രാജ്യദ്രോഹക്കുറ്റത്തിന് ലക്ഷദ്വീപ് പോലീസ് കേസെടുത്തിരിക്കുന്ന സിനിമാതാരം ഐഷ സുല്‍ത്താനയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തുവന്നിട്ടുള്ളത് അത്യന്തം പ്രകോപനപരമാണ്. ഐഷയെ ഫോണില്‍ വിളിച്ച മന്ത്രി, തങ്ങളെല്ലാം കൂടെയുണ്ടെന്ന് പറയുകയും, മുഖ്യമന്ത്രിയെ വന്നു കാണാന്‍ ആവശ്യപ്പെടുകയും ചെയ്തത് അസാധാരണമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തില്‍ കഴിയുന്ന ഐഷ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ നടത്തിയ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ അവര്‍ക്കെതിരായ നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നു. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജൈവായുധം പ്രയോഗിച്ചിരിക്കുകയാണെന്നും, അവിടെ കൊവിഡ് വരാനുള്ള കാരണം ഇതാണെന്നുമാണ് ഐഷ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇത് ദേശവിരുദ്ധ പരാമര്‍ശമാണെന്നും, പിന്‍വലിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടിട്ടും ഐഷ അതിന് തയ്യാറായില്ല. എന്താണ് പറയുന്നതെന്ന് തനിക്ക് നന്നായി അറിയാമെന്നും, അതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ആവര്‍ത്തിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ലക്ഷദ്വീപിലെ ഒരു ബിജെപി നേതാവിന്റെ പരാതിയില്‍ ഐഷയ്ക്കെതിരെ കേസെടുത്തത്. ഈ മാസം ഇരുപതിന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ലക്ഷദ്വീപ് പോലീസ് ആവശ്യപ്പെട്ടിരിക്കെയാണ് ഐഷയ്ക്ക് മന്ത്രി ശിവന്‍കുട്ടി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യം നിയമനടപടി ഭയന്ന് ഐഷ പിന്നീട് നിഷേധിക്കുകയുണ്ടായി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും, ജൈവായുധമെന്ന് താന്‍ ഉദ്ദേശിച്ചത് അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ പട്ടേലിനെക്കുറിച്ചായിരുന്നു എന്നുമാണ് ഐഷ മാറ്റിപ്പറഞ്ഞത്. ഇത് പൂര്‍ണമായും അസത്യമാണെന്ന് ചാനല്‍ ചര്‍ച്ച കാണുന്ന ആര്‍ക്കും ബോധ്യമാകും. താന്‍ ചെയ്യുന്നത് രാജ്യദ്രോഹമാണെങ്കില്‍ അത് അങ്ങനെയാകട്ടെ എന്നായിരുന്നു അവരുടെ ഭാവം. പിടിയിലാകുമെന്നു വന്നപ്പോള്‍ രക്ഷപ്പെടാന്‍ അടവുനയം പ്രയോഗിക്കുകയാണ് ഐഷ ചെയ്തത്. രാജ്യദ്രോഹമാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അത് നിഷേധിക്കാന്‍ അവര്‍ തയ്യാറായത്. ഇത് ഒരു വിധത്തിലും അനുവദിക്കാനാവില്ല. രാജ്യത്തോട് വലിയ തെറ്റു ചെയ്തശേഷം സ്വയം കുറ്റവിമുക്തരാവാന്‍ കുറ്റാരോപിതര്‍ക്ക് കഴിയില്ല. നിയമം അത് അനുവദിക്കില്ല. സമാനമായ പ്രവൃത്തികള്‍ ചെയ്തതിന് രാജ്യത്ത് പലര്‍ക്കെതിരെയും കേസുണ്ട്. ചിലര്‍ വിചാരണത്തടവുകാരായി കഴിയുകയാണ്. നിയമത്തിന്റെ ഈ വ്യവസ്ഥകള്‍ ഐഷയ്ക്കും ബാധകമാണ്. ഇതിന് വിധേയയാകാതെ ചില മാധ്യമങ്ങളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയുമൊക്കെ പിന്തുണയോടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനാണ് ഐഷ ശ്രമിക്കുന്നത്. ഇതുവഴി സിനിമയ്ക്കു പുറത്ത് യഥാര്‍ത്ഥ ജീവിതത്തിലും താരമാവുകയും, ഇരയുടെ പരിവേഷം എടുത്തണിയുകയുമാണ് ഐഷയുടെ തന്ത്രം. ഇത് വിജയിക്കാന്‍ അനുവദിച്ചുകൂടാ.
ഐഷയെ തുറന്നു പിന്തുണച്ചുകൊണ്ടുള്ള മന്ത്രി ശിവന് കുട്ടിയുടെ നടപടി കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ മുഖ്യമന്ത്രിയും രാജ്യദ്രോഹത്തെ പിന്തുണയ്ക്കുന്നയാളാണെന്ന സൂചനയാണ് ശിവന്‍കുട്ടി നല്‍കുന്നത്. തന്റെ അറിവോടെയാണോ ശിവന് കുട്ടി ഇങ്ങനെ പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. നിയമനടപടികള്‍ ഭയന്ന് ഐഷയെ പിന്തുണയ്ക്കാന്‍ ജിഹാദി ശക്തികള്‍ പോലും മടിച്ചു നില്‍ക്കുമ്പോഴാണ് രാജ്യദ്രോഹക്കുറ്റത്തിന് കുടപിടിക്കുന്ന നടപടി മന്ത്രി ശിവന്‍കുട്ടിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഐഷയെ പിന്തുണച്ചു മന്ത്രി പറയുന്ന വാക്കുകള്‍ അവര്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളെപ്പോലെ ഗുരുതരമാണ്. നിയമവാഴ്ചയില്‍ വിശ്വാസമുള്ളയാളല്ല താനെന്ന് മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ത്തന്നെ തെളിയിച്ചിട്ടുള്ളതാണല്ലോ. ജിഹാദി ശക്തികളുടെ പിന്തുണയോടെയാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതെന്ന് മനസ്സിലാക്കി മതധ്രുവീകരണത്തിന് ആക്കം കൂട്ടാനുള്ള ശ്രമമാണ് മന്ത്രി ഇപ്പോള്‍ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ മതപരമായ വിഭജനമുണ്ടാക്കി കൂടുതല്‍ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കമായെ ഇതിനെ കാണാനാവൂ. ഭരണാധികാരിയെന്ന നിലയ്ക്ക് നിയമവാഴ്ചയെ അംഗീകരിച്ചും അനുസരിച്ചും മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട മന്ത്രി ഇതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. ‘പഞ്ചാബ് മോഡല്‍’ പ്രസംഗം നടത്തിയതിന് ഒരു മന്ത്രിയ്ക്ക് രാജിവയ്ക്കേണ്ടിവന്നിട്ടുള്ള നാടാണ് കേരളം. ഇതിനിടയാക്കിയ പ്രസംഗത്തെക്കാള്‍ ഗുരുതരമായ ചെയ്തിയാണ് ശിവന്‍കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ നിയമങ്ങള്‍ ഇതിനെതിരാണെന്ന് ഈ മന്ത്രിയെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം ഏതൊരു പൗരനുമുണ്ട്. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: