ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയം, പ്രത്യേകിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം വസ്തുതകള്‍ നിരത്തി അടിസ്ഥാനരഹിതമെന്ന് തെളിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വാക്സിനേഷന് കേന്ദ്രത്തിലെത്തുന്ന എല്ലാവര്ക്കും കുത്തിവയ്പ് ലഭിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ‘വാക്സിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് മതിയാകില്ല. പ്രതിരോധ കുത്തിവയ്പ് കേന്ദ്രത്തിലെത്തുന്ന എല്ലാവര്ക്കും വാക്സിന് ലഭിക്കണം. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തയാള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്’-വ്യാഴാഴ്ച രാവിലെ ഹിന്ദിയില്‍ ചെയ്ത ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2019-ല്‍ അമേഠിയില്‍ രാഹുലിനെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, രണ്ടു മണിക്കൂറിനുശേഷം തിരിച്ചടിച്ച് രംഗത്തെത്തി.
പതിനഞ്ചാം നൂറ്റാണ്ടിലെ കവി കബീര്‍ ദാസിന്റെ വരികൾ സ്മൃതി ഇറാനി മറുപടിയില്‍ ഉദ്ധരിച്ചു. ‘ബോയെ പെഡ് ബാബുല്‍ കാ, സൊ ആം കഹാ സെ ഹോയെ(അക്കേഷ്യ മരത്തിനായി വിത്ത് നട്ടാല്‍ അതില്‍നിന്ന് മാമ്പഴങ്ങള്‍ പ്രതീക്ഷിക്കരുത്)’. ‘മനസിലാക്കുന്നവര്‍ മനസിലാക്കണം. വോക്-ഇന്‍ രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. ആശയക്കുഴപ്പമുണ്ടാക്കരുത്, വാക്സിന് എടുക്കുക’- തത്സമയ രജിസ്ട്രേഷന്റെ വാര്‍ത്തകള്‍ക്കൊപ്പം സ്മൃതി ഇറാനി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഇന്റര്‍നെറ്റ് സൗകര്യമോ, സ്മാര്‍ട് ഫോണുകളോ ഇല്ലാത്ത 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം വിജ്ഞാപനം ഇറക്കിയിരുന്നു. നിര്‍ദേശിച്ച തീയതിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ എത്തിയില്ലെങ്കില്‍, ഇത് കുറച്ചുപേര്‍ക്ക് ഒരേദിവസം തന്നെ രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും അവസരമൊരുക്കും. ഇത് വാക്സിന് പാഴായി പോകുന്നത് കുറയ്ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: