ഈ ബജറ്റ് റിയലിസ്റ്റിക് യാഥാര്‍ഥ്യ ബോധമുള്ളത് അല്ല. ജനപ്രിയം അല്ല. വെറും രാഷ്ട്രീയ ബജറ്റാണ്. പുതിയ ധനമന്ത്രിയുടെ ബജറ്റ് എന്ന നിലയില്‍ പ്രതീക്ഷിച്ച ഒന്നും ഇതിലില്ല. അടിസ്ഥാന പൊതു സാമ്പത്തിക യാഥാര്‍ഥ്യവും സംസ്ഥാനത്തിന്റെ ധനകാര്യ യാഥാര്‍ഥ്യവും തീരെ ഉള്‍ക്കൊണ്ടിട്ടില്ല.
കടംവാങ്ങി കുടുംബം പോറ്റാന്‍ ശ്രമിക്കുന്ന, കാഴ്ചപ്പാടും കൃത്യമായ ലക്ഷ്യവുമില്ലാത്ത ഗൃഹനാഥന്മാര് സകുടുംബം ആത്മഹത്യ ചെയ്യുന്ന ദുരന്തങ്ങളുടെ കാലമാണ് ഇന്ന്. അപ്പോള്‍ ഒരു സര്‍ക്കാര്‍തന്നെ, ഞങ്ങള്‍ കടം വാങ്ങിച്ചെലവിട്ട് ജീവിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഈ ബജറ്റിന്റെ അടിത്തറയും സങ്കല്‍പ്പവുംതന്നെ തകര്‍ന്നതായിരിക്കെ, ബജറ്റിലെ വിഹിതവും നീക്കിവെപ്പും ഒന്നും നിരത്തി വിശകലനം ചെയ്യേണ്ടതുപോലുമില്ല.
വന്‍ തുക കടമെടുക്കും, എടുക്കുന്നതിന്റെ മുച്ചൂടും ശമ്പളവും പെന്‍ഷനും കൊടുത്തു തീര്‍ക്കും. ചെലവുചുരുക്കി, വരുമാനം കൂട്ടി, സ്വയം പര്യാപ്തമാകുന്ന വാര്‍ഷിക പദ്ധതി അവതരിപ്പിക്കാന്‍ ആലോചനയേ ഇല്ല!
ചെലവ് കുറയ്ക്കാമായിരുന്നു പല തരത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം റിവ്യൂ ചെയ്യാമായിരുന്നു. സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിക്കാമായിരുന്നു. ജീവനക്കാരെ ചില മേഖലകളില്‍ കുറയ്ക്കാമായിരുന്നു, ചെയ്തില്ല.
തൊഴിലില്ലാതാക്കാനല്ലാതെ, അനാവശ്യ മേഖലയില്‍ ജീവനക്കാരെ കുറയ്ക്കാമായിരുന്നു. പൊതു മേഖലാ സ്ഥാപനങ്ങളെ റീ സ്ട്രക്ചര്‍ ചെയ്ത്, ജിഎം, ചെയര്മാന് തുടങ്ങി വിവിധ അധിക തസ്തികകള്‍ ഇല്ലാതാക്കാമായിരുന്നു. സാങ്കേതിക സംവിധാനം വര്‍ധിച്ചുവരുമ്പോള്‍ ജീവനക്കാരെ മറ്റ് മേഖലകളില്‍ വിനിയോഗിക്കാമായിരുന്നു. അത് വന്‍ ശമ്പളം, വാഹനച്ചെലവ്, എസ്റ്റാബഌഷ്മെന്റ് ചെലവ് കുറയ്ക്കാന്‍ സഹായിച്ചേനെ.
പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പിന് ഇനിയും സര്‍ക്കാര്‍ പണം നല്‍കുന്നത് നിര്‍ത്തണം. അവ സ്വയം ലാഭമുണ്ടാക്കി സര്‍ക്കാരിന് വിഹിതം നല്കട്ടെ. ഇതിന് ഒരു പദ്ധതിയും ഈ ബജറ്റിലില്ല. വ്യവസായ വളര്‍ച്ചയാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പല വഴികളിലൊന്ന്. ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമെന്ന വര്‍ത്തമാനമല്ലാതെ മറ്റൊന്നും ഈ രംഗത്ത് ബജറ്റിലില്ല. അതും, തികച്ചും അശാസ്ത്രീയമായ പദ്ധതിയിലൂടെയാണ്.
കെഎഫ്സി (കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്) ലോണ്‍ കൊടുത്ത് അടിസ്ഥാന സൗകര്യമുണ്ടാക്കട്ടെയെന്ന പദ്ധതിയില്‍ കാര്യമില്ല. വര്‍ക്കിങ് ക്യാപ്പിറ്റല്‍ (പ്രവര്‍ത്തന മൂലധനം) കൊടുക്കേണ്ടത് കെഎഫ്സി അല്ല, അത് കൊമേഷ്യല്‍ ബാങ്ക് ചെയ്യട്ടെ. കെഎഫ്സിയുടെ അടിസ്ഥാന സങ്കല്‍പ്പംതന്നെ ദീര്‍ഘകാല വായ്പ നല്‍കലാണ്. വര്‍ക്കിങ് ക്യാപ്പിറ്റല്‍ കൊടുത്താല്‍ പദ്ധതി അത്ര വിജയകരമല്ലെങ്കില്‍ പണം തിരിച്ച് കിട്ടില്ല. കിട്ടാക്കടമാകും. കോര്‍പ്പറേഷനേയും ബാധിക്കും.
മറ്റൊന്ന് വെങ്ച്വര് ക്യാപ്പിറ്റല്‍ പദ്ധതിയാണ്. ഇതുവരെ കേരളത്തില്‍ വിജയിക്കാത്ത പദ്ധതിയാണത്. വലിയ മൂലധന മുതല്‍മുടക്കുള്ള, വന്‍ സാങ്കേതിക വിദ്യയുപയോഗിക്കുന്ന, വലിയ പ്രോഫിറ്റ് പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്കാണ് വെങ്ച്വര് ക്യാപ്പിറ്റല്‍ വേണ്ടത്. അത് സാധാരണ വ്യവസായങ്ങളുടെ മേഖലയില്‍ ഫലപ്രദമല്ല. സിഡ്ബി(സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക്)യും കെഎസ്ഐഡിസി (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് കോര്പ്പറേഷന്) യും ചേര്‍ന്ന് സര്‍ക്കാര്‍ സമിതിയുണ്ടാക്കി, 200 കോടി രൂപയുടെ വെങ്ച്വര് ക്യാപ്പിറ്റല്‍ പദ്ധതി 2000 ല്‍, ആവിഷ്കരിച്ച് പരാജയപ്പെട്ട ആദ്യ അനുഭവം മുതല്‍ ഇതാണ് സ്ഥിതി. അന്ന് തുടങ്ങിയ അഞ്ചാറു കമ്പനികള്‍ ഇന്നില്ലാതായി. കേരളത്തിലെ സാഹചര്യത്തില്‍ വിജയിക്കാന്‍ ഇടയില്ലാത്ത അത്തരം പദ്ധതികളാണിപ്പോഴും കൊണ്ടുവരുന്നത്.
എന്നാല്‍, വില്ലേജ് തലത്തില്‍ 100 ചെറുകിട പദ്ധതികള്‍ ആവിഷ്കരിച്ച് അതിന് സഹായം നല്കി, സംസ്ഥാനത്തെമ്പാടും അവ വിജയിപ്പിച്ചെടുക്കാവുന്നതാണ്. തൊഴില്‍ ലഭ്യത കൂടും, ഗ്രാമീണ സമ്പദ് വ്യവസ്ഥ മെച്ചമാകും, സ്വാശ്രയത്വം വര്‍ധിക്കും, പക്ഷേ കെഎഫ്സി 20 വര്‍ഷം മുമ്പ് മുന്നോട്ടുവെച്ച ആശയവും സഹായ പദ്ധതിയും ഒരു സര്‍ക്കാരും അംഗീകരിച്ചിട്ടില്ല.
വന്‍ സംരംഭങ്ങള്‍ പ്രഖ്യാപിക്കുകയാണ് ബജറ്റില്‍. പക്ഷേ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നയിക്കാന്‍ പ്രൊഫഷണലുകളെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ല. മാറിമാറി വരുന്ന കേരള സര്‍ക്കാരുകളുടെ എന്‍ആര്‍ഐ പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ കേള്‍ക്കാറുണ്ട്. എത്ര പദ്ധതി വന്നിട്ടുണ്ട്? ഒരു കണക്കെടുക്കുന്നത് നല്ലതാണ്. ഇപ്പോഴും നമ്മള് അത്തരം പ്രഖ്യാപനങ്ങളിലാണ്.
ടൂറിസം മേഖലയില്‍ പദ്ധതിയൊന്നും സര്‍ക്കാര്‍ നടപ്പാക്കണ്ട, അടിസ്ഥാന സൗകര്യം വികസിപ്പിച്ചാല്‍ മതി. ബാക്കി സ്വയം വരും. എന്തുകൊണ്ട് കുട്ടനാടിനെ ടൂറിസം സങ്കല്‍പ്പത്തില്‍ വികസിപ്പിക്കുന്നില്ല. കനാല്‍ വൃത്തിയാക്കുന്നതും സൗന്ദര്യവല്ക്കരിക്കുന്നതുമടക്കമുള്ള അത്തരം പദ്ധതികള്‍ കുട്ടനാട്ടിലെ ജനരക്ഷയ്ക്ക് സഹായകമാകും.
സര്‍ക്കാര്‍ ഇപ്പോള്‍ കൊവിഡ് വാക്സിന് നിര്‍മാണ പദ്ധതി പ്രഖ്യാപിക്കുന്നു. എന്തുകൊണ്ട് ചേര്‍ത്തലയിലെ കെഎസ്ഡിപിയില്‍ വാക്സിന് ഉല്‍പ്പാദിപ്പിച്ചുകൂടാ. ഇപ്പോള്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് വാക്സിന് നിര്‍മിക്കുമ്പോള്‍ അതിന്റെ ആവശ്യം കഴിയും. ഓക്സിജന്‍ നിര്‍മാണ പ്ലാന്റുകളെക്കുറിച്ച് പറയുന്നു, നമ്മുടെ പൊതു മേഖലയിലെ സ്റ്റീല്‍ പ്ലാന്റുകളില്‍ ഓക്സിജന്‍ ഉല്പ്പാദിപ്പിക്കാവുന്നതേയുള്ളു. ഇതൊക്കെയാണ് കാഴ്ചപ്പാടില്ലാത്ത കണക്കുകൂട്ടലുകള്‍.
ഇതൊക്കെ കണക്കിലെടുക്കുമ്പോഴാണ് റിയലിസ്റ്റിക്കല്ലാത്ത, പോപ്പുലിസ്റ്റല്ലാത്ത, പൊളിറ്റിക്കല്‍ ബജറ്റാണിതെന്ന് പറയാന്‍ കാരണം. അതിലെ ‘പൊളിറ്റിക്സ്’ ഇതാണ്കേന്ദ്ര സര്‍ക്കാര്‍ സഹായമില്ലാതെ സ്വയം എന്തൊക്കെയോ ചെയ്യാന്‍ കരുത്തുള്ള സര്‍ക്കരാണ് ഇത് എന്ന് ആരിലൊക്കെയോ തോന്നിപ്പിക്കാനുള്ള ബജറ്റ്. ഇതിനെ ബജറ്റെന്നും വിളിക്കാനാവില്ല, ഒരുറിപ്പോര്‍ട്ട്, അത്രമാത്രം.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മുന്‍ഗാമി തോമസ് ഐസക്കും ഇതൊക്കെത്തന്നെയാണ് ചെയ്തിരുന്നത്. ഈ ബജറ്റ് നിരാശപ്പെടുത്താത്തവരായി ആരെങ്കിലും ഉണ്ടാവാനിടില്ല.
കെ.എം. നായര്‍
(സിഡ്ബി മുന്‍ സോണല്‍ ജനറല്‍ മാനേജര്‍,
കെഎഫ്സി മുന്‍ എംഡി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: