ന്യൂദല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ ട്വിറ്റര്‍ ഇന്ത്യ മേധാവിയെ ദല്‍ഹി പൊലീസ് കഴിഞ്ഞമാസം ചോദ്യം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മെയ് 31ന് ബംഗളൂരുവില്‍വച്ച് ഇന്ത്യയിലെ ട്വിറ്ററിന്റെ മനേജിംഗ് ഡയറക്ടര്‍ മനിഷ് മഹേശ്വരിയെ ദല്‍ഹി പൊലീസ് പ്രത്യേക സെല്‍ ആണ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്. ബിജെപി വക്താവ് സമ്പിത് പത്രയുടെ കോണ്‍ഗ്രസ് ടൂള്‍ കിറ്റിനെക്കുറിച്ചുള്ള ട്വീറ്റിന് ട്വിറ്റര്‍ ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന് അടയാളപ്പെടുത്തിയതില്‍ രണ്ടു നോട്ടിസ് നല്‍കുകയും പിന്നാലെ സമൂഹമാധ്യമത്തിന്റെ ദല്‍ഹിയിലെയും ഗുര്‍ഗാവോണിലെയും ഓഫിസുകള്‍ ദല്‍ഹി പൊലീസ് സംഘം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷം ഒരാഴ്ച പിന്നിട്ടപ്പോഴാണ് ചോദ്യം ചെയ്യല്‍ നടന്നത്. മനേജിംഗ് ഡയറക്ടറുടെ മറുപടികള്‍ അവ്യക്തമെന്ന് കണ്ടെത്തിയതോടെ മൂന്നാമത്തെ നോട്ടിസ് നല്‍കാനാണ് ട്വിറ്റര്‍ ഇന്ത്യയുടെ ഓഫിസില്‍ എത്തിയെന്ന് പൊലീസ് അറിയിച്ചു. ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന് ടാഗ് ചെയ്തത് എന്തിനെന്ന് വിശദീകരണക്കണമെന്നായിരുന്നു മൂന്നാമത്തെ നോട്ടിസിലും ആവശ്യപ്പെട്ടത്. കോവിഡ് കൈകാര്യം ചെയ്തതു കാട്ടി മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് ടൂള്‍കിറ്റ് എന്ന് വിളിക്കുന്ന രേഖയുടെ സ്ക്രീന്‍ഷോട്ട് ആണ് സമ്പിത് പത്ര ട്വീറ്റ് ചെയ്തത്.
തുടർന്ന് രേഖ വ്യാജമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ട്വിറ്ററിനോട് നടപടി ആവശ്യപ്പെപ്പെട്ടതോടെ ‘മാനിപ്പുലേറ്റഡ് മീഡിയ’ എന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തി. മൂന്നാമത്തെ നോട്ടിസ് നല്കി ഏഴു ദിവസത്തിനുശേഷം പൊലീസ് ബംഗളൂരുവിലെത്തി മഹേശ്വരിയെ ചോദ്യം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: