പള്ളുരുത്തി: ശ്രീഭവാനീശ്വരമഹാക്ഷേത്ര കവാടത്തില്‍ സ്ഥാപിച്ച ശിവപാര്‍വ്വതി മണ്ഡപത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ മണ്ഡപത്തിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. ശക്തിയുള്ള ഉപകരണം ഉപയോഗിച്ച് തകര്‍ത്തതാണെന്നാണ് പ്രാഥമിക നിഗമനം. മണ്ഡപം സ്ഥിതി ചെയ്യുന്നിടത്തിന് വടക്ക് മാറി എന്‍ എസ് ബ്ലോക്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ടൂറിസ്റ്റ് ബസിന്റെ പിന്‍വശത്തെ ചില്ലും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
ഈ ബസിന്റെ ഉള്ളില്‍ നിന്ന് ഒരു ഇരുമ്പ് ഹാമര്‍ കിട്ടിയതായി പോലീസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ പ്രഭാത സവാരി നടത്തുന്നവരാണ് മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ത്തത് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മട്ടാഞ്ചേരി അസി. കമ്മീഷണര്‍ ജി. ഡി. വിജയകുമാര്‍, പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധനക്കായി എടുത്തിട്ടുണ്ട്. ശിവപാര്‍വ്വതി മണ്ഡപത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. എംഎല്‍എമാരായ കെ. ജെ. മാക്സി, കെ. ബാബു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സമിതിയംഗം വി. കെ. സുദേവന്, മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന് തുണ്ടത്തില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. കെ. മേഘനാഥന്, ജനറല്‍ സെക്രട്ടറിമാരായ നവീന്‍ ശിവന്, രാഗേഷ് കുമാര്‍, അഖില്‍, വൈ. പ്രസിഡന്റ് എം. എസ് . വിനോദ്കുമാര്‍, സെക്രട്ടറി കെ. കെ. റോഷന്‍കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡപത്തിന് മുന്നില്‍ പ്രതിഷേധം നടന്നു. ടി. പി. പത്മനാഭന് , പി. പി. മനോജ്, കെ. രവികുമാര്‍ ,രാഗിണി തുളസിദാസ്, സംഗീത്, കെ. കെ. മഹേന്ദ്രകുമാര്‍ എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: