറുമറയ്ക്കാനുള്ള അവകാശം എല്ലാം നിഷേധിക്കപ്പെട്ടിരുന്നു. ലംഘിച്ചാല്‍ ശിക്ഷ അതികഠിനം. അയിത്തജാതിക്കാര്‍ അടിമത്തത്തില്‍ നിന്ന് അടിയാളത്തിലേക്ക് മാറിയ കാലഘട്ടം.
വളരെ ചെറുപ്പത്തിലേ തന്നെ ജാതീയതയുടെ തീക്ഷ്ണത അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന ബാലന്, തന്റെ സമൂഹം അനുഭവിക്കുന്ന നീതിനിഷേധം തിരിച്ചറിഞ്ഞു. സവര്‍ണരുടെ അവകാശങ്ങളും അധികാരങ്ങളും സ്വാതന്ത്ര്യവും സമ്പത്തും അവര്‍ണര്‍ക്കു നിഷേധിച്ച വ്യവസ്ഥിതിയെ തിരുത്തണം എന്നദ്ദേഹം മനസ്സിലുറപ്പിച്ചു. മനുഷ്യരായി ജനിച്ചവര്‍ക്ക് മനുഷ്യരായി ജീവിക്കാനുള്ള അവകാശമുണ്ട്. ജാതിവ്യവസ്ഥയുടെ അഥവാ അയിത്താചാരങ്ങളുടെ ഇരകളായി ജീവിച്ച ആദിമ ദേശീയ ജനതയുടെ മോചനമായിരുന്നു ആ വിപ്ലവകാരിയുടെ ലക്ഷ്യം. യുവാവായപ്പോള്‍ ചില പദ്ധതികള്‍ ആവിഷ്കരിച്ചു. യുവാക്കളെ തന്റെ ആശയത്തിലേക്ക് കൊണ്ടുവന്നു. എന്തും നേരിടാനുള്ള ആത്മബലവും കായികബലവും നേടിയെടുത്തു. അയിത്ത ജാതിക്കാര്‍ക്ക് നിഷേധിച്ചിരുന്ന പൊതുവഴിയാത്ര തങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന് വില്ലുവണ്ടിയില്‍ യാത്ര ചെയ്ത് സമൂഹത്തെ ബോധ്യപ്പെടുത്തി. 1893ലായിരുന്നു ഈ ചരിത്ര സംഭവം. വില്ലുവണ്ടിയുടെ മണിനാദം സാമൂഹ്യവ്യവസ്ഥിതിയെ പ്രകമ്പനം കൊള്ളിച്ചു. അയിത്ത വിഭാഗക്കാര്‍ ഉയര്ത്തെഴുന്നേല്ക്കാന് ഇതു കാരണമായി. അയ്യന്‍കാളിയുടെ പിന്നില്‍ അണിനിരക്കാന്‍ അവര്‍ മത്സരിച്ചു.
ഈ കാലഘട്ടത്തില്‍ത്തന്നെ, ജാതീയത മൂലമുള്ള അനീതികളെ എതിര്‍ത്തുകൊണ്ട് സാമൂഹ്യ പരിഷ്കരണങ്ങള്‍ക്കായി ചില മഹത്തുക്കള്‍ ശ്രമം തുടങ്ങിയിരുന്നു. ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും മറ്റും അവരുടെ കര്‍മ മണ്ഡലങ്ങളില്‍ സജീവമായിരുന്നു. ശ്രീനാരായണ ഗുരുദേവനാല് 1903ല്‍ എസ്എന്‍ഡിപി നിലവില്‍ വന്നു. ”സംഘടനകൊണ്ട് ശക്തരാകൂ വിദ്യകൊണ്ട് പ്രബുദ്ധരാകൂ” എന്ന ശ്രീനാരായണ ഗുരുദേവന്റെ ആപ്തവാക്യത്തില്‍ ആകൃഷ്ടനായ അയ്യന്‍കാളി, ഗുരുവില്‍ നിന്ന് ഉപദേശം തേടി 1907ല്‍ എല്ലാ അയിത്ത വിഭാഗക്കാരേയും ചേര്‍ത്തു സാധുജന പരിപാലന സംഘം രൂപീകരിച്ചു. ഉപജാതി ചിന്തകള്‍ക്ക് അതീതമായി അവര്‍ണ വിഭാഗങ്ങളെ അംഗങ്ങളാക്കി, സംഘത്തിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞിരുന്ന, രാജ്യത്തെ അധികാര വര്‍ഗ്ഗമായിരുന്ന ഗോത്ര വര്‍ഗ ജനതയെ ചേര്‍ത്തുനിര്‍ത്തുക എന്ന സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജീവന് ബലിയര്‍പ്പിക്കാന്‍ പോലും തയ്യാറായി അവരെ മുന്നില്‍ നിന്ന് നയിച്ചു എന്നതാണ് മറ്റു സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ നിന്ന് അയ്യന്‍കാളിയെ വ്യത്യസ്തനാക്കുന്നത്. സാധുജന പരിപാലന സംഘത്തിന് രാജ്യത്തൊട്ടാകെ ശാഖകള്‍ രൂപീകരിച്ചു. അയിത്ത ജനത സംഘടനാബോധമുള്ളവരായി. 1893ലെ വില്ലുവണ്ടി സമരം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു.
”അക്ഷരം അഗ്നിയാണ്. അറിവാണ് ആയുധം” എന്നും അയിത്തക്കാര്‍ക്ക് വിദ്യ നല്കി അറിവുള്ളവരാക്കണം എന്നുമുള്ള ചിന്തയോടെ അതിന് പ്രഥമ പരിഗണന നല്കി പ്രവര്‍ത്തനമാരംഭിച്ചു. 1904ല്‍ വെങ്ങാനൂരില്‍ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. തുടര്‍ന്നു രാജ്യത്തുടനീളം കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. എതിര്‍പ്പുകളെ കായികബലത്താല്‍ നേരിട്ടു. സംഘര്‍ഷങ്ങളും ലഹളകളും ഉണ്ടായി. പൊതുവില്‍ ഉള്ളതെല്ലാം തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നും തങ്ങള്‍ക്ക് അത് ലഭിക്കണം എന്നും അദ്ദേഹം വാദിച്ചു. പൊതുവഴി, പൊതുചന്ത, പൊതുസ്കൂള്‍ ഇങ്ങനെയുള്ളതെല്ലാം എല്ലാവര്ക്കും വേണമെന്നായിരുന്നു ആവശ്യം. സര്‍ക്കാര്‍ സ്കൂളുകളില്‍ അയിത്ത വിഭാഗ കുട്ടികളെ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. 1907ല്‍ സര്‍ക്കാര്‍ സ്കൂള്‍ പ്രവേശന വിളംബരം പുറപ്പെടുവിച്ചു. സവര്‍ണ വിഭാഗക്കാര്‍ ഇതിനെ എതിര്‍ത്തു. ഈ നിലപാടിനെതിരെ പുല്ലാട് സ്കൂളില്‍ (ഇപ്പോഴത്തെ പത്തനംതിട്ട ജില്ല) പഞ്ചമി എന്ന പെണ്‍കുട്ടിയുമായി അദ്ദേഹം എത്തുകയും യാഥാസ്ഥിതികരായ പ്രമാണിമാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അതു ലഹളയായി രൂപാന്തരം പ്രാപിക്കുകയുമാണുണ്ടായത്. ഈ സംഭവം ”പുല്ലാട് ലഹള” എന്ന് അറിയപ്പെടുന്നു. പ്രമാണിമാര്‍ സ്കൂള്‍ തീയിട്ടു നശിപ്പിച്ചു. 1909ല്‍ സര്‍ക്കാര്‍ പൊതുസ്കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വീണ്ടും ഇറക്കിയെങ്കിലും സ്വീകരിക്കപ്പെടായ്കയാല്‍ 1914ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന തരിശിടല്‍ കാര്‍ഷിക പണിമുടക്കു വേണ്ടിവന്നു അംഗീകാരം നേടാന്‍. രാജ്യത്തെ ആദ്യ കര്‍ഷക സമരമായിരുന്നു അത്. സമരനായകന് മഹാത്മാ അയ്യന്‍കാളി. എന്നാല്‍, ഇഎംഎസിന്റെ കേരള ചരിത്ര പുസ്തകത്തില്‍ അയ്യന്‍കാളിയെപ്പറ്റി ഒരു പരാമര്‍ശം പോലുമില്ല. ഈ തിരസ്കരണത്തിന്റെ അര്‍ത്ഥം മറ്റൊന്നല്ല.
1914ലെ കാര്‍ഷിക പണിമുടക്കിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശം മാത്രമല്ല നേടിയെടുത്തത്. ജോലി ചെയ്യുന്നതിന് കൃത്യമായ സമയവും അര്‍ഹമായ കൂലിയും ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ വിശ്രമവും സ്ത്രീകള്‍ക്കു മാറുമറയ്ക്കുന്നതിനുള്ള അവകാശവും, കല്ലയും മാലയുമെന്ന അയിത്താചരണ ചിഹ്നം ധരിക്കേണ്ടതില്ല എന്ന സ്വാതന്ത്ര്യവും ഞായറാഴ്ച അവധിയും അന്ന് അംഗീകരിക്കപ്പെട്ടു. പെരുനാട്ടു കലാപം അടിമത്തത്തിന്റെ പ്രതീകമായ കല്ലയും മാലയും (കൈത ഓലയുണക്കിയെടുത്ത് ചുരുട്ടി ഉണ്ടാക്കിയെടുക്കുന്ന കര്‍ണാഭരണവും കല്ലുകൊണ്ടും പളുങ്കുകൊണ്ടും കോര്‍ത്തെടുക്കുന്ന മാലയും)ബഹിഷ്കരണ സമരം, നെടുമങ്ങാട്ടു കലാപം, നെടുമങ്ങാട്ട് ചന്തയില്‍ പ്രവേശിക്കുന്നതിനുള്ള സമരം, ആറാലംമൂട് ലഹള, പുല്ലാട്ടു ലഹള, വിദ്യാഭ്യാസം സ്ഥാപിച്ചെടുക്കുന്നതിനുള്ള സമരം ഒക്കെ വിജയത്തില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. 1912ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. മതപരിവര്‍ത്തനത്തിനെതിരേ കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പൈതൃകത്തില്‍ നിന്നും പാരമ്പര്യത്തില്‍നിന്നും മാറി മതപരിവര്‍ത്തനം നടത്തുന്ന തന്റെ സമുദായക്കാരെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. ബലം പ്രയോഗിച്ചും പ്രീണിപ്പിച്ചുമുള്ള മതപരിവര്‍ത്തനത്തിനെതിരേ സര്‍ക്കാരിന് പരാതി നല്കി. അയിത്തം യാതൊരു ദൈവവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല എന്നും അയിത്താചാരം ഹിന്ദുമതത്തില്‍നിന്നു മാറ്റപ്പെടണമെന്നും അദ്ദേഹം വാദിച്ചു.
അയ്യന്‍കാളി നിരീശ്വരവാദിയായിരുന്നെന്നും ഹിന്ദു ആയിരുന്നില്ല എന്നും ഒരു പ്രചാരണമുണ്ട്. 1923ലെ പ്രജാസഭയിലെ പ്രസംഗത്തില്‍ തങ്ങള്‍ക്ക് ആരാധിക്കാന്‍ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചു തരണം എന്ന് ആവശ്യപ്പെട്ടു. സര്‍ക്കാരിന് ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല എന്നാണ് മറുപടി ലഭിച്ചത്. കുപ്രചാരണക്കാര്‍ ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. തലപ്പാവും കുങ്കുമ പൊട്ടും അണിഞ്ഞിരുന്നു ദേവീഭക്തനായ അയ്യന്‍കാളി. 1912 മുതല്‍ 1933 വരെ നിയമസഭാ അംഗമായി പ്രവര്‍ത്തിച്ചു. 1941 ജൂണ്‍ 18ന്, നവോത്ഥാന നായകരില്‍ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന ആ മഹാവിപ്ലവകാരി ലോകത്തോടു വിട പറഞ്ഞു.
മഹാത്മാ അയ്യന്‍കാളിയും ശ്രീനാരായണഗുരുദേവനും, ചട്ടമ്പി സ്വാമികളും ഒക്കെ ആഗ്രഹിച്ച കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ ജാതി-ഉപജാതി ചിന്തയും, വിഭാഗീയതയും വെടിഞ്ഞ് ഒരൊറ്റ മതമായി രൂപപ്പെടാന്‍ കഴിഞ്ഞാല്‍ ഇന്ന് ഉയര്‍ന്നിട്ടുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് കഴിയും. അതിന് ഗുരുത്രയങ്ങള് നമ്മെ അനുഗ്രഹിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: