ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ ഇന്ത്യ. നേരത്തെ ജൂണ്‍ 30 വരെയായിരുന്നു വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. ഇതാണ് ഒരാഴ്ച കൂടി നീട്ടിയത്.
അതേസമയം, ഇന്ത്യക്കാരുടെ യാത്രാവിലക്ക് എത്ര മാസത്തേക്കാണെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അനിശ്ചിത കാലത്തേക്കാണ് വിലക്കേര്‍പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പുതിയ അറിയിപ്പ് വന്നതോടെ ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ജൂലൈ ആറിന് മുന്‍പ് യാത്രാവിലക്ക് മാറില്ലെന്ന് യു.എ.ഇ അധികൃതരില്‍ നിന്ന് എയര്‍ലൈനുകള്‍ക്ക് അറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ ട്വീറ്റ്.
ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് തീരുമാനം തിരിച്ചടിയായിരിക്കുന്നത്. അതേസമയം തിരികെ പോകുന്ന യുഎഇ പൗരന്മാര്ക്കു വിലക്ക് ബാധകമല്ല. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ പതിനായിരക്കണക്കിനു മലയാളികളാണു യുഎയിലേക്കു മടങ്ങാന്‍ കഴിയാതെ കുടുങ്ങിയത്. ഇവരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണു യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ തീരുമാനം.
യാത്ര അനിശ്ചിതമായി നീളുന്നത് ജോലി നഷ്ടപ്പെടുമെന്ന ഭയം മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസികളെ വ്യാപകമായി പിടികൂടിയിട്ടുണ്ട്. ഇതു മറികടക്കാന്‍ മറ്റു ചില രാജ്യങ്ങളിലേക്കു യാത്ര ചെയ്ത് 15 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കി യുഎഇയിലേക്കു പ്രവേശിക്കുന്നവര്‍ നിരവധിയാണ്. പലരും അര്‍മേനിയ, ഉസ്ബെക്കിസ്ഥാന് വഴിയാണ് യുഎഇയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: