ന്യൂദല്‍ഹി : വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്ക് ശേഷം കടല്‍ക്കൊലക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുന്നതായി സുപ്രീംകോടി ഇന്ന് ഉത്തരവും ഇറക്കി. ഒമ്പത് വര്‍ഷത്തെ നിയമ നടപടികള്‍ക്ക ശേഷമാണ് കേസ് അവസാനിപ്പിക്കുന്നത്.
ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനായി നേരത്തെ 10 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഈ തുക കേരള ഹൈക്കോടതിക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നല്‍കാനാണ് തീരുമാനം. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയില്‍ കേസ് അവസാനിപ്പിച്ചാലും നാവികര്‍ക്കെതിരെ ഇറ്റലി നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരം വേണമെന്നതിനെ എതിര്‍ക്കുന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീംകോടതി കേസ് അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.
2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിക്കാണ് സെന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എന്റിക്ക ലെക്സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ഒരു മുന്നറിയിപ്പുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ നാവികസേന അടുത്ത ദിവസം കപ്പലിനെ കണ്ടെത്തുകയും വെടിവച്ച സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നീ നാവികരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: