1947 ലെ 34 കോടിയില്‍ നിന്ന് 2020 ല്‍ എത്തുമ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 139 കോടിയായി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ എണ്ണം 18 ല്‍ നിന്ന് 51 ആയും, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം പത്തു ലക്ഷത്തില്‍ താഴെയയായിരുന്നത് 66 ലക്ഷമായും, പെന്‍ഷന്‍കാര്‍ 52 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്. ഈ സംഖ്യകള്‍ ഇപ്പോഴും വര്‍ദ്ധിച്ച് വരികയുമാണ്. 1952 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ആകെ അംഗസംഖ്യ 705 ആയിരുന്നത് 2021 ല്‍ 772 ആയി ഉയര്‍ന്നിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിനിടയില്‍ 9.5% എന്ന താരതമ്യേന കുറഞ്ഞ വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.
അതേസമയം, സര്‍ക്കാരിന്റെ വലിപ്പവും, വൈവിധ്യമാര്‍ന്ന നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന നിയമനിര്‍മ്മാണ ഉദ്യമങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ തുടര്‍ ദശകങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളായി രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനസൗകര്യങ്ങള്‍ പതിന്മടങ്ങ് വളര്‍ന്നിട്ടുണ്ട്. എന്നിട്ടും തുടര്‍ച്ചയായി ഭരണം നടത്തിയ കേന്ദ്ര സര്‍ക്കാരുകള്‍ ചരിത്രത്തിന്റെ അയഥാര്‍ത്ഥമായ കാല്പനിക സങ്കല്‍പ്പങ്ങളുമായി സന്ധി ചെയ്തത് കൊണ്ടോ, നിഷ്ക്രിയത്വത്താല്‍ തളര്‍ന്നുപോയത് കൊണ്ടോ, സെന്‍ട്രല്‍ വിസ്റ്റക്കായി ഒരടി പോലും മുന്നോട്ടു പോയില്ല. മാത്രമല്ല പദ്ധതിയുടെ പ്രാഥമിക ആസൂത്രണം പോലും നിര്‍വ്വഹിച്ചില്ല. ഇതിപ്പോള്‍ ഭരണപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെയും ഭരണത്തെ തന്നെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ആഗോളതലത്തില്‍ നിലവിലുള്ള നിയമനിര്‍മ്മാണ സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പാര്‍ലമെന്റ് മന്ദിരം തുലോം ചെറുതാണ്. 25 മുതല്‍ 40 ലക്ഷം വരെ വോട്ടര്‍മാരുള്ള ഒരു പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഒരു എംപി എന്ന കണക്കിലാണ് ജനപ്രതിനിധികളുള്ളത്. ബ്രിട്ടീഷുകാരുടെ വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് നാം സ്വീകരിച്ചിരിക്കുന്നത്. ആ ബ്രിട്ടനുമായി ഒരു താരതമ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. ഇന്ത്യയുടെ 5% മാത്രം ജനസംഖ്യയുള്ള, അതായത് ഏഴ് കോടി ജനങ്ങളുള്ള ബ്രിട്ടന്റെ പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെടുന്ന 630 അംഗങ്ങള്‍ പ്രതിനിധികളായ ഹൗസ് ഓഫ് കോമണ്‍സ് ആണ് നിലവിലുള്ളത്. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത് ഡിലിമിറ്റേഷന്‍ കമ്മീഷന് (മണ്ഡല പുനഃനിര്‍ണ്ണയ കമ്മീഷന്) ആണ്. ഇതുവരെ 1952, 1963, 1973, 2002 വര്‍ഷങ്ങളിലായി നാല് കമ്മീഷനുകള്‍ രാജ്യത്തെ നിയമ നിര്‍മ്മാണസഭകളിലെ അംഗങ്ങളുടെ എണ്ണം പുനര്‍ നിര്‍ണ്ണയിച്ചു. 2026 ല്‍ അടുത്ത കമ്മീഷന് നിലവില്‍ വരും. 2031 ഓടെ കുറഞ്ഞത് 800 ലോക്സഭാ അംഗങ്ങളുള്ള ഒരു വലിയ പാര്‍ലമെന്റ് രൂപീകൃതമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോള്‍ ആണ് ഇന്ത്യ ഇതിന് വേണ്ട ആസൂത്രണം നടത്തേണ്ടത്? ഇന്ത്യയില്‍ ഒന്നും നിര്‍മ്മിക്കാനോ വികസിപ്പിക്കാനോ അനുവദിക്കില്ലെന്ന നിരന്തരമായ വിഘടനാത്മക സംസ്കാരത്തിന് നാം വഴങ്ങിയാല്‍ പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം കൂടാരങ്ങളില്‍ നടത്തേണ്ട സ്ഥിതി സംജാതമാകും.
ഇന്ത്യയ്ക്ക് ആവശ്യം ചെറിയ പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളാണ് എന്നത് വലുതും, പ്രവര്‍ത്തന സജ്ജവും, സാങ്കേതികക്ഷമവും, ഊര്‍ജ്ജക്ഷമവുമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ള മതിയായ ന്യായീകരണമാണ്.
51 മന്ത്രാലയങ്ങളില്‍ 22 എണ്ണം മാത്രമേ നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ ദില്ലിയുടെ വിവിധഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വരുന്നതോടെ മികച്ചതും വേഗത്തിലുള്ളതുമായ ഏകോപനം സാധ്യമാകുന്നതിന് പുറമെ, ഓഫിസ് സംവിധാനങ്ങള്‍, ഐടി, ഗതാഗതം എന്നിവ കാര്യക്ഷമമാവുകയും പാഴ്ച്ചെലവുകള് ഒഴിവാകുകയും അധികമുള്ള പ്യൂണ്‍/ക്ലര്‍ക്ക് എന്നിവരെ കുറയ്ക്കുന്നതിനുമുള്ള വളരെയധികം സാധ്യതകളാണ് തുറക്കും.
പഴയ പാര്‍ലമെന്റ് മന്ദിരം പൊളിച്ചുമാറ്റാന്‍ പോകുന്നു എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. വസ്തുത തരിമ്പുമില്ലാത്തതും ചിട്ടയായ പ്രചാരണത്തിലൂടെയും വാചാടോപത്താലുമുള്ള പ്രചരണം മാത്രമാണിത്. പഴയ മന്ദിരങ്ങളില്‍ മൂന്ന് വിഭാഗങ്ങളുണ്ട് എന്നതാണ് വസ്തുത. ഒന്നാം ഭാഗത്തു വരുന്ന പഴയ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്, സൗത്ത് ബ്ലോക്ക് പോലുള്ള പഴയ ചരിത്രപരമായ കെട്ടിടങ്ങള്‍ എന്നിവ നിലനിര്‍ത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. രണ്ടാമതായി വരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം, സംയോജിത കേന്ദ്ര സെക്രട്ടേറിയറ്റ്, എസ്പിജി കോംപ്ലക്സ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വസതികള്‍ എന്നിവ അരികിലായി നിര്‍മ്മിക്കും. മൂന്നാമതായി ചില കെട്ടിടങ്ങള്‍ പൊളിക്കും.
പൊളിക്കുന്ന കൃഷിഭവന്, നിര്മ്മാണ് ഭവന്, രക്ഷാ ഭവന്, ശാസ്ത്രി ഭവന്, ഉദ്യോഗ് ഭവന്, ഐജിഎന്‍സിഎ അനെക്സ് തുടങ്ങിയ കെട്ടിടങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലെ സൗന്ദര്യാത്മക വിസ്മയങ്ങളാണെന്നത് ആരും കരുതുന്നില്ല. ഇന്നത്തെ അന്തരീക്ഷത്തില്‍ പരിപാലിക്കാന്‍ ചെലവേറിയതും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്തതുമായ ഈ കെട്ടിടങ്ങള്‍ പഴയ കാലത്തെ പിഡബ്ല്യുഡി നിര്‍മ്മിതികളാണ്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 971 കോടി രൂപ ചെലവ് വരും. ഇന്ത്യന്‍ നിര്‍മ്മാണ മേഖലയിലെ അതികായരായ ടാറ്റാസ്, ഷപൂര്‍ജി പലോഞ്ചി തുടങ്ങിയവരാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്റ്റയുടെ ആകെ ചെലവ് 20,000 കോടി രൂപയാണ്. ഗവണ്മെന്റിന്റെ ആകെ വാര്‍ഷിക നികുതി വരുമാനമായ 20 ലക്ഷം കോടി രൂപയുടെ 0.25% മാത്രമാണിത്. പല വിമര്‍ശകരും നമ്മെ വിശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ അതൊരു വലിയ കുറ്റകരമായ ചെലവ് അല്ല. മഹാമാരി പോലുള്ള ഒരു സമയത്ത് ഇത്തരം നിര്‍മ്മാണം തുടരേണ്ടതുണ്ടോ എന്നതാണ് പിന്നീട് ഉയര്‍ത്തുന്ന മറ്റൊരു ചോദ്യം. മധ്യകാലഘട്ടത്തില്‍, സാമ്പത്തിക വിദഗ്ധരുടെയും, വിശേഷപ്പെട്ട സാമ്പത്തിക മാതൃകകളുടെയും പിന്തുണയില്ലാതെ, തിരഞ്ഞെടുക്കപ്പെടാത്ത രാജാക്കന്മാരും നവാബുമാരും ക്ഷാമം, പകര്‍ച്ചവ്യാധി എന്നിവ ഉള്ള സമയത്തും, പൊതുമരാമത്ത് ജോലികള്‍ക്കായി പണം ചെലവഴിക്കുന്നതിന്റെ വിവേകം തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തിന് ആവശ്യമായ ഒരു പൊതുമുതല്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഒരു ഗുണിത പ്രഭാവം രൂപീകരിക്കപ്പെടുകയും അതുവഴി തൊഴില്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക രംഗത്ത് കുറച്ച് പണ ഇടപാടുകള്‍ നടക്കുന്നതിനും സാധിച്ചിരുന്നു. ഇന്ന് ലോകത്തെ പല വികസിത രാഷ്ട്രങ്ങളും, പണലഭ്യത ഉറപ്പുവരുത്തിക്കൊണ്ട്
പൊതുമുതലിനായി ഉദാരമായി ചെലവഴിക്കുന്നതിലൂടെ തങ്ങളുടെ ബാലന്‍സ് ഷീറ്റ് വികസിപ്പിക്കുകയാണ്. ‘വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുന്ന’ ഇത്തരക്കാര്‍ പിന്നെ എന്തിനാണ് എല്ലാ പൊതു ചെലവുകളും നിര്‍ത്തിക്കൊണ്ട് സാമ്പത്തികരംഗത്തെ കൂടുതല്‍ വരള്‍ച്ചയിലേക്ക് തള്ളിവിടാന്‍ ആവശ്യപ്പെടുന്നത്? ഇനി അങ്ങനെ ആണെങ്കില്‍ മറ്റ് ഏതെല്ലാം പദ്ധതികളാണ് നിര്‍ത്തി വയ്ക്കേണ്ടത്? റോഡുകള്‍, റെയിലുകള്‍, കെട്ടിടങ്ങള്‍, ഇവയില്‍ ഏതിന്റെ നിര്‍മ്മാണം നിര്‍ത്തണമെന്ന് ആര് തീരുമാനിക്കും? നിര്‍മാണ പ്രക്രിയകള്‍ എല്ലാം നിര്‍ത്തുകയും സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാവുകയും ചെയ്യട്ടെ. എന്നതാണോ ഉദ്ദേശിക്കുന്നത്? ആരോഗ്യ സംരക്ഷണത്തിനായി ഈ പണം നന്നായി ചെലവഴിക്കുണമെന്ന് അവര്‍ ഞങ്ങളോട് പറയുന്നു. ശരിയാണ്, പക്ഷേ മഹാമാരിക്ക് എതിരെ പോരാടുന്നതിനുള്ള പ്രശ്നം പണമല്ല, മറിച്ച് ആവശ്യമായ വിഭവങ്ങള്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍, ആശുപത്രി കിടക്കകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയാണ്. ഇവയെ ഒറ്റ രാത്രിയില്‍ പണം കൊണ്ട് വാങ്ങാന്‍ കഴിയില്ല; മറിച്ച് കുറച്ചു സമയമെടുത്തേ നേടിയെടുക്കാന്‍ ആവൂ. ഇവ വളരെ അടിയന്തിരമായി നിര്‍മ്മിക്കേണ്ടതാണ് എന്നതില്‍ സംശയമില്ല, എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലെ തടസ്സം എവിടെയാണ്. ഭരണകൂടത്തോടുള്ള ശത്രുതയാല്‍ നയിക്കപ്പെടുന്ന വിചിത്രമായ, വികാരപരമായ കാരണങ്ങളാല്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനവും പൊതു നിര്‍മ്മാണ പ്രവര്‍ത്തനവും നിര്‍ത്തലാക്കാനുള്ള മാനസികാവസ്ഥയാണെങ്കില്‍, ഒരു മോശം സമ്പദ്വ്യവസ്ഥയ്ക്കും പൊതുവായ തകര്‍ച്ചയ്ക്കും ഏവരും തയ്യാറാകണം. കാറുകള്‍ അപൂര്‍വ ആഡംബരവും മെട്രോ കണ്ടെത്താത്തതുമായ കാലത്താണ് പഴയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ഇന്ന് വാണിജ്യ, സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഗതാഗത സംവിധാനവുമായി പരിധിയില്ലാതെ ബന്ധിപ്പിക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട സെന്‍ട്രല്‍ വിസ്റ്റ യാഥാര്‍ത്ഥ്യമാകുമ്പോള്‍ മെട്രോയുടെ മഞ്ഞ, വയലറ്റ് ലൈനുകളെ ബന്ധിപ്പിക്കും. അതുവഴി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വകാര്യ കാറുകളില്‍ സെക്രട്ടറിയേറ്റില്‍ വരേണ്ടതിന്റെ ആവശ്യകത ഒഴിവാക്കപ്പെടും. വിദേശ സന്ദര്‍ശനത്തില്‍, എയര്‍പോര്‍ട്ടുകളുടെയും സിറ്റി സെന്ററുകളുടെയും ട്രാന്‍സിറ്റ് ഓറിയന്റഡ് ഡവലപ്മെന്റില്‍ (TOD) നാം ആശ്ചര്യപ്പെടുകയും, അതിനെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ നാട്ടില്‍ മടങ്ങിയെത്തിയാല്‍, പഴയതും പ്രവര്‍ത്തനരഹിതവുമായ നഗര സംവിധാനങ്ങളില്‍ തുടരാനാണ് നാം ആഗ്രഹിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത TOD, കാറുകളിലെ ഹൈഡ്രോ -കാര്‍ബണ്‍ ജ്വലനം കുറയ്ക്കുകയും, ഏതാനും ചില വൃക്ഷങ്ങള്‍ മുറിക്കേണ്ടി വരുന്നതിനെ അപേക്ഷിച്ച് ധാരാളം പാരിസ്ഥിതിക നേട്ടങ്ങള്‍ തുടര്‍ന്ന് ലഭ്യമാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ മുറിക്കപ്പെടുന്ന മരങ്ങള്‍, വനവല്‍ക്കരണ പദ്ധതി പ്രകാരം ഒന്നിലധികം സ്ഥലങ്ങളില്‍ വീണ്ടും നട്ടുപിടിപ്പിക്കുന്നു. വിശാലമായ കാല്‍നട പാത, കാല്‍നടയാത്രക്കാര്‍ക്ക് അണ്ടര്‍ പാസുകള്‍, കനാലുകള്‍ക്ക് മുകളിലുള്ള പാലങ്ങള്‍, ബെഞ്ചുകള്‍, മരങ്ങള്‍, ആധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഹരിത പ്രദേശങ്ങള്‍ സെന്‍ട്രല്‍ വിസ്റ്റയുടെ പദ്ധതികളും ലേ ഔട്ടുകളും ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുമ്പോള്‍ കാണാന്‍ കഴിയും. പഴയ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുറസ്സായ സ്ഥലങ്ങള്‍ ഇല്ലാത്തതിനാല്‍ വൈകുന്നേരം ഈ പ്രദേശത്ത് ഒത്തുകൂടുന്നവര്‍ക്ക് സംസാരിക്കാന്‍ സൗകര്യങ്ങളില്ല. തുറന്ന ഹരിത ഇടങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ മരങ്ങള്‍, പരിസ്ഥിതി, പൈതൃകം എന്നിവയുടെ പേരില്‍ കഴിഞ്ഞ ഏഴ് ദശകങ്ങളായി നിങ്ങളെ തടഞ്ഞത് എന്താണ് എന്നത് നീതിപൂര്‍വകമായ ഒരു ചോദ്യമാണ്.
സുതാര്യത ഇല്ലായ്മയും, അഴിമതിയുമാണ് നമ്മുടെ രാജ്യത്തെ മധ്യവര്‍ഗ്ഗം ഏറെക്കാലമായി ഉയര്‍ത്തിക്കാട്ടുന്ന രണ്ട് പ്രശ്നങ്ങള്‍. ചിലപ്പോഴൊക്കെ ഇത് ഏറെക്കുറെ ശരിയായിരുന്നു താനും. നഗരങ്ങള്‍, ജനപ്രീതിയാര്‍ജ്ജിച്ച കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി വിദേശികളായ വാസ്തുശില്പികളെ പ്രധാനമന്ത്രിമാര്‍ നാമനിര്‍ദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ കൊണ്ട് നമ്മുടെ നഗരങ്ങളുടെ കഥകള്‍ ഏറെക്കുറെ നിറഞ്ഞിരിക്കുകയുമാണ്.
പണ്ഡിറ്റ്നെഹ്റുവിന്റെ കാലത്ത് ഈ അവസ്ഥ ഏറെ ദൃശ്യമായിരുന്നു. ചണ്ഡീഗഡ് നിര്‍മ്മിച്ചത് ഫ്രഞ്ച് പൗരനായ ലെ കോര്ബ്യുസിയെയ് ലൊക്കോ ബൂസിയെ ആണ്. ഒഡീഷയുടെ പുതിയ തലസ്ഥാനം ആയ ഭുവനേശ്വറിനു രൂപം നല്കിയതാകട്ടെ ജര്‍മന്‍ ടൗണ്‍ പ്ലാനറും വാസ്തുശില്പിയുമായ ഓട്ടോ
കോണിഗ്സ്ബെര്ഗെറും. ഇദ്ദേഹം പിന്നീട് ഭാരത സര്‍ക്കാരിന്റെ കീഴില്‍ ഭവനനിര്‍മ്മാണ ഡയറക്ടര്‍ ആയും സേവനമനുഷ്ഠിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ഉരുക്ക് പട്ടണമായ ദുര്ഗാപൂറിന് രൂപം നല്‍കിയത് അമേരിക്കന്‍ വാസ്തുശില്പികള് ആയ
ജോസഫ് അലന് സ്റ്റൈനും ബെഞ്ചമിന്‍ പോള്‍ക്കും ചേര്‍ന്നാണ്. ഇതേ സ്റ്റൈന്‍ തന്നെയാണ് ഏറെ പ്രശസ്തമായ ഇന്ത്യ അന്താരാഷ്ട്ര കേന്ദ്രവും, ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രവും നിര്‍മ്മിച്ചത്. ഇങ്ങനെ നോക്കുകയാണെങ്കില്‍ ഈ പട്ടിക ഇനിയും നീളാന്‍ ആണ് സാധ്യത. ഇന്ത്യയുടെ പ്രത്യേകതകളില്‍ ഒന്നായി പരക്കെ കരുതപ്പെടുന്ന, വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാത്ത നഗരങ്ങളിലെ തിരക്കുകള്‍ വച്ചുനോക്കുമ്പോള്‍, ഇവരുടെ പരിശ്രമ ഫലങ്ങള്‍ മികച്ചതാണ് എന്നും വിലയിരുത്താന്‍ ആകും. എന്നാല്‍ അഴിമതി, വലിയ തോതിലുള്ള സംവാദങ്ങള്‍, വിഭജനങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞ ഇന്നത്തെ ഇന്ത്യയിലാകട്ടെ, ഗുണപ്രദമായ എന്തെങ്കിലും നിര്‍മ്മിക്കുക എന്നത് ഭരണതലത്തില്‍ തന്നെ ഒരു ദുസ്വപ്നം ആയും രാഷ്ട്രീയപരമായി അസംഭവ്യമായും മാറിക്കൊണ്ടിരിക്കുകയാണ്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ രൂപകല്പന, നിര്‍മ്മാണം എന്നിവയ്ക്കായി പാലിച്ച നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒന്നുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചത് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആണ്. ഇന്ത്യ ഗേറ്റിനേക്കാള്‍ ഉയരമുള്ള ഒരു കെട്ടിടവും പദ്ധതിയുടെ ഭാഗമായി വരരുത് എന്ന നിബന്ധനയും ഇതില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിരുന്നു. പ്രശസ്തമായ ഏകദേശം ആറോളം രൂപകല്പന- നിര്‍മ്മാണ സംരംഭങ്ങളാണ് പദ്ധതിക്കായുള്ള ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ ബിമല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള എച്ച്സിപി ഡിസൈന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് ലേലത്തില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹം ഗുജറാത്ത് സ്വദേശിയാണ് എന്നുള്ള വസ്തുത നിരന്തരമായ ചര്‍ച്ചകള്‍ക്കും, അപവാദ പ്രചരണങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്. ബിമല്‍ പട്ടേലിന്റെ പ്രവര്‍ത്തനമികവ് എന്തെന്ന് കാലം തെളിയിക്കും. എന്നാല്‍ ശിശു ജനിക്കുന്നതിനു മുന്‍പ് തന്നെ, കുട്ടിയെ കാണാന്‍ മോശമാണ് എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ക്ക് ചിലര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. വസ്തുതകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ, മുന്‍ ധാരണകളോടുകൂടിയാണ് പലരും വിഷയം സമീപിക്കുന്നത്.
എന്തായാലും പദ്ധതി നടത്തിപ്പുകാര്‍ ഡല്‍ഹി അര്‍ബന്‍ ആര്‍ട്സ് കമ്മീഷനില്‍ (DUAC) ല്‍ നിന്നും, പദ്ധതിയുടെ ആശയം സംബന്ധിച്ച അനുമതി നടത്തിപ്പുകാര്‍ കൈപ്പറ്റി കഴിഞ്ഞു. പദ്ധതി സംബന്ധിച്ച ധനപരമായ എല്ലാ തീരുമാനങ്ങളും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെയാണ് കൈക്കൊള്ളുന്നത്. ഇതിനു ആവശ്യമായ ധന വിഹിതം നല്കുന്നതാകട്ടെ ധന മന്ത്രാലയത്തില്‍ നിന്നും. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് നടത്തിയ പദ്ധതി അവലോകന പഠനങ്ങള്‍ക്ക് ശേഷം, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ നടപടികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാനുള്ള അനുമതിയും നല്‍കിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് നിയമപരമായ പ്രശ്നങ്ങളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുകയും ചെയ്തു.
ഇത്രയൊക്കെ തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിട്ടും, ഈ സ്ഥാപനങ്ങളെല്ലാം നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വഴങ്ങി കൊടുത്തു എന്നാണ് ആരോപണം എങ്കില്‍, അതിലും നല്ലത് നാം ഒരു രാഷ്ട്രം എന്ന നിലയില്‍ നമ്മെതന്നെ എഴുതിത്തള്ളുകയും, ടിവി സ്റ്റുഡിയോകളില്‍ ഹൃദയം പൊട്ടുമാറുച്ചത്തില്‍ വിളിച്ചു കൂവുന്ന, വാട്സ്ആപ്പ് സര്‍വകലാശാലകളിലൂടെ അബദ്ധ പ്രചരണം നടത്തുന്നവര്‍ മാത്രമാണ് ഈ രാജ്യത്തെ നയിക്കാന്‍ കഴിവുള്ള അവശേഷിക്കുന്ന ഏക വിഭാഗം എന്ന ആരോപണത്തെ പുല്കുകയും ചെയ്യുന്നത് ആണ് നല്ലത്.
ഒരു കാര്യം വ്യക്തമാണ് – സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് മേലുള്ള വിമര്‍ശനങ്ങള്‍ ഒരിക്കലും വസ്തുതകളെയോ, ആവശ്യകതയേയോ അടിസ്ഥാനമാക്കിയുള്ളല്ല. മറിച്ച് അത്തരം എല്ലാ ആരോപണങ്ങളും ധാര്‍മ്മികത, പരിസ്ഥിതി, പക്ഷികള്‍, ഗൃഹാതുരത്വം, സൗന്ദര്യശാസ്ത്രം, പദ്ധതി നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത സമയം തുടങ്ങി തങ്ങള്‍ക്ക് അനുകൂലം എന്ന് കാണുന്ന എല്ലാ തരം കാരണങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്.
പദ്ധതിക്കെതിരായ ഏകപക്ഷീയമായ നിലപാടുകളോട് സമാന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരു നിരീക്ഷകന് ഇതിനെ ”ഹൃദയശൂന്യമായ” സമുച്ചയം എന്നും വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ തികച്ചും വിരോധാഭാസപരമായ ഈ കാഴ്ചപ്പാടിന്റെ ആശയത്തോട് ചേര്‍ന്ന് പരിശോധിക്കുകയാണെകില്‍ നമുക്കുചുറ്റും ഇന്നുകാണുന്ന പല വലിയ കെട്ടിട സമുച്ചയങ്ങളും തങ്ങള്‍ക്ക് കീഴില്‍ അടിമകളെപ്പോലെ ജീവിച്ചിരുന്ന ജനങ്ങളോട്, കോളനി യജമാനന്മാര് കാട്ടിയ ”കരുണയാണ്” എന്നും പറയേണ്ടി വരും.
സച്ചിന് ശ്രീധര്‍
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സാങ്കേതികവിദ്യ മേഖലയിലെ ഒരു സംരംഭകനും )
പ്രതികരിക്കാൻ ഇവിടെ എഴുതുക: