രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കന്നി ബജറ്റ് പൊതുവായി നല്‍കുന്നത് നിരാശയാണ്. സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആവേശം പങ്കുവച്ച് നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ അനുബന്ധമായാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് വിലയിരുത്തുന്നവര്‍ക്കു പക്ഷേ ഇത്തരം ആവേശമൊന്നും തോന്നില്ല. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് 2020-21 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചിരുന്നു. പുതുക്കിയ ബജറ്റാണ് ബാലഗോപാല്‍ അവതരിപ്പിച്ചത്. എന്നാല്‍ പുതുമകളൊന്നും അവകാശപ്പെടാനില്ല. ഐസക്കില്‍നിന്ന് വ്യത്യസ്തമായി, സാഹിത്യ കൃതികളില്‍നിന്ന് ദീര്‍ഘമായി ഉദ്ധരിച്ചും, സാമ്പത്തികസിദ്ധാന്തങ്ങള്‍ ആവര്‍ത്തിച്ചും മണിക്കൂറുകളോളം നീളുന്ന ബജറ്റവതരണത്തിലൂടെ ബാലഗോപാല്‍ ആരെയും ബോറടിപ്പിച്ചില്ല എന്നു മാത്രം. ഒരു മണിക്കൂര്‍ കൊണ്ട് കാര്യം കഴിച്ചു. ബജറ്റിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഐസക്കിനെ അനുകരിക്കുക മാത്രമാണ് ബാലഗോപാല്‍ ചെയ്തിട്ടുള്ളത്. പുതിയ മന്ത്രിയെ സംബന്ധിച്ചിടത്തോളം സമയക്കുറവ് ഒരു ഘടകമാണെങ്കിലും ബജറ്റ് തയ്യാറാക്കുന്നതില്‍ വലിയ ശുഷ്കാന്തിയൊന്നും കാണിച്ചതായി തോന്നുന്നില്ല. അശാസ്ത്രീയവും അപ്രായോഗികവുമാണ് പല നിര്‍ദ്ദേശങ്ങളുമെന്ന് പറയേണ്ടിവരുന്നു. പല നിര്‍ദേശങ്ങളുടെയും വിശദാംശങ്ങളെക്കുറിച്ച് മന്ത്രി പാലിക്കുന്ന മൗനം അര്‍ത്ഥഗര്‍ഭമാണ്.
കൊവിഡ് മഹാമാരിയുടെ കാലത്ത് പുതിയ നികുതികളൊന്നും പ്രഖ്യാപിക്കാതെ കയ്യടി നേടാനുള്ള ശ്രമം ബാലഗോപാല്‍ നടത്തിയിട്ടുണ്ട്. ആരോഗ്യ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളതാണ് ബജറ്റിലെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഈ പാക്കേജ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കുറുക്കുവഴിയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ചേര്‍ന്ന് പ്രഖ്യാപിച്ച പാക്കേജുകള്‍ വെറും പ്രഹസനങ്ങളായി അവശേഷിക്കുകയാണുണ്ടായത്. വാഗ്ദാനം ചെയ്ത പല കാര്യങ്ങളും നടപ്പാക്കാതെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ പാക്കേജെങ്കില്‍ അതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്ന് ബജറ്റില്‍ പറയുന്നില്ല. കടമെടുപ്പ് മാത്രമാണ് ധനമന്ത്രി കാണുന്ന ഒരേയൊരു ധനാഗമ മാര്‍ഗമെന്ന് കരുതേണ്ടി വരുന്നു. ഇതിന് കേന്ദ്രം അനുവദിക്കുന്നില്ലെന്ന വിമര്‍ശനം വഴിയേ ഉയരും. തോട്ടംമേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചില ഇളവുകള്‍ പ്ര്യാപിച്ചിട്ടുണ്ടെന്നല്ലാതെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. ഇതിനെക്കുറിച്ചൊക്കെ താന്‍ ആലോചിക്കുമെന്നാണ് ധനമന്ത്രിക്ക് പറയാനുള്ളത്.
സിപിഎമ്മിന്റെ വോട്ടുബാങ്കുകളെ കൂടെനിര്‍ത്താനുള്ള ചില നിര്‍ദ്ദേശങ്ങള്‍ വായ്പകളായും മറ്റും ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് സ്വാഭാവികം. പാവപ്പെട്ടവരുടെ കയ്യില്‍ പണമെത്തിക്കുമെന്ന ആകര്‍ഷകമായ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും മന്ത്രി തന്നെ പിന്നീട് അത് തിരുത്തി. ക്ഷേമ പെന്‍ഷനുകളിലൂടെയും മറ്റുമാണ് ഇത് നടപ്പാക്കുകയെന്നു പറയുമ്പോള്‍ തട്ടിപ്പ് പുറത്താവുന്നു. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കുമെന്ന അവകാശവാദം ആരും മുഖവിലക്കെടുക്കില്ല. ഇതിനുവേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വിദ്യാശ്രീ പദ്ധതി വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഗുണം ചെയ്തത്. സംസ്ഥാനം അകപ്പെട്ടിരിക്കുന്ന കടക്കെണിയെക്കുറിച്ച് യാതൊന്നും പറയുന്നില്ല എന്നത് ബജറ്റിന്റെ പ്രധാന ന്യൂനതയാണ്. 2021-22 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത മൂന്നരലക്ഷം കോടിയോളം ആവുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. കടം വാങ്ങുന്ന തുകയിലേറെയും വികസനേതര പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും. ഈ ദിശയില്‍ ധനമന്ത്രി ചിന്തിച്ചതായി തോന്നുന്നില്ല. ഇതില്‍നിന്ന് കരകയറാനുള്ള വഴികള്‍ ബജറ്റില്‍ കാണുന്നുമില്ല. ചുരുക്കത്തില്‍ ഒരു ബജറ്റുകൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അതൊന്നും നിറവേറ്റാനുള്ള പരിപ്രേക്ഷ്യമോ പദ്ധതികളോ ബാലഗോപാലിന്റെ കന്നി ബജറ്റിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: