ഓര്‍മ്മയുണ്ടല്ലോ ആര്. ബാലകൃഷ്ണപിള്ളയുടെ അനുഭവം. കെ. കരുണാകരന് മന്ത്രിസഭയില്‍ അംഗമായിരുന്ന് വൈദ്യുതിവകുപ്പ് ഭരിക്കുന്ന കാലം. പ്രായം 51 മാത്രമേയുള്ളൂ. കേരളമെന്ന് കേട്ടാല്‍ ചോര തിളക്കുന്നകാലം. കേരളത്തിന് അര്‍ഹതപ്പെട്ടത് കൈവിട്ടുപോയി എന്ന് കേട്ടപ്പോള്‍ പിള്ളസാര്‍ ഞെട്ടി. അങ്ങിനെയാണ് 1985 മെയ് 25 ന് പാര്‍ട്ടി സമ്മേളനത്തില്‍ നടത്തിയ പ്രസംഗം വിവാദമായത്. വിവാദം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണല്ലോ. പഞ്ചാബ് മോഡല്‍ പ്രസംഗംഅതാണ് വിഷയം.
‘കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും സംഭവിക്കണം, അതിനു ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണ’മെന്നായിരുന്നു പിള്ള ആഹ്വാനം ചെയ്തത്. കേരളത്തിന് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് മാറ്റിയതിലുള്ള അരിശമായിരുന്നു പിള്ളയ്ക്ക്. പഞ്ചാബില്‍ വിഘടനവാദം ആളിക്കത്തുന്ന സമയമായിരുന്നതിനാല്‍ പ്രസംഗം രാജ്യദ്രോഹമായി. പ്രസംഗം വിവാദമായപ്പോള്‍ പിള്ള നിഷേധിച്ചു. ഇതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ആരോപണം. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പിള്ള പ്രസംഗിച്ചതുതന്നെയാണെന്ന് സ്ഥിരീകരിച്ച് പ്രസംഗ സ്ഥലത്തുണ്ടായിരുന്ന ഏഴു പത്രലേഖകര്‍ സംയുക്ത പ്രസ്താവന ഇറക്കിയത് മുഖ്യമന്ത്രി കരുണാകരന് ആയുധമായി. കേരള ഹൈക്കോടതിയും അത് കണക്കിലെടുത്തു. ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിപദവി ഒഴിയേണ്ടിയും വന്നു.
കള്ളനും കളവിന് കൂട്ടുനിന്നവനും ശിക്ഷിക്കപ്പെടണമെന്നത് പൊതുതത്വമാണ്. അങ്ങിനെയാണെങ്കില്‍ രാജ്യദ്രോഹപരാമര്ശത്തിന് നിയമനടപടി സ്വീകരിക്കുന്ന വക്കിലെത്തിയ മഹതിയെ ഒരു മന്ത്രി ന്യായീകരിക്കുന്നത് കുറ്റകരമല്ല.
ലക്ഷദ്വീപില്‍ മലയാളികളാണധികവും എന്നത് നേരാണ്. പക്ഷേ അത് കേരളത്തിന്റെ ഭാഗമല്ല. കേന്ദ്രസര്‍ക്കാരിന്റെ അധീനതയില്‍പ്പെട്ട പ്രദേശമാണ്. ലക്ഷദ്വീപിന്റെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് നിയമം കൊണ്ടുവരാനും നടപ്പാക്കാനുമുള്ള പൂര്‍ണ അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണ്. അതിനായി നിയോഗിക്കപ്പെടുന്ന ഭരണാധികാരിയെ വിമര്‍ശിക്കാനോ ഭീഷണിപ്പെടുത്താനോ ആര്‍ക്കും അവകാശമില്ല.
ലക്ഷദീപിന്റെ പേരില്‍ ഇപ്പോള്‍ ലക്ഷദ്വീപിലല്ല കേരളത്തിലാണ് കോലാഹലം. അവിടുത്തുകാരി സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന ലക്ഷദ്വീപ് ഭരണത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചത് സകലമര്യാദകളെയും ലംഘിക്കുന്നതും രാജ്യദ്രോഹപരവുമാണ്.
ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന നടത്തിയ രാജ്യദ്രോഹ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് നല്കിയ ഹര്‍ജിയില്‍ അവര്‍ പ്രതിപ്പട്ടികയിലാണിന്ന്. രാജ്യദ്രോഹ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അങ്ങനെ തന്നെ പറയുമെന്നു പറഞ്ഞ് അവര്‍ ആവര്‍ത്തിക്കുകയായിരുന്നു.
കൊവിഡിനെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ജൈവായുധമായി ഉപയോഗിക്കുകയാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ചൈന മറ്റുരാജ്യങ്ങള്‍ക്ക് മേല്പ്രയോഗിച്ച ജൈവായുധമാണ് കൊവിഡ് എന്ന് പറയുന്നതുപോലെയാണിതെന്നും ഐഷ ചാനലില്‍ പറഞ്ഞു. ‘ലക്ഷദ്വീപില്‍ പ്രയോഗിച്ചിരിക്കുന്നത് ബയോ വെപ്പണാണ്, എനിക്ക് കൃത്യമായി പറയാന്‍ പറ്റും, കേന്ദ്രം വളരെ വ്യക്തമായി പ്രയോഗിച്ചതാണ് ബയോ വെപ്പണ്‍. കൊവിഡ് ഇല്ലാത്ത സ്ഥലത്തേക്ക് കൊവിഡ് കുത്തിവയ്ക്കാന്‍ ശ്രമിച്ചെങ്കില്‍ അതിനര്‍ഥം ബയോ വെപ്പണ്‍ ഉപയോഗിച്ചുവെന്നാണ്’. ഇതിനെയാണ് മന്ത്രി വി. ശിവന്‍കുട്ടി അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്.
മന്ത്രി ശിവന്‍കുട്ടി അവരെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് സത്യപ്രതിജ്ഞാ ലംഘനം വരെ ഉള്ള അഭിപ്രായ പ്രകടനം നടത്തിയത്. ശിവന്‍കുട്ടി അവരോട് ഫോണില്‍ പറയുന്നത് ഇങ്ങനെ: ‘ശിവന്‍കുട്ടിയാണ്, വിവരങ്ങള്‍ എല്ലാം അറിയുന്നുണ്ട്, വല്ലാത്ത അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. ലോകത്ത് ഒരിടത്തും കാണാത്ത നടപടിക്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതി. ജനാധിപത്യത്തെയും ഭരണഘടനയെയും കശാപ്പ് ചെയ്യാനുമാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. അത് നടപ്പാക്കാന്‍ എന്തും ചെയ്യും എന്ന മട്ടിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. പൗരത്വ നിയമം, കശ്മീര്‍ പ്രശ്നം, ലക്ഷദ്വീപ്, എല്ലായിടത്തും സംഭവിക്കുന്നത് അതാണ്. കൊവിഡ് കാലത്ത് പോലും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു. വാക്സിന് കാര്യത്തില്‍ പോലും അതാണ് കാണുന്നത്. ധൈര്യമായി ഇരിക്കൂ, ഞങ്ങളെല്ലാം കൂടെയുണ്ട്. നിയമസഭ, പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രമേയം പാസാക്കിയതല്ലേ, മുഖ്യമന്ത്രിയെ വന്നു കാണൂ, അപ്പോള്‍ ഞാനും കാണാം.’
ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശത്തെ കടത്തിവെട്ടുന്നതാണ് കേരളത്തിലെ ഒരു മന്ത്രിയായ ശിവന്‍കുട്ടി നടത്തിയ അഭിപ്രായം തന്റെ അധികാരപരിധിയിലല്ലാത്ത പ്രശ്നത്തില്‍ അധിക പ്രസംഗം നടത്താന്‍ മന്ത്രിക്ക് അവകാശമുണ്ടോ? തറവാട്ടില്‍ കാരണവര്‍ക്ക് അടുപ്പിലുമാകാം എന്ന ന്യായമുണ്ട്. ശിവന്‍കുട്ടി കാരണവരായോ? കേരളത്തിലെ പ്രതിപക്ഷത്തിനെന്താ നാവിറങ്ങിപ്പോയോ? ഭരണപക്ഷ പ്രമേയത്തിന് കയ്യടിച്ച് പിന്തുണനല്കിയ പ്രതിപക്ഷം മന്ത്രിയുടെ സ്ഥാനവും തലയും മറന്നുള്ളകളിയേയും പ്രോത്സാഹിപ്പിക്കുകയാണോ? പ്രതിസ്ഥാനത്ത് സുല്ത്താനയായതാണോ ഇവിടെ വായടിപ്പിക്കുന്നത്. ജനങ്ങളോടത് പറയുകതന്നെ വേണ്ടിവരില്ലെ? ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കാത്ത സൗജന്യം ശിവന്‍കുട്ടിക്ക് നല്‍കുകയോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: