ചാത്തന്നൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന് പട്ടിണിക്കോലമായി ദേഹം മുഴുവന്‍ പുഴുവരിച്ച് മൃതപ്രായനായി കിടന്നിട്ടും ആരോഗ്യപ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും കാട്ടിയ അലംഭാവവും വീഴ്ചയും ചര്‍ച്ചയാകുന്നു.
ഒരു മാസത്തിലധികമായി ഇദ്ദേഹം പുറത്തിറങ്ങാറില്ല. ഇതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഹോമിയോ ഗുളികകളുമായി വാര്‍ഡിലെ എല്ലാ വീടുകളിലും ചെന്നതായി രേഖയുണ്ട്. പക്ഷെ വാര്‍ഡില്‍ എങ്ങും തന്നെ ഹോമിയോ മരുന്ന് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകയുടെ പ്രതിമാസ സന്ദര്‍ശക പട്ടികയിലും ഇദ്ദേഹത്തിന്റെ പേരില്ല. വാര്‍ഡിലെ ആരോഗ്യ രജിസ്റ്ററിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതെല്ലാം കൊണ്ട് തന്നെ ഗുരുതരമായ വീഴ്ചയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്തമാകുന്നു.
ചാത്തന്നൂര്‍ പഞ്ചായത്തില്‍ സമൂഹ അടുക്കളയും കുടുംബശ്രീ വഴിയുള്ള ഭക്ഷണവിതരണവും വാര്‍ഡ് തലത്തില്‍ സന്നദ്ധപ്രവര്‍ത്തകരും ക്ലസ്റ്റര്‍ സംവിധാനവും ഉണ്ടെങ്കിലും എല്ലാം രാഷ്ട്രീയവത്കരിച്ചതായി ജനം പറയുന്നു. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായ ആശാപ്രവര്‍ത്തക മുന്‍ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്. നിലവിലെ വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. എന്നിട്ടും ശങ്കരപിള്ളയെ അവഗണിച്ചു.
സുഹൃത്തായ ആട്ടോറിക്ഷാ ഡ്രൈവറാണ് ഇദ്ദേഹത്തിനുള്ള ആഹാരം വാങ്ങി കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആഹാരം കൊടുക്കാന്‍ വന്നപ്പോഴാണ് തീര്‍ത്തും അവശനിലയില്‍ കാണപ്പെട്ടത്. അപ്പോള്‍ തതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശങ്കരപിള്ള സുഖംപ്രാപിച്ചു വരുന്നു. രണ്ട് വിരലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: