ഈ വര്‍ഷത്തെ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചവരില്‍ ഇന്ത്യക്കാരിയായ മേഘാ രാജഗോപാലനും ഉള്‍പ്പെടുന്നു എന്നത് അത്ര വലിയ ഒരു വാര്‍ത്തയല്ല. മാധ്യമപ്രവര്‍ത്തനത്തിനാണ് ഈ അംഗീകാരമെന്നതിലും പുതുമയില്ല. കാരണം പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരുണ്ട്. കഴിഞ്ഞ വര്‍ഷവും ഇന്ത്യക്കാരായ മൂന്ന് ന്യൂസ്ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിറ്റ്സര്‍ ലഭിച്ചതാണ്. ഇവരില്‍നിന്നൊക്കെ മേഘയെ വ്യത്യസ്തയാക്കുന്ന ഒരു ഘടകമുണ്ട്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യമായ ചൈന ഇപ്പോഴും അംഗീകരിക്കാത്ത, ലോകത്തിനു മുന്നില്‍നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം ആധികാരികമായി വെളിപ്പെടുത്തിയതിനാണ് മാധ്യമപ്രവര്‍ത്തകയായ മേഘാ രാജഗോപാലന്‍ ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വിഭാഗത്തില്‍പ്പെടുന്ന മുസ്ലിങ്ങളെ ചൈന ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് മേഘ പുറംലോകത്തെ അറിയിച്ചത്. തീര്‍ച്ചയായും ലോകത്ത് വളരെക്കുറച്ച് പേര്‍ക്കു മാത്രം അവകാശപ്പെടാനാവുന്ന അങ്ങേയറ്റം സാഹസികമായ ഒരു നേട്ടമാണ് മേഘ കൈവരിച്ചിട്ടുള്ളത്. ആ നിലയ്ക്ക് പുലിറ്റ്സര്‍ പുരസ്കാരം അര്‍ഹിക്കുന്ന അംഗീകാരമാണ്.
ബസ്ഫീഡ് ന്യൂസ് എന്ന മാധ്യമത്തിന്റെ ലേഖികയായ മേഘാ രാജഗോപാലന്‍ 2017 ലാണ് ഉയ്ഗൂര്‍ മുസ്ലിങ്ങളെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും പാര്‍പ്പിച്ചിരിക്കുന്ന ചൈനയിലെ തടങ്കല്‍പ്പാളയം സന്ദര്‍ശിക്കുന്നത്. ഇങ്ങനെയൊരു തടങ്കല്‍പ്പാളയം ഇല്ലെന്ന് ചൈന നിരന്തരം പറയുന്ന കാലമായിരുന്നു അത്. മേഘയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ചൈന അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇതേത്തുടര്‍ന്ന് അയല്‍രാജ്യമായ കസാഖ്സ്ഥാന് സന്ദര്‍ശിച്ച് അവിടങ്ങളില്‍ അഭയം തേടിയിരിക്കുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങളെ നേരില്‍ കണ്ട് സംസാരിച്ചാണ് മേഘ അടിച്ചമര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സിന്‍ജിയാങ്ങില്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി 250 തടങ്കല്‍പ്പാളയങ്ങള്‍ ഉള്ളതായി മേഘ കണ്ടെത്തി. ഉയ്ഗൂര്‍ മുസ്ലിങ്ങളും കസാഖുകളുമടങ്ങുന്ന ദശലക്ഷത്തോളമാളുകളെ ഇവിടങ്ങളില്‍ പാര്‍പ്പിച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്കും വംശീയ ഉന്മൂലനങ്ങള്ക്കും ഇരയാക്കുകയാണെന്ന വിവരം മേഘയുടെ റിപ്പോര്‍ട്ടുകളിലൂടെ ലോകം നടുക്കത്തോടെയാണ് അറിഞ്ഞത്. പള്ളികള്‍ തകര്‍ത്ത് ആരാധിക്കാനുള്ള അവകാശം നിഷേധിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയവയിലൂടെയാണ് ചൈനീസ് ഭരണകൂടം വംശീയ ഉന്മൂലനം പ്രാവര്‍ത്തികമാക്കുന്നത്.
മനുഷ്യരാശിയുടെ ശത്രുക്കളായ കൊടും ഭീകരരെ പാര്‍പ്പിക്കുന്ന ഗ്വാണ്ടനാമോ തടവറകളെക്കുറിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേരില്‍ നിരന്തരം ആശങ്കപ്പെടുന്നവര്‍ കമ്മ്യൂണിസ്റ്റ് ചൈന മുസ്ലിങ്ങളെ സംഘടിതമായി ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് മൗനത്തിലാണ്. പൗരത്വ നിയമഭേദഗതിയുടെയും, കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെയും പശ്ചാത്തലത്തില്‍ ഇല്ലാത്ത മുസ്ലിം അടിച്ചമര്‍ത്തലിനെക്കുറിച്ച് മുറവിളി കൂട്ടിയവര്‍ ചൈന മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കണ്ടില്ലെന്ന് നടിച്ചു. അതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയാതിരിക്കാനും ശ്രദ്ധിച്ചു. കേരളത്തിലും മറ്റും മുസ്ലിങ്ങളുടെ രക്ഷകര്‍ ചമയുന്നവരാണ് ഇടതുപാര്‍ട്ടികള്‍. തങ്ങള്‍ ആദര്‍ശ ഭരണ വ്യവസ്ഥിതിയായി കാണുന്ന ചൈനയില്‍ മുസ്ലിങ്ങളെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന വസ്തുതയ്ക്കുനേരെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഏറ്റവുമൊടുവില്‍ ലക്ഷദ്വീപില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതിനെ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതായി ചിത്രീകരിച്ച് നിയമസഭയില്‍പ്പോലും പ്രമേയം അവതരിപ്പിച്ചവരാണ് ചൈനയുടെ കാര്യം വരുമ്പോള്‍ കൊടും കാപട്യം കൊണ്ടുനടക്കുന്നത്. ഇടതുപക്ഷത്തെ രക്ഷകരായി കാണുന്ന ഇസ്ലാമിക വക്താക്കള്‍ക്ക് ചൈനയില്‍ മതപരമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലിങ്ങളുടെ ദുഃഖം ഒരു പ്രശ്നമേയല്ല. മേഘാ രാജഗോപാലന്‍ ലഭിച്ച പുലിറ്റ്സര്‍ പുരസ്കാരം ഇത്തരം അപ്രിയസത്യങ്ങളെക്കുറിച്ചും അസുഖകര യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: