കൊല്ലം: സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ നല്‍കിവന്ന ചെറുകിട വിതരണക്കാരും സംരംഭകരും പ്രതിസന്ധിയില്‍. കൊവിഡ് വ്യാപനത്തോടെ വില്‍പ്പന കുറഞ്ഞതും ചിലവ് വര്‍ധിച്ചതും കാരണം ഈ മേഖല വിടാനുള്ള തീരുമാനത്തിലാണ് ഭൂരിഭാഗവും.
സംസ്ഥാനത്തെ പല ഡിപ്പോകളിലും സാധനങ്ങള്‍ വിതരണം ചെയ്തതിന്റെ തുക ഇവര്‍ക്ക് കുടിശിക ലഭിക്കാനുണ്ട്. ആയിരത്തിലധികം ചെറുകിട സംരംഭകര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് ലോണെടുത്തും സംരംഭങ്ങള്‍ ആരംഭിച്ചവര്‍ തിരിച്ചടവ് മുടങ്ങി ജപ്തിഭീഷണിയിലാണ്. ചെറുകിട സംരംഭകരെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുമുണ്ട്. സാമ്പത്തിക പ്രശ്നം രൂക്ഷമായതോടെ ഈ മേഖല വിട്ടവരുമുണ്ട്.
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് നല്കാന് തുടങ്ങിയതോടെ സപ്ലൈകോ ഔട്ട്ലെറ്റുകളില് നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരുെട എണ്ണം ഗണ്യമായി കുറഞ്ഞു. മിക്കയിടത്തും ചെറുകിട സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ വിറ്റുപോകാതായി. വളരെ കുറഞ്ഞ ലാഭവിഹിതം നല്‍കിയാണ് ചെറുകിട വിതരണക്കാരില്‍ നിന്ന് സപ്ലൈക്കോ സാധനങ്ങള്‍ ശേഖരിക്കുന്നത്. സപ്ലൈകോ ഔട്ട്ലെറ്റുകളില് നേരിട്ടാണ് ഇവര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. വിതരണക്കാരുടെ രണ്ട് ജീവനക്കാരെയും സപ്ലൈക്കോ ഔട്ട് ലെറ്റുകളില്‍ നിര്‍ത്താറുണ്ട്. ഇത്തരത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്കും ഔട്ട്ലെറ്റുകളില് നിര്‍ത്തുന്ന ജീവനക്കാര്‍ക്കും ശമ്പളം നല്കാന് കഴിയാത്ത അവസ്ഥയാണ്.
ചെറുകിട സംരംഭകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിലൂടെ സപ്ലൈക്കോയ്ക്ക് കൂടുതല്‍ ലാഭം ലഭിക്കുന്നുണ്ട്. മാത്രമല്ല ഡിപ്പോകളില്‍ നിന്ന് ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനും സപ്ലൈക്കോയ്ക്ക് ചിലവ് വരുന്നില്ല. സംസ്ഥാനത്തെ 54 ഡിപ്പോകളില്‍ 25 ഇടത്തുനിന്നും വിതരണക്കാര്‍ക്ക് കോടികള്‍ കുടിശ്ശിക നല്‍കാനുണ്ട്. ഒന്നര മുതല്‍ ഏഴുലക്ഷം രൂപയോളം പ്രതിമാസം ഓരോ വിതരണക്കാര്‍ക്കും ചില ഡിപ്പോകളില്‍ നിന്ന് നല്‍കാനുണ്ട്. കൊവിഡ് പ്രതിസന്ധിയുണ്ടായിട്ടും ബാങ്ക് ലോണ്‍ തിരിച്ചടവുകളുടെ കാര്യത്തില്‍ ഇളവുകളും ലഭിച്ചില്ല. സര്‍ക്കാരിലേക്കുള്ള നികുതികളും ലൈസന്‍സ് ഫീസുകളും രജിസ്ട്രേഷന്ഫീസുകളും കൃത്യമായി അടക്കുകയും വേണം. സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ കൊവിഡ് സഹായവും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: