ഗുരുവായൂര്‍: നാടെങ്ങും അതിവിപുലമായി പരിസ്ഥിതി ദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തെ ശീവേലി പറമ്പിലെ കാലപ്പഴക്കമുള്ള മാവുകള്‍ ദേവസ്വം മുറിച്ചുമാറ്റി. തെക്കേനടയില്‍ നിര്‍മിക്കാനിരിക്കുന്ന കൂറ്റന്‍ പന്തലിന് വേണ്ടിയാണ് മാവുകള്‍ മുറിച്ചതെന്നു പറയുന്നു. ഇതോടെ ക്ഷേത്രത്തോട് ചേര്‍ന്ന് തെക്കേനടയില്‍ തണല്‍ വിരിച്ചുനിന്നിരുന്ന കുറ്റന്‍ മാവുകള്‍ ഓര്‍മയായി. ബാക്കിയുള്ള മാവുകള്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുമ്പ് നീക്കും.
ക്ഷേത്ര സൗകര്യങ്ങള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട തെക്കേനടയിലെ ഒരു കുടുംബത്തിലെ കാരണവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് മാവുകളില്‍ ചിലത്. അവയിലെ രണ്ടുമാവുകളാണ് ഇന്നലെ മുറിച്ചത്. കൂറ്റന്‍ മരങ്ങള്‍ പോലും കടപുഴക്കി മറ്റൊരിടത്ത് സ്ഥാപിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും, അവയെല്ലാം തള്ളിയാണ് കാലപ്പഴക്കമുള്ള മാവുകളുടെ കടയ്ക്കല്‍ ദേവസ്വം കത്തിവെച്ചത്.
ലോക്ഡൗണിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള ദേവസ്വം ജീവനക്കാര്‍ക്കുമാത്രമാണ് ക്ഷേത്രവളപ്പിലേക്ക് പ്രവേശനാനുമതി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷേത്രപരിസരത്തേക്ക് പ്രവേശനം വിലക്കി. ഇതൊക്കെ സൗകര്യ സാഹചര്യമായി കണക്കാക്കിയാണ് തെക്കേനടയിലെ തണല്‍ മരങ്ങള്‍ ദേവസ്വം ഇന്നലെ വെട്ടിയത്. മരങ്ങള്‍ അറുത്തുമാറ്റിയത് പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്ന് ശ്രീഗുരുവായൂരപ്പ ഭക്തരും, പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. മരങ്ങള്‍ മുറിച്ചതിനെതിരെ ചില പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: