തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെ ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയ ഏഴാംക്ലാസ്സുകാരിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. തിരുവനന്തപുരം സ്വദേശിനിയായ ദക്ഷിണയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് ദക്ഷിണ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ലോക്ഡൗണില്‍ കത്തെഴുതിയത്.
ഇത് ചര്‍ച്ചയാവുകയും ചെയ്തതോടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം ഇടപെടുകയും പ്രദേശത്ത് ടവര്‍ സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആടുവല്ലി ഗ്രാമത്തിലാണ് ദക്ഷിണ താമസിക്കുന്നത്. സ്ഥലത്തെ കുട്ടികള്‍ക്കെല്ലാര്‍ക്കും വേണ്ടിയാണ് ദക്ഷിണ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. പഠനം ഓണ്‍ലൈന്‍ ആയതോടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണമെന്നും ടവര്‍ സ്ഥാപിക്കാന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദക്ഷിണ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. റിലയന്‍സ് ജിയോയാണ് ഈ ആവശ്യം നിറവേറ്റിയിരിക്കുന്നത്.
തങ്ങളുടെ ഗ്രാമത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനായി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന് നിരവധി തവണ ബിഎസ്എന്‍എല്ലിനെയും മറ്റ് സ്വകാര്യ മൊബൈല്‍ കമ്പനിയേയും സമീപിച്ചിരുന്നു. അവസാനം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനായി ഒരു സ്വകാര്യ കമ്പനി അസോസിയേഷനുമായി കരാറില്‍ ഒപ്പിട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
എന്നാല്‍ പ്രാദേശിക അധികാരികളില്‍ നിന്ന് അനുമതി നേടുന്നതില്‍ കാലതാമസമുണ്ടായതിനാല്‍ കരാറില്‍ ഏര്‍പ്പെട്ട കമ്പനി പിന്മാറുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം ദക്ഷിണയെ അറിയിച്ചത്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ടവര്‍ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ തയ്യാറാവുകയായിരുന്നു. ഇതിനായി ദക്ഷിണയുടെ പ്രദേശം ജിയോ സന്ദര്‍ശിക്കുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ദക്ഷിണയ്ക്കും സുഹൃത്തുകള്‍ക്കും ഇനി ക്ലാസുകള്‍ നഷ്ടപ്പെടില്ലെന്നും റിലയന്‍സ് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: