കോഴിക്കോട്: കൊവിഡിനെ നേരിടാന്‍ മണിക്കൂറുകളോളം പിപിഇ കിറ്റിനുള്ളില്‍ ജീവന് പണയം വച്ച് ഡ്യൂട്ടി എടുക്കുന്ന എന്‍എച്ച്എം(നാഷണല്‍ ഹെല്‍ത്ത് മിഷന്) നെഴ്സുമാര്‍ നേടുന്നത് കടുത്ത വിവേചനം. എന്‍എച്ച്എം നെഴ്സുമാര്‍ക്ക് ദിവസ വേതനം 565 രൂപ കണക്കില്‍ 17,000 രൂപയാണ് മാസശമ്പളം. കേരളത്തില്‍ പിഎസ്സി സ്റ്റാഫ് നെഴ്സിന്റെ ബേസിക്ക് സാലറി 39,500 രൂപയാണ്. എല്ലാ നെഴ്സുമാരും ചെയ്യുന്ന ജോലിയും എടുക്കുന്ന റിസ്ക്കും ഒരുപോലെ ആണെന്നിരിക്കെയാണ് ഈ വിവേചനം.
കേരളത്തില്‍ പല വിഭാഗങ്ങളിലായി ജോലി ചെയുന്ന എന്‍എച്ച്എം കൊവിഡ് ബ്രിഗേഡ്, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍, ആര്‍എസ്ബിവൈ, എച്ച്എംസി, ആഡ്ഹോക് എന്നിവരൊക്കെ എടുക്കുന്ന നഴ്സിങ് ഡ്യൂട്ടി സമാനമാണെങ്കിലും ഇവരുടെ സാലറി പലതാണ്. 2005യില്‍ എന്‍എച്ച്എം പദ്ധതി നിലവില്‍ വന്നത് മുതല്‍ സ്റ്റാഫ് നെഴ്സുമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം എന്നത് സര്‍ക്കാര്‍ സര്‍വീസിലെ സ്റ്റാഫ് നെഴ്സിന്റെ അടിസ്ഥാന ശമ്പളം ആയിരുന്നു. രോഗികളുമായി അടുത്ത് ഇടപെടുന്നത് നെഴ്സുമാര്‍ ആണെങ്കിലും റിസ്ക് അലവന്‍സ് ഏറ്റവും കുറവ് ലഭിക്കുന്നതും ഇവര്‍ക്കാണ്. എന്നാല്‍ ഒരേ ഡ്യൂട്ടി എടുക്കുന്ന നെഴ്സുമാരില്‍ തന്നെ ശമ്പളത്തിലെ ഏറ്റക്കുറച്ചില്‍ കാണിച്ചുകൊണ്ട് എന്‍എച്ച്എം ഓഫീസില്‍ അന്വേഷിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെയുള്ള പ്രതികരണം ഇന്നേവരെ ലഭിച്ചിട്ടില്ലെന്നാണ് നെഴ്സുമാര്‍ പറയുന്നത്.
അവധിയും പരിമിതം
ശമ്പളത്തിന് പുറമേ അവധിയുടെ കാര്യത്തിലും തണുപ്പന്‍ നയമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. എന്‍എച്ച്എം നെഴ്സുമാര്‍ക്ക് മാസത്തില്‍ നാല് അവധിയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് ഡ്യൂട്ടി കഴിഞ്ഞാല്‍ അവധി നല്‍കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അത്തരത്തിലുള്ള അവധികള്‍ പോലും നല്‍കുന്നില്ല എന്നതും ഇവരെ മാനസികമായി തളര്‍ത്തുകയാണ്. സര്‍ക്കാര്‍ സര്‍വീസിലെ സ്റ്റാഫ് നെഴ്സുമാര്‍ക്ക് മാസത്തില്‍ പത്തില്‍ കൂടുതല്‍ അവധി നല്കുമ്പോള് ഞായറാഴ്ചകളുടെ കണക്കിലാണ് എന്‍എച്ച്എം നെഴ്സുമാര്‍ക്ക് അവധി അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: