തിരുവനന്തപുരം: വാക്സിന് ചലഞ്ചിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു പിരിച്ച തുകയ്ക്ക് കണക്കില്ല. വാക്സിന് ചലഞ്ചിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സിഎംഡിആര്‍എഫ്)യില്‍ പ്രത്യേകം ഹെഡില്‍ സൂക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നത്. എന്നാല്‍, ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റിലെ കണക്കുകളില്‍ വാക്സിന് ചലഞ്ച് എന്നൊരു ഹെഡ് പോലും ഇല്ല.
മുഖ്യമന്ത്രി വാക്സിന് ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ആടിനെ വിറ്റും ചെറുസമ്പാദ്യങ്ങള്‍ എടുത്തും പെന്ഷന് തുക നല്‍കിയും നിരവധിപേരാണ് പങ്കാളികളായത്. ഈ തുക പ്രത്യേകം അക്കൗണ്ട് ആയി സൂക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതും. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ‘കൊവിഡ് 19’, ‘ഫ്ളഡ് 2018,2019’ എന്നീ ഹെഡുകള്‍ മാത്രമാണുള്ളത്.
ഇതിലെ കൊവിഡ് 19 എന്ന ഹെഡില്‍ 27-03-2020 മുതല്‍ സംഭരിച്ചത് 695.79 കോടിയാണ്. പക്ഷെ 730.22 കോടി ചെലവാക്കിയ കണക്കും രേഖപ്പെടുത്തിയിട്ടുണ്ട്. അധികമായി ചെലവാക്കിയത് 34.49 കോടി രൂപയാണ്. ഇത് സര്‍ക്കാര്‍ നല്കി എന്നാണ് അവകാശവാദം. എന്നാല്‍, ഈ കണക്കുകളില്‍ ഒന്നിലും വാക്സിന് ചലഞ്ച് കാണാനില്ല. വാക്സിന് ചലഞ്ചില്‍ നിന്ന് എത്ര തുക ലഭിച്ചുവെന്നോ ലഭിച്ച തുകയില്‍ എത്ര ചെലവാക്കിയെന്നോ ഉള്‍പ്പെടുത്തിയിട്ടുമില്ല.
28-05-2021ലെ കണക്കനുസരിച്ച് 647.02 കോടി ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, ജനപ്രതിനിധികള്‍ വഴി തുടങ്ങി പല രീതിയില്‍ ലഭിച്ചു. ഇലക്ട്രോണിക് ട്രാന്സാക്ഷന് അനുസരിച്ച് ഇന്നലെ വരെ 48.77 കോടിയും ലഭിച്ചു. ഇന്നലെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴി എത്തിയത് 4.85 ലക്ഷം രൂപയാണ്. ഇതിലൊന്നും വാക്സിന് ചലഞ്ചിന് ലഭിച്ചത് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. കൊവിഡ്19 ഹെഡില്‍ നിന്നും 2021 ഏപ്രില്‍ മൂന്നിലെ കണക്ക് അനുസരിച്ച് 730.22 കോടി ചെലവാക്കിയിട്ടുണ്ട്. അതിന്റെ കണക്ക് ഇങ്ങനെ:
കിറ്റ് നല്കാന് സിവില്‍ സപ്ലൈസിന് നല്‍കിയത് 350 കോടി, പ്രവാസികള്‍ക്ക് ധനസഹായം 83.5 കോടി, ബിപിഎല്‍, എഎവൈ ഫാമിലികള്‍ക്കുള്ള ധനസഹായം നല്കാന് കോ ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിന് 147.82 കോടി, കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതിന് സഹായം-അഞ്ചു കോടി, ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിന് – അഞ്ച് ലക്ഷം, ആരോഗ്യ വകുപ്പിലെ ഹോസ്പി
റ്റല്‍ മാനേജ്മെന്റ് കമ്മറ്റിക്ക്-36.36 കോടി, സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് സഹായം- 1.38 കോടി, ഫയര്‍ റസ്ക്യൂ സര്‍വ്വീസിന് രണ്ടു കോടി, സ്പ്ലൈകോ കിറ്റിന് 100 കോടി, സാംസ്കാരിക വകുപ്പിന് മൂന്നുകോടി, കശ്മീരി ഫാമിലികള്‍ക്ക് സഹായം – രണ്ടു ലക്ഷം, കാരുണ്യവഴി മരുന്നുകള്‍ നല്കാന് 1.09 കോടി എന്നിങ്ങനെയാണ് ചെലവാക്കിയതായി വെബ്സൈറ്റില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വാക്സിന് തുക മാറ്റിവച്ചതായി കാണിച്ചിട്ടുമില്ല. സഹകരണ വകുപ്പിനടക്കം നല്കിയ പല തുകകളും എവിടെപോയി എന്നതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
വാക്സിന് വാങ്ങാന്‍ കരാര്‍ നല്‍കിയതായും വാക്സിന് ചലഞ്ചിലെ തുക അതിനായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നത്. ചലഞ്ച് തുക അതിന് മാത്രമേ ഉപയോഗിക്കൂവെന്നും അധികം വേണ്ട തുക എത്രയായാലും സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലും തറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമാക്കി. കരാര്‍ റദ്ദാക്കിയതായി സംസ്ഥാനം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 110 കോടിയോളം രൂപ വാക്സിന് ചലഞ്ചിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതോടെ ഈ തുക എന്ത് ചെയ്യും, ഏതിനത്തില്‍ വിനിയോഗിക്കും തുടങ്ങിയവയില്‍ വ്യക്തത വരുത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: