കൊല്ലം : പത്തനാപുരം പാടം ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയിലെന്ന് പോലീസ്. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ട്രിച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ വിറ്റത് ആര്‍ക്കാണെന്ന് കണ്ടെത്താനായിട്ടില്ല.
പാടത്തു നിന്നും ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്കൊപ്പം ഡിറ്റണേറ്ററുകള്‍ കൂടി കണ്ടെത്തിയിരുന്നു. നോണ്‍ ഇലക്ട്രിക് വിഭാഗത്തില്‍ പെട്ട ഡിറ്റണേറ്ററുകളാണ് ഇവ. എന്നാല്‍ സ്ഫോടനശേഷി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബോംബ് നിര്‍മാണം പഠിപ്പിക്കുന്നതിനാണ് ഇവ ഉപയോഗിച്ചിരുന്നതെന്നും സംശയിക്കുന്നുണ്ട്.
പ്രദേശത്ത് ഭീകര ക്യാമ്പ് മാതൃകയില്‍ ആയുധ പരിശീലനം നടത്തിയതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ തമിഴ്നാട് ക്യൂ ബ്രാഞ്ചും കേന്ദ്ര ഏജന്‍സികളുമാണ് ഈ സംശയം പങ്കുവെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പിടിയിലായ യുവാക്കള്‍ പാടത്ത് ആയുധ പരിശീലനം നേടിയതാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലയാളികളെ കൂടാതെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളും പ്രദേശെത്തി ആയുധ പരിശീലനം നേടിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
അതേസമയം പ്രദേശത്ത് നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ചിട്ട് മൂന്ന് ആഴ്ചയെങ്കിലും ആയെന്നാണ് നിഗമനം. പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയിരുന്നു. ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് പ്രദേശത്തു നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: