കൊച്ചി: ഇതിനകം വിവാദമായ വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിയമവിരുദ്ധമായി മുറിച്ച 15 കോടിയുടെ ഈട്ടിത്തടി വിട്ടുകൊടുക്കാനും ആരോപണവിധേയരായ രണ്ടുപേരെ രക്ഷിക്കാനും വനം വകുപ്പ് ഭരിക്കുന്ന എന്‍സിപിയുടെ ഉന്നതന് നടത്തുന്ന നീക്കമാണ് ആക്ഷേപത്തിന് തിരികൊളുത്തിയത്. ഒരു പ്രമുഖ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ആരോപണവിധേയരില്‍ ഒരാള്‍.
മുട്ടില്‍ സൗത്ത് വില്ലേജിലാണ് മരം മുറി നടന്നത്. 42 ഇടങ്ങളിലായി 505 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംഭവത്തില്‍ തെളിഞ്ഞിട്ടുണ്ട്. വനം മന്ത്രിക്ക് പോലും എന്‍സിപി ഉന്നതന്റെ സമ്മര്‍ദ്ദം മറികടന്ന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നാണ് സൂചന. ആരോപണവിധേയര്‍ കഴിഞ്ഞ ദിവസം എന്‍സിപി നേതാവിനെ വീട്ടിലെത്തി കണ്ടതായും വ്യക്തമായി. കേസ് അട്ടിമറിക്കാന്‍ നിയമപരമായ പഴുതുകളും വനം വകുപ്പ് പരതുന്നു.
അതേസമയം, വനം മന്ത്രിയുടെ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിലും എന്‍സിപി ഉന്നതന് പിടിമുറുക്കിയതില്‍ പാര്‍ട്ടിക്കകത്ത് കടുത്ത ഭിന്നത ഉടലെടുത്തു. ഒരു പ്രമുഖ ചാനല്‍ പുറത്താക്കുകയും പിന്നീട് സ്വര്‍ണക്കടത്തില്‍ പിടിയാലാവുകയും ചെയ്തയാളെ വനം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടിയിലെ ഉന്നതന് പിടിമുറുക്കുന്നത്. കളങ്കരഹിതരായവരെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവര്‍ത്തിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ മുമ്പ് പിടിയിലായ ആളെ മന്ത്രിയുടെ ഓഫീസില്‍ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കമാണ് വിവാദമാകുന്നത്. പുതിയതായി പാര്‍ട്ടിയിലെത്തിയ ആളുകളെ കൂടുതലായി നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതും അതൃപ്തി വ്യാപകമാക്കിയിട്ടുണ്ട്. വനമേഖലയില്‍ ക്വാറികള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കാനും നേതാവ് സമ്മര്‍ദം ചെലുത്തുന്നത് വകുപ്പിനെ കുടുത്ത പ്രതിസന്ധിയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: