കോവിഡ്19 ചൈനയുടെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം അവരുടെ ജൈവായുധ പരീക്ഷണ ശാലയില്‍ ജനിതക മാറ്റം വരുത്തി സൃഷ്ടിച്ചെടുത്തതാണോ? ബോധപൂര്‍വ്വം തയാറാക്കി വൈറസ് എന്ന ആയുധം കരുതിക്കൂട്ടി പ്രയോഗിച്ചതാണോ? അബദ്ധമോ അപകടമോ മൂലം പരീക്ഷണശാലയില്‍ നിന്ന് ചോര്‍ച്ചയുണ്ടായി വൈറസ് പടര്‍ന്നു തുടങ്ങിയതാണോ? മഹാമാരിയുടെ അന്തരീക്ഷത്തില്‍ കമ്യൂണിസ്റ്റ് ചൈന ലോകമാകെ സാമ്പത്തികവും രാഷ്ട്രീയവുമായ അധിനിവേശത്തിന്, വിലയ്ക്കെടുത്ത മാധ്യമങ്ങളുടെ സഹായത്തോടെ, വഴി തേടൂകയായിരുന്നോ?
മാനവരാശി ഉത്തരം തേടുന്ന ചോദ്യങ്ങളാണ്. കോവിഡ് 19നെ ചൈനീസ് വൈറസെന്ന് ആദ്യമായി വിളിച്ചത് ഡൊണാള്‍ഡ് ട്രംപായിരുന്നു. അക്കാര്യത്തില്‍ ട്രംപ് പറഞ്ഞത് ശരിയാണെന്ന് വന്നാലും അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ എതിരാളിയായ പ്രസിഡന്റ് ജോ ബൈഡന് പ്രശ്നമൊന്നുമില്ല. അതുകൊണ്ടാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് തൊണ്ണൂറ് ദിവസങ്ങള്‍ക്കകം അന്വേഷിച്ചു റിപ്പോര്‍ട്ടു നല്കാന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിക്ക് പ്രസിഡന്റ് ബൈഡന് ഉത്തരവ് നല്‍കിയത്. അമേരിക്കന്‍ താത്പര്യം വെല്ലുവിളിക്കപ്പെടുമ്പോള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെയും റിപ്പബഌക്കന്‍ പാര്‍ട്ടിയുടെയും ഉന്നത നേതൃത്വങ്ങള്‍ സമന്വയത്തിന്റെ രാഷ്ട്രീയ വിവേകം പ്രകടിപ്പിക്കുന്നു. കാണുന്നതെല്ലാം കലഹിക്കനുള്ള കാരണമായി കരുതുന്ന രാഹുലിനെ പോലെയുള്ള ഭാരതത്തിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് ആ വിവേകം വിശേഷിച്ചും പാഠമാകേണ്ടതാണ്. അതെന്തായാലും കോവിഡ് 19 എന്ന മാരക വൈറസ് വന്നവഴിയും പടര്‍ന്ന വഴിയും വസ്തുനിഷ്ഠമായി അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്.
ഡോ. ലിമങ്ങ് യാന്‍ എന്ന ചൈനീസ് വൈറോളജിസ്റ്റ് കമ്യൂണിസ്റ്റ് ഭരണകൂട ഭീകരതയെ വെല്ലുവിളിച്ചു കൊണ്ട്, 2020ന്റെ തുടക്കത്തില്‍ ഉയര്‍ത്തിയ അഞ്ച് ഗവേഷണ വിഷയങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. അവര്‍ അന്ന് ഉയര്‍ത്തിയ വസ്തുതകള്‍ വിലയിരുത്തി സത്യം അന്വേഷിച്ചു കണ്ടെത്തുന്നതിനെ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 1) കോവിഡ് 19നെ മൂടിവെക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ കുതന്ത്രങ്ങള്‍. 2) ഈ വൈറസ് പടരുന്നത് മനൂഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണെന്ന വസ്തുത ഉറപ്പാണെന്ന് ഉറക്കെ പറഞ്ഞതിലൂടെ മറ്റു ജീവജാലങ്ങളിലുല്ഭവിച്ച് വെറ്റ് മാര്‍ക്കറ്റില്‍ നിന്നോ മറ്റോ പടര്‍ന്നതാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രചരിപ്പിച്ച ന്യായ വാദങ്ങളുടെ പൊള്ളത്തരം. 3) വൈറസ്സിന്റെ ജനിതക മാറ്റത്തിനുള്ള വിപുലമായ സാദ്ധ്യതകള്‍ സൂചിപ്പിക്കപ്പെട്ടതോടെ പരീക്ഷണശാലയില്‍ തന്നെയാണതിന് ജന്മം നല്‍കിയതെന്ന് കരുതുവാന്‍ വഴിയൊരുക്കിയ സാഹചര്യങ്ങള്‍. 4) മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കല്ലാതെ വൈറസ് വ്യാപനത്തിന് വഴിയൊരുക്കുന്ന മറ്റൊരു മാധ്യമവും ഇല്ലെന്ന ചര്‍ച്ച തുടങ്ങിവെച്ചതോടെ സീഫുഡ് മാര്‍ക്കറ്റിനെ അതിനിടയില്‍ ഉയര്‍ത്തിയത് കേവലം പുകമറ സൃഷ്ടിക്കാനായിരുന്നുയെന്ന സംശയം. 5) ചൈനീസ് മിലിട്ടറിയുടെ പരീക്ഷണശാലയില്‍ ജനിതകമാറ്റം വരുത്തിയ വൈറസാണിതെന്ന് ലോകം തിരിച്ചറിഞ്ഞപ്പോള്‍ ചൈനീസ് മിലിട്ടറി രൂപം നല്കിയ പദ്ധതി, തുടങ്ങിയ വിഷയങ്ങളില്‍ മറ്റു രാജ്യങ്ങളുടെ പ്രതിരോധ വിദഗ്ധരും പൊതു സമൂഹവും ഉയര്‍ത്തിയ ചോദ്യങ്ങള്‍ തുടങ്ങിയവ സ്വന്തം ജീവന് പോലും പണയം വെച്ച് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു, ഡോ ലിമങ്ങ് യാന്‍.
ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്ന സൂചനകളാണ് ശാസ്ത്ര മേഖലയിലെ പ്രമുഖനായ എഴുത്തുകാരനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ നിക്കോളാസ് വഡെ നല്‍കിയിരിക്കുന്നത്. ദി ഒറിജിന്‍ ഒഫ് കോവിഡ്: ഡിഡ് പീപ്പിള്‍ ഓര് നേച്ചര്‍ ഓപ്പണ്‍ പണ്ടോരാസ് ബോക്സ് അറ്റ് വുഹാന്‍? എന്ന പേരില്‍ അദ്ദേഹം ബുള്ളറ്റിന് ഓഫ് ആറ്റമിക് സയന്റിസ്റ്റ്സില് ഏഴുതിയ ലേഖനത്തില്‍ വസ്തുനിഷ്ടവും യുക്തിസഹവുമായ സൂചനകളാണ് നല്‍കുന്നത്.
അതോടെ, വവ്വാലാണോ, ‘വവ്വാല് വനിത’ (ബാറ്റ് ലേഡി) എന്ന വിളിപ്പേരുള്ള വൂഹാന്‍ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് വൈറോളജിയിലെ പ്രമുഖ ശാസ്ത്രജ്ഞയായ ഷീ സെംഗ് ലീ ആണോ വൈറസിനെ മനുഷ്യനിലേക്കെത്തിച്ചതെന്ന സുപ്രധാന ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്പത് കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യാന്‍ സാദ്ധ്യതയില്ലാത്ത കൊറോണാ ബാധിച്ച വവ്വാല് യുന്നാനില്‍ നിന്ന് 1500 കിലോ മീറ്റര്‍ യാത്ര ചെയ്ത് വുഹാനിലെത്തിയെന്നു പറഞ്ഞ് ചൈന ഉയര്‍ത്തിയ വാദത്തെ ലോകം സ്വാഭാവികമായും തള്ളിക്കളയുന്നു. യുന്നാനിലേക്ക് ഷീ സെംഗ് ലീ 2015ല്‍ നൂറോളം തവണ തുടര്‍യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും വവ്വാലുകളെ ബാധിച്ച നൂറിലധികം വ്യത്യസ്ത കൊറോണാ വൈറസുകളെ വുഹാനിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്നും പുറത്തുവന്നിരിക്കുന്നു.
2005ലെ ഒബാമാ ഭരണം യു എസ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) 2005 ല്‍ ആരംഭിച്ച് 2019വരെ തുടര്‍ന്ന സാമ്പത്തിക പങ്കാളിത്തത്തോടെയാണ് ഷീ സെംഗ് ലീയുടെ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തിയത്. എന്‍ഐഎച്ച് പ്രോജക്റ്റും പണവും നല്കി അമേരിക്കന്‍ ഉന്നത വൈറോളജിസ്റ്റ് പീറ്റര്‍ ഡസാക്കിനെ കോണ്‍ട്രാക്ട് ഏല്‍പ്പിച്ചു. ഡസാക്ക് അതിന്റെ സബ് കോണ്‍ട്രാക്ട് വുഹാന്‍ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് വൈറോളജിയിലെ പ്രമുഖ ശാസ്ത്രജ്ഞയായ ഷീ സെംഗ് ലീയെ ഏല്‍പ്പിക്കുകയായിരുന്നു.
അവിടെ നടന്ന ഗവേഷണങ്ങള്‍ ഗെയിന്‍ ഓഫ് ഫംഗ്ഷന് എന്ന് വൈറോളജി പഠനമേഖലയില്‍ അറിയപ്പെടുന്ന രീതിയിലായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. ഒരു വൈറസിന്റെ ആവിര്‍ഭാവം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത് വീണ്ടും പൊട്ടിപ്പുറപ്പെടാനിടയായാല് അതിനുണ്ടാകാനിടയുള്ള ജൈവ വ്യതിയാനങ്ങളെയും അവ മൂലം മനുഷ്യനുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളെയും ഗവേഷണം ചെയ്ത് കണ്ടെത്തുകയാണ് ഈ രീതി. 2002ലെ സാര്‍സ്-1 വീണ്ടും പൊട്ടി പുറപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെ പഠിച്ച് പ്രതിരോധിക്കുകയായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. മനുഷ്യ കോശങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കാനിടയുള്ള കൊറോണാ വൈറസുകളെ പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്ത് ഇനിയും ഉണ്ടാകാനിടയുള്ള വൈറസ്സ് ബാധകള്‍ക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നു ദൗത്യം.
2019 ഡിസംബറില്‍ വുഹാനില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പീറ്റര്‍ ഡസാക്ക് അവകാശപ്പെട്ടത് സെംഗ് ലീ അവരെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചുവെന്നാണ്. ചികിത്സിക്കാനോ വാക്സിനേഷന് വഴി പ്രതിരോധിക്കാനോ കഴിയാത്ത വൈറസ്സുകളുമുണ്ടെന്നാണ് ഡസാക്ക് അന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ചത്!. പക്ഷേകോവിഡ് 19 ലോകത്തെ ഗ്രസിക്കാന്‍ തുടങ്ങിയതോടെ അവിടെ യഥാര്‍ത്ഥത്തില്‍ നടന്നതെന്താണെന്നറിയാനുള്ള വഴി മുടക്കിക്കൊണ്ട് ചൈന ഷീ സെംഗ് ലീ എന്ന ‘വവ്വാല് വനിതയുടെ’ പരീക്ഷണശാല അടച്ചുപൂട്ടിയത്. മനുഷ്യ നന്മയ്ക്കുവേണ്ടിയെന്ന നിലയില്‍ അമേരിക്ക നല്കിയ പ്രോജക്ടും ഫണ്ടും ഉപയോഗിച്ച് ചതിയിലൂടെ ചൈനയുടെ മിലിട്ടറി (പിഎല്‍എ) നിയന്ത്രിക്കുന്ന വുഹാന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയില്‍ വൈറസ്സ് ജനിതകമാറ്റം വരുത്തി ജൈവായുധം സൃഷ്ടിച്ചെടുക്കുകയായിരുന്നോ? മാറ്റം വരുത്തിയ വൈറസ് അബദ്ധത്തില്‍ ചോര്‍ന്ന് മനുഷ്യനിലേക്ക് പടര്‍ന്നതാണോ? അതോ, ചൈന ബോധപൂര്‍വ്വം ആ ജൈവായുധം പ്രയോഗിക്കുകയായിരുന്നോ?
2015ല്‍ തന്നെ ചൈനീസ് യുദ്ധശാസ്ത്രജ്ഞന്മാര്‍ കൊറോണാ വൈറസ്സുകളെ ജൈവായുധങ്ങളാക്കി ജനിതകം മാറ്റം വരുത്തി ഉപയോഗിക്കുവാനുള്ള സാദ്ധ്യതകളെ കുറിച്ച് പഠിച്ചിരുന്നുവെന്ന കണ്ടെത്തലുകള്‍ പ്രസക്തമാകുന്നതിവിടെയാണ്. മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ ജൈവായുധങ്ങള്‍ പ്രയോഗിക്കാനുള്ള സാദ്ധ്യതകളെ കുറിച്ച് പഠിക്കുകയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചൈനീസ് ഔദ്യോഗിക രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കിട്ടിക്കഴിഞ്ഞതായാണ് വിവരം.
ജൈവായുധം കൂടുതല്‍ മരണം വിതയ്ക്കുന്നതാകരുതെന്ന് ചൈനീസ് അധികാരികള്‍ നിഷ്കര്‍ഷിച്ചിരുന്നുവെന്നാണ് വാര്‍ത്ത. മഹാരോഗത്തിന്റെ വ്യാപനം കൊണ്ട് രാഷ്ട്രങ്ങളുടെ ആരോഗ്യ രംഗവും സാമ്പത്തിക രംഗവും തകര്‍ത്ത് ഭരണകൂടങ്ങളെ തകിടം മറിക്കുകയായിരുന്നു ഒന്നാമത്തെലക്ഷ്യം. ഉത്പാദന വിപണനശൃംഖലകള പിടിച്ചടക്കിയും വേണ്ടയിടങ്ങളില്‍ ശക്തി ഉപയോഗിച്ചും ലോകത്ത് ചൈനീസ് സാമ്രാജ്യം വ്യാപിപ്പിക്കുകയായിരുന്നു മറ്റൊരുലക്ഷ്യം. മരണ നിരക്ക് കൂടിയാല്‍ അത് അപ്രതീക്ഷിത പ്രതിരോധങ്ങള്‍ക്ക് ഇടയാക്കുമെന്നും അത് അവശിഷ്ടലോകത്ത് വിപണി സാദ്ധ്യത കുറയ്ക്കുമെന്നുംകരുതിയത് കൊണ്ടാണ് മരണനിരക്ക് കൂടെ നിന്ന് നിഷ്കര്‍ഷിച്ചത്.
കൊറോണയുടെ ചൈനയില്‍ നിന്നുള്ള ഉത്പത്തിയുടെയും വ്യാപനത്തിന്റെയും യഥാര്‍ത്ഥ വസ്തുതകളുടെ ചുരുളഴിയുമ്പോളാണ് ഭാരതവും ലോകവും നേരിട്ട വെല്ലുവിളികളും നരേന്ദ്രമോദി സര്‍ക്കാരിലൂടെ പ്രയോഗിച്ച പ്രതിരോധ രണതന്ത്രത്തിന്റെ പ്രഭാവവും പ്രകടമാകുന്നത്. ഇനിയും ദുര്‍ഘടമായ വഴിയേറെ ബാക്കിയുണ്ട്. അതിജീവനത്തിന്റെ പാതയില്‍ ലോകത്തിന് ചാലകശക്തിയായി ജനാധിപത്യ ഭാരതം മുമ്പിലുണ്ടാകും. അതോടൊപ്പം ചൈനീസ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം മാനവരാശിയോട് കണക്കു പറയേണ്ടനാളുകളാണ് വരാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: