ന്യൂദല്‍ഹി: എല്ലാവര്ക്കും വാകിസിന് സൗജന്യമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മെഡിക്കല്‍ സംഘടനകളും ആരോഗ്യ വിദഗ്ധരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) പ്രസ്താവിച്ചു.
വാക്സിനേഷന് പ്രക്രിയയിലെ നിര്‍ണായക നീക്കമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനത്തെ ഐഎംഎ വിശേഷിപ്പിക്കുന്നത്. വാക്സിനേഷന്റെ ഊര്‍ജം ഇരട്ടിയാക്കുന്ന നടപടിയാണിത്. സംസ്ഥാനങ്ങളുടെ പങ്ക് 25 ശതമാനമാക്കിയത് അവര്‍ക്ക് ആശ്വാസമാണ്. സ്വകാര്യ മേഖലയിലെ നിരക്ക് ഏകീകരിച്ചതും ഏറെ ഗുണം ചെയ്യുമെന്ന് മേദാന്ത ആശുപത്രി മനേജിങ് ഡയറക്ടര്‍ ഡോ. നരേഷ് ട്രഹാന് പറഞ്ഞു.
വഴിത്തിരിവായ പ്രഖ്യാപനമെന്നാണ് എയിംസിലെ കൊവിഡ് ദ്രുത കര്‍മ സേന ചെയര്മാന് ഡോ. നവീത് വിഗ് വിശേഷിപ്പിച്ചത്. കൂടുതല്‍ വാക്സിനുകള്‍ എത്തുന്നതോടെ വൈറസ് ബാധയുടെ കാഠിന്യം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രീകൃത വാക്സിനേഷന് ഡ്രൈവിനെ ഐഎംഎ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിന്റെ ഊര്‍ജത്തില്‍ കൊവിഡ് മൂന്നാം തരംഗത്തെ നേരിടുമെന്നും രാജ്യത്തെ കൊവിഡ് മുക്തമാക്കുമെന്നും ഐഎംഎ അറിയിച്ചു.
തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ അധികൃതര്‍ അറിയിച്ചു. ദേശീയ വാക്സിനേഷന് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്ള പങ്ക് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യമായി വാക്സിന് നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വാക്സിന് സംഭരണ പ്രക്രിയ ലളിതമാക്കാനുള്ള നടപടികളും വാക്സിനേഷന് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്ക് 25 ശതമാനമായി അംഗീകരിച്ചതിലും സന്തോഷമുണ്ടെന്ന് ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഈ തീരുമാനം കൊവിഡ് പ്രതിരോധത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഇന്ത്യന്‍ സ്പൈനല്‍ ഇന്‍ജുറീസ് സെന്ററിന്റെ ചീഫ് സ്ട്രാറ്റെജി ഓഫീസര്‍ സുഗന്ധ് അഹ്ലുവാലിയ പ്രത്യാശ പ്രകടിപ്പിച്ചു. വാക്സിന് ലഭിക്കുന്നത് സര്‍ക്കാര്‍ മേഖലയില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ എന്നതില്‍ കാര്യമില്ല. അത് ആവശ്യമായവര്‍ക്ക് ലഭ്യമാക്കുകയാണ് പ്രാധാന്യം അഹ്ലുവാലിയ പറഞ്ഞു.
രാജ്യത്തെല്ലായിടത്തും വാക്സിന് സംഭരിച്ച് വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം ഏറെ ഗുണം ചെയ്യുമെന്ന് ദ്വാരക ആകാശ് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ആശീഷ് ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: