കൊല്ലം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അടച്ചിട്ടിരിക്കുന്ന വാടക സ്ഥാപനങ്ങളില്‍ നിന്നും വാടക വാങ്ങിക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും കെട്ടിട, കട, വസ്തു ഉടമകള്‍ ഇപ്പോള്‍ വാടകയുടെ പേരില്‍ സ്ഥാപനം വാടകയ്ക്ക് എടുത്തവരെ മാനസികമായി പീഡിപ്പിക്കുന്നു.
ഒരുമാസമായി പൂര്‍ണമായി അടച്ചിട്ടിരിക്കുന്നതും ഒരു രൂപ പോലും വിറ്റുവരവില്ലാത്തതുമായ സ്ഥാപനം നടത്തുന്നവര്‍ സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യകിറ്റുകളും മറ്റും ഉപയോഗിച്ച് വിശപ്പകറ്റുമ്പോളാണ് വാടകയുടെ പേരിലുള്ള പീഡനം. വാടക നല്‍കിയില്ലെങ്കില്‍ കടകള്‍ക്കുമേല്‍ മറ്റു ലോക്കുകള്‍ ഇട്ടു പൂട്ടുമെന്നും സ്ഥാപനത്തിലെ സാധനങ്ങള്‍ എടുത്തു വില്‍ക്കുമെന്നും ഇല്ലെങ്കില്‍ സ്ഥാപനം ഒഴിയണമെന്നും പറഞ്ഞാണ് ഉടമകളുടെ ഭീഷണി. വാടകക്കാരുടെ വീടുകളിലും മറ്റും പോയിട്ടാണ് ഭീഷണി മുഴക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരെയാണ് ഇങ്ങനെ ഭീഷണിപെടുത്തുന്നത്. ലോണുകളെടുത്ത് കട നടത്തുന്നവരാണ് ഭൂരിപക്ഷവും. വാടകയുടെ പേരിലുള്ള പീഡനം കൂടിയാകുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നാണ് കടക്കാര് പറയുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.
വാടകവിഷയം മുന്‍സിഫ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പോലീസ് ഈ വിഷയത്തില്‍ ഇടപെടുന്നില്ല. കോടതി അവധി ആയതിനാല്‍ ആ വഴിയും അടഞ്ഞിരിക്കുകയാണ്. അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൊവിഡ് മരണത്തോടൊപ്പം വാടകയുടെ പേരിലുള്ള വാടകക്കാരുടെ ആത്മഹത്യയുമുണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: