(ശിശു രോഗങ്ങള്‍ തുടര്‍ച്ച)
ശിശുക്കള്‍ക്ക് വയറിന് അസുഖം വന്നാല്‍ ഞെളിപിരി കൊണ്ട് തലയും ശരീരവും ഇളക്കി മറിക്കുകയും വായടയ്ക്കാതെ കരയുകയും മുലപ്പാല്‍ കുടിക്കാതിരിക്കുകയും ചെയ്യും. ഇതിനിടയില്‍ വയറിളക്കവുമുണ്ടാകും.
ഇതു ശമിക്കാന്‍ പെരികിന്റെ വേരിലെ തൊലി പത്തുഗ്രാമെടുത്ത് അരമണിക്കൂര്‍ ഉപ്പു വെള്ളത്തില്‍ വേവിച്ച് നെയ്യില്‍ വറുത്ത്, പൊടിയുന്ന
പാകം വരുമ്പോള്‍ വാങ്ങി കുറേശ്ശെ മോരില്‍ കലക്കി കുടിപ്പിക്കുക. ശിശുവിന്റെ അമ്മയും 50 മില്ലി വീതം മോരില്‍ കലക്കി കുടിക്കണം.
ശിശുവിന്റെ നെറ്റിയിലും ദേഹത്തും ചൂടുണ്ടാവുന്നതിനാപ്പം മുലപ്പാല്‍ കുടിക്കാതിരിക്കുകയും കൈകൊണ്ട് മുഖത്തും മൂക്കിലും കണ്ണിലും തലയിലും തട്ടുകയും നിര്‍ത്താതെ കരയുകയും ചെയ്താല്‍ കുഞ്ഞിന് ജലദോഷവും പനിയും തലവേദനയും ഉണ്ടെന്ന് ഉറപ്പിക്കാം. ഈ ലക്ഷണം കണ്ടാല്‍ വയമ്പ്, അമൃതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ അരച്ച് ചെറുചൂടോടെ ശിശുവിന്റെ ദേഹത്തും തലയിലും തേയ്ക്കുക. 24 മണിക്കൂറിനുള്ളില്‍ പനി മാറും. അല്ലെങ്കില്‍ വയമ്പ്, പാടക്കിഴങ്ങ് ഇവ 20 ഗ്രാം വീതം കരിക്കിന് വെള്ളത്തില്‍ വേവിച്ച് ചെറു ചൂടോടുകൂടി കരിക്കിന് വെള്ളത്തില്‍ അരച്ച് ദേഹത്ത് തേച്ചാല്‍ നിമിഷങ്ങള്‍ക്കകം പനി മാറും.
ശിശുവിന്റെ നെറുക കുഴിയുകയും ശരീരത്തിന് മെലിച്ചിലുണ്ടാവുകയും മുലപ്പാല്‍ കുടിക്കുന്നതിന് മടികാണിക്കുകയും ഞെട്ടി ഉണര്‍ന്ന് കരയുകയും ചെയ്താല്‍ താഴെ പറയുന്ന തൈലമുണ്ടാക്കി തേയ്ക്കുക.
ചെത്തിപ്പൂ, കാട്ടുതുളസിയില, പിച്ചകത്തില, വെറ്റില, പാല്‍മുതക്കിന്‍ കിഴങ്ങ്, കൃഷ്ണതുളസിയില, പുത്തരിച്ചുണ്ട സമൂലം, നായ്ക്കുരണത്തിന്റെ തണ്ടും ഇലയും, പൂവരശിന്റെ തൊലി, ഇവ ഓരോന്നും ഓരോ കിലോ വീതം വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് ആറു ലിറ്റര്‍ നീരെടുക്കുക. ഇതില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ ചേര്‍ത്ത്, കല്ക്കത്തിന് ഇരട്ടി മധുരം, കൊട്ടം, വിഴാലരി, കാര്‍കോകിലരി, കൊത്തമ്പാലരി, ഏലത്തരി, ചെറുപുന്നയരി, അമുക്കുരം, വയമ്പ്, ജീരകം, പെരുഞ്ചീരകം, കരിഞ്ചീരകം, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, ദേവതാരം, ജാതിക്ക, ഗ്രാമ്പൂ, ചീനപ്പാവ്, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിപത്രി, വാല്‍മുളക് ഇവ ഓരോന്നും പത്തു ഗ്രാം കൂട്ടി അരച്ച്, മെഴുകു പാകത്തില്‍ കാച്ചി അരിച്ച് ശിശുവിനെ സര്‍വാംഗം തേച്ചു പുരട്ടുക. ഒന്നോ രണ്ടോ തുള്ളി ഉള്ളില്‍ കൊടുക്കുകയുമാവാം. ഈ തൈലം തേയ്ക്കുകയും സേവിക്കുകയും ചെയ്താല്‍ ശരീരം തടിച്ച് നല്ല ആരോഗ്യവുമുണ്ടാകും. എല്ലാവിധ ത്വഗ്രോഗങ്ങളില്‍ നിന്നും പനിയില്‍ നിന്നും മറ്റ് നാനാവിധ ശിശുരോഗങ്ങളില്‍ നിന്നും മോചനമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: