തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്നും നാളേയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഈ രണ്ട് ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായി കര്‍ശ്ശന സുരക്ഷ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്ഡൗണിന് വെള്ളിയാഴ്ച ഇളവുകള്‍ നല്‍കിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് വ്യാഴാഴ്ച തന്നെ അധികൃതര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതാണ്. ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.
ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം.
ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും പുതിയ കോവിഡ് കേസുകളിലും കുറവുണ്ട്. ടിപിആര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 14,233 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 173 പേര് മരണമടഞ്ഞു. ആകെ മരണസംഖ്യ 10,804 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: