ഭാരതീയ ജനതാ പാര്‍ട്ടി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ഗവണ്മെന്റ് ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മോദി ഗവണ്മെന്റിന്റെ ആദ്യ ബജറ്റില്‍ തന്നെ ത്വരിതവളര്‍ച്ചയും സമഗ്രവികസനവും ലക്ഷ്യമിടുന്ന ഒരുദിശാബോധം കാണാമായിരുന്നു. 2009 ല്‍ ആഗോളതലത്തില്‍ രൂപം പൂണ്ട മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ പോലെ തന്നെ ഇന്ത്യയും പൂര്‍ണ്ണമുക്തി നേടുന്നതിനു മുമ്പാണ് മോദി ഭരണം തുടങ്ങുന്നത്. മാന്ദ്യം മറികടക്കുക എന്ന ലക്ഷ്യം വച്ച് പ്രധാനമന്ത്രി അന്നു മുന്നോട്ടുവെച്ച സൂത്രവാക്യം ടെക്നോളജി, ട്രെയിനിങ്,ട്രേയ്ഡ്, ടൂറിസം, ട്രഡീഷന്‍ എന്നിവയിലൂന്നി മുന്നോട്ടുപോകും എന്നായിരുന്നു. ഇന്ത്യയിലെ 136 കോടി ജനങ്ങളെ ചൂണ്ടിക്കാട്ടി മോദിജി ലോകത്തോടു പറഞ്ഞു, ”ഇന്ത്യയില്‍ ജനാധിപത്യമുണ്ട്. 360 കോടി ജനമുണ്ട്. അവരുടെ വാങ്ങല്‍ശേഷി ഉണ്ട്. വരിക ഇന്ത്യയില്‍ വന്നുല്പാദിപ്പിക്കുക”. ലോകോത്തര സര്‍വ്വകലാശാലകളില്‍ നിന്ന് മേല്‍ത്തരം ഡിഗ്രി എടുത്തിട്ടില്ലെങ്കിലും അത് കാര്യകാരണസഹിതം ആര്‍ക്കും ബോദ്ധ്യപ്പെടും. എത്രഗഹനമായകാര്യങ്ങള് അവതരിപ്പിക്കാന്‍ കഴിവുള്ളൊരു പ്രതിഭയാണ് അദ്ദേഹം. മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 ട്രില്ല്യന്‍ ജിഡിപി എന്ന അജണ്ടയുമായി ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. അതും ആത്മനിര്‍ഭര്‍ഭാരത് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്. എന്നാല്‍ ആദ്യ ബജറ്റില്‍ തന്നെ പുറത്തുവിട്ടചില നയമാറ്റങ്ങള്‍ ഉണ്ട്.
1. ഘട്ടം ഘട്ടമായി സബ്സിഡികള്‍ വെട്ടിക്കുറച്ച് പൂര്‍ണമായി നിര്‍ത്തലാക്കും എന്നുള്ളതാണ് ആദ്യത്തേത്.
2. ഗവണ്മെന്റിന്റെ ഉത്തരവാദിത്തം വ്യവസായങ്ങള്‍ നടത്തി സ്വകാര്യമേഖലയോട് മത്സരിക്കുകയല്ല. അതിനാല്‍ പൊതുമേഖലയിലുള്ള വ്യവസായങ്ങളെ – നാം അവയെ സ്വകാര്യവല്കരണപ്രക്രിയ തുടങ്ങുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ ‘കമാന്‍ഡിങ്ങ് ഹൈറ്റ്സ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആ ഗണത്തില്‍ 18 പരമപ്രധാന വ്യവസായങ്ങള്‍ ഉണ്ടായിരുന്നു. പൊതുമേഖലയുമായി ബന്ധപ്പെട്ട നയമാറ്റത്തെ സ്ട്രാറ്റജിക് സെയില്‍, അഥവാ തന്ത്രപരമായ വില്പന എന്ന നയപ്രഖ്യാപനമായാണ് ഗവണ്മെന്റ് ഉയര്‍ത്തിക്കാട്ടിയത്. ഈ രണ്ടു നയങ്ങളുടേയും ദിശ ശരിയാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കതീതമല്ല. ഗവണ്മെന്റിന്റെ ഏറ്റവും പ്രധാന പാളിച്ചകള്‍ ചര്‍ച്ചചെയ്യുന്ന വേളയില്‍ അവ സ്പര്ശിക്കാം എന്ന് കരുതുന്നു.
2014ല്‍ മോദി ഗവണ്മെന്റ് അധികാരത്തിലെത്തുമ്പോള്‍ 2009 ല്‍ തുടങ്ങിയ ആഗോളമാന്ദ്യത്തിന്റെ അനുരണനങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. അത് മറികടക്കാന്‍ പര്യാപ്തമായ നടപടികളാണ് ആദ്യബജറ്റില്‍ തന്നെ ഇടം പിടിച്ചത്.വിവിധവകുപ്പുകളില്‍ തീരുമാനങ്ങള്‍ കാലതാമസമില്ലാതെ എടുക്കാനും ബിസ്സിനസ് നടത്തിപ്പ് സുഗമവും സുതാര്യവുമാക്കാനും കൊണ്ടുവന്ന നടപടിയാണ് ‘ഇ-ബിസ്) (അഥവാ സിംഗിള്‍ വിന്‍ഡോ ഐടി പ്ലാറ്റ് ഫോം). വ്യവസായ തീരുമാനങ്ങള്‍ കാലതാമസം കൂടാതെ എടുക്കുന്നതിനുവേണ്ടിയുള്ള വളരെ ശ്ലാഘനീയമായ നടപടിയായിരുന്നു. ഇതോടൊപ്പം അനുപൂരകങ്ങളായ നിരവധി നടപടികള്‍കൂടി കൈക്കൊണ്ടതിനാലാണ് വ്യവസായ സൗഹൃദ ഇന്‍ഡക്സില്‍ ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് കുതിപ്പുണ്ടായത്. ആ വഴിയില്‍ സംസ്ഥാനങ്ങളെ കൂടി മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപാധികളും കേന്ദ്രം കണ്ടെത്തി എന്നതാണ് ശ്രദ്ധാര്‍ഹം. ഉദാ: കൊറോണ പ്രതിസന്ധി മറികടക്കാനുള്ള ഇന്‍സെന്റീവ് പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങളുടെ കടം എടുക്കാനുള്ള പരിധി ജിഎസ്ഡിപി യുടെ മൂന്നുശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ഉയര്‍ത്തിയപ്പോള്‍ അതിനു വച്ച ഉപാധികളില്‍ ഒന്ന് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് ഇന്‍ഡക്സ് മെച്ചപ്പെടുത്തണം എന്നുള്ളതായിരുന്നു.
വ്യവസായ ഇടനാഴികള്‍ വ്യാവസായികവികസനത്തിന്റെ നട്ടെല്ലാണെന്നു മനസ്സിലാക്കിയുള്ള മുന്നേറ്റമാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം. അതിനായി 100 കോടിയുടെ അടിസ്ഥാന നിധി രൂപീകരിച്ചുകൊണ്ട് ദേശീയവ്യവസായ ഇടനാഴി അതോറിറ്റി സ്ഥാപിച്ചു. വ്യവസായ ഇടനാഴി വികസനത്തോടൊപ്പം ഊന്നല്‍ കൊടുക്കേണ്ടതാണ് അവയോടുചേര്‍ന്നുള്ള വ്യവസായ ക്ലസ്റ്ററുകളുടെ വളര്‍ച്ച. ഒന്നാമത്തെ ബജറ്റില്‍ തന്നെ തുക വക കൊള്ളിച്ചത് 20 വ്യവസായ ക്ലസ്റ്ററുകളുടെ രൂപീകരണത്തിനാണ്. വ്യവസായ ഇടനാഴികള്‍, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന റെയില്‍, റോഡ്, എയര്‍പോര്‍ട്ട്- തുറമുഖ ഗതാഗതശൃംഖലയുടെ അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഒരോ ബജറ്റിലും ഊന്നലോടെ അവതരിപ്പിച്ചു. കയറ്റുമതി പ്രോത്സാഹനമിഷന് സ്ഥാപിച്ചു. വ്യവസായം, കയറ്റുമതി, ഇറക്കുമതി മേഖലകളെ ബന്ധിപ്പിച്ച് മുന്നേറാനുള്ള നടപടികളെടുത്തു. സാങ്കേതിക വിദ്യാഭ്യാസ വ്യവസായമേഖലകളെ ബന്ധിപ്പിക്കാനായി അപ്രന്റിസ്ഷിപ്പ് ആക്ട് ഭേദഗതി ചെയ്തു.
സംരംഭകത്വമികവും തൊഴില്‍ ലഭ്യതാമികവും വളര്‍ത്തിയെടുത്ത് യുവജനങ്ങളുടെ ഉല്‍പ്പാദനക്ഷമതയും സമ്പാദനക്ഷമതയും വളര്‍ത്തുന്നതില്‍ ‘സ്കില്‍ ഇന്ത്യ’ അഥവ നൈപുണി വികസന പദ്ധതിക്ക് തുടക്കമിട്ടു. നാമമാത്ര, ചെറുകിട ഇടത്തരം (എംഎസ്എംഇഎസ്) സംരംഭങ്ങളാണ് ഇന്ത്യയില്‍ തൊഴിലിന്റെ 94 മുതല്‍ 96 ശതമാനം വരെ സംഭാവന ചെയ്യുന്നതെന്ന തിരിച്ചറിവില്‍ അവയുടെവളര്ച്ചയ്ക്ക് മുന്‍ഗണനയും ചരക്കുസേവന നികുതിനയത്തില്‍ വേണ്ട ഇളവുകള്‍ നല്‍കുകയും ചെയ്തു. ആരംഭഘട്ട മൂലധനം ടമേൃ േഡു ഇമുശമേഹ പ്രദാനം ചെയ്ത് തൊഴില്‍ അന്വേഷകരായ യുവജനങ്ങളെ സംരംഭകത്വമികവോടെ നൂതന ആശയങ്ങളുമായി വ്യവസായലോകത്തേക്ക് ആകര്‍ഷിക്കാന്‍ പതിനായിരം കോടിയുടെ കോര്‍പ്പസ് നിധി രൂപീകരിച്ച് മുന്നേറുന്നു. തൊഴില്‍ അന്വേഷകരെയല്ല തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കുക എന്ന ഉദാത്തലക്ഷ്യം അഥവാ ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള കുതിപ്പിന് ഇവിടുത്തെ സംരംഭകരെ സജ്ജരാക്കുന്നതാണ് ഉപാധികളില്ലാതെ വിദേശകുത്തകകളെ ക്ഷണിച്ചുവരുത്തുന്നതിലും ഉചിതവും അപകടരഹിതവും. കോടിക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കുകയും കയറ്റുമതിയിലൂടെ വിദേശനാണ്യലഭ്യത സുസ്ഥിരമാക്കുകയും ചെയ്യുന്ന വസ്ത്രവ്യാപരം, വജ്ര, ആഭരണവ്യാപാരം, എന്നിവയ്ക്ക് കൊടുക്കുന്ന മുന്തിയ ഊന്നല്‍ ശ്രദ്ധേയമാണ്. വസ്ത്രവ്യാപാരം, കൈത്തറി, കരകൗശലം എന്നിവയും പൈതൃകം നിലനിര്‍ത്തുന്നതിനായി അതതിന്റെ ഊന്നലുള്ള മേഖലകളില്‍ കൊണ്ടുവന്ന ക്ലസ്റ്റര്‍ വികസനരീതി ഓര്‍ക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയാണ് ഏറ്റവും മുഴച്ച് നില്ക്കുന്നത.് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അടുത്ത വിപ്ലവ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യ പിന്നിലാവരുതെന്ന ദൃഢനിശ്ചയം അഭിനന്ദനാര്‍ഹമാണ്. ഒരുപക്ഷേ കൊവിഡ് എന്ന മഹാമാരി വന്നപ്പോള്‍ സ്കൂള്‍തലം മുതലുള്ള ചെറുത്തു നില്പ്പിനും ജിഡിപിയുടെ ഇടിവിനും ഒരു പരിധിവരെയെങ്കിലും തടയിടാന്‍ സഹായിച്ചത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലുള്ള മുന്നേറ്റമാണ്. ഇന്ത്യയുടെ വ്യവസായ ഭൂപടത്തില്‍ നരേന്ദ്രമോദി ചെലുത്തിയ സ്വാധീനം വലുതാണ്. കോണ്‍ഗ്രസ്സിന് ശക്തമായൊരു ബദല്‍ സൃഷ്ടിച്ച് ബിജെപി വളര്‍ന്നുവെന്നതും ജനാധിപത്യത്തിന്റെ ഭാവി ശോഭനമാക്കും. എന്നാല്‍ ആദ്യ മോദിഭരണത്തിന്റെ രണ്ടാം പകുതിയില്‍ തൊട്ട് കൈക്കൊണ്ട പല നയങ്ങളും നടപടികളും മോദി മുന്നോട്ടുവച്ച വളര്‍ച്ച വികസന കാഴ്ചപ്പാടിന്റെ തിളക്കംകെടുത്തുന്ന തരത്തിലുള്ളവയായിരുന്നു.
എന്താണ് വളര്‍ച്ച? ജിഡിപിയിലുണ്ടാവുന്ന വര്‍ദ്ധന-പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിലെ വളര്‍ച്ചയുടെ ആകെത്തുകയാണ്. എന്താണ് വികസനം? വളര്‍ച്ചയെ നീതിയുക്ത വിതരണം ചെയ്യപ്പെടുമ്പോഴാണ് വളര്‍ച്ച വികസനത്തിലേയ്ക്കു നയിക്കുന്നത്.വികസന ലക്ഷ്യങ്ങളില്‍ ക്ഷതമേല്ല്പിക്കുന്നതായിരുന്നു പിന്നീടു വന്ന പല നയങ്ങളുടേയും ഫലം. വിതരണം കൊണ്ടുദ്ദേശിക്കുന്നത് ‘മണിട്രാന്‍സ്ഫര്‍’ അല്ല. അത് ഒരു ഘടകം മാത്രം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപിക്കുന്ന മൂലധനത്തിന്റെ ഗുണഭോക്താക്കള്‍ സര്വ്വജനങ്ങളുമാണ്. അവിടെ വലിയ തോതില്‍ വിഭവവിന്യാസം നടത്തുമ്പോഴാണ് വളര്‍ച്ച എല്ലാ വിഭാഗങ്ങളിലേക്കും അരിച്ചിറങ്ങും എന്ന സാമ്പത്തിക ശാസ്ത്രതത്വം അന്വര്‍ത്ഥമാകുക. അതിനു പക്ഷേ ഒരുപാടു കാലമെടുക്കും. 1986 ലെ കോത്താരികമ്മീഷന്‍ ശുപാര്‍ശ തന്നെ ജിഡിപിയുടെ 5% വിദ്യാഭ്യാസത്തിന് വകയിരുത്തണമെന്നാണ്. നാളിതുവരെ അത് 2% ല്‍ കൂടിയിട്ടില്ല. 2017 ല്‍ മോദി ഗവണ്മെന്റ് ആരോഗ്യനയം പ്രഖ്യാപിച്ചു. അതില്‍ ഊന്നിപ്പറയുന്നത് 2022 ആകുമ്പോഴേക്ക് കേന്ദ്രം ആരോഗ്യമേഖലയ്ക്കായുള്ള മൂലധനനിക്ഷേപം ജിഡിപിയുടെ 2.5% മുതല്‍ 3% വരെയും സംസ്ഥാനങ്ങള്‍ 2020 നകം ജിഎസ്ഡിപി (സംസ്ഥാന, മൊത്ത ആഭ്യന്തരവരുമാനം) യുടെ എട്ടു ശതമാനവും നീക്കിവയ്ക്കണം എന്നാണ്. 2020-21 ലെ കേന്ദ്രബജറ്റില്‍ ആരോഗ്യത്തിനായി വകയിരുത്തിയത് ജിഡിപിയുടെ 1.1% മാത്രം.
2021-22 ബജറ്റിലാകട്ടെ ഒരു ശതമാനത്തില്‍ താഴെ മാത്രം. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് കൊവിഡിന്റെ രണ്ടാം വ്യാപനത്തില്‍ നാം കണ്ടു. 2017 ലെ ആരോഗ്യനയം സംസ്ഥാനങ്ങളില്‍ എങ്ങനെ നടപ്പിലാക്കി? സത്യം പറയാമല്ലോ, സംസ്ഥാനതലത്തില്‍ ആരോഗ്യ,ധനവകുപ്പുകള്‍ അങ്ങനെയൊരു കേന്ദ്രനയം ഉള്ളതായിപ്പോലും അറിഞ്ഞമട്ടില്ല. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ വളര്‍ച്ച, മനുഷ്യവികസന സൂചികയില്‍ ഒന്നാം സ്ഥാനം എന്നൊക്കെ സര്‍ക്കാരുകള്‍ വീമ്പിളക്കുന്നത് നാം കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഗവണ്മെന്റ് നിക്ഷേപത്തേക്കാള്‍ കൂടുതല്‍ നിക്ഷേപം ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയിട്ടുള്ളത് സ്വകാര്യമേഖലയാണ്. കൂടുതലും ചില ന്യൂനപക്ഷസമുദായങ്ങള്‍. ധനമന്ത്രി ബാലഗോപാല്‍ ആരോഗ്യ മേഖലയ്ക്ക് ഈ പ്രതിസന്ധിഘട്ടത്തില്‍ എന്തു വിലയിരുത്തുമെന്ന് നമുക്ക് കാത്തിരുന്നുകാണാം.
സബ്സിഡികള്‍: ക്ഷേമോന്മുഖമായ വിതരണത്തിനുള്ള ഒരുപാധിയാണ് സബ്സിഡി. കൃഷിക്ക് സബ്സിഡി എന്നുപറയുന്നത് ഉല്‍പ്പന്നങ്ങള്‍ക്ക് തറവിലയായും വിത്ത്, വളം, കീടനാശിനി, ജലസേചനം എന്നിവയ്ക്ക് വിലക്കുറവിന്റെ രൂപത്തിലും കര്ഷകരിലെത്താം. ഇന്ത്യന്‍ കര്‍ഷകരില്‍ 68% ഉം നാമമാത്ര, ഇടത്തരം, ചെറുകിടക്കാരാണെന്നുവച്ചാല് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവരെന്നര്ത്ഥം. അപ്പോള്‍ കാര്‍ഷിക സബ്സിഡി നീതിപൂര്‍വ്വമായ വിതരണത്തിനുള്ള ഒരുപാധിയാണ്. കാര്‍ഷികസബ്സിഡികള്‍, കാര്‍ഷിക ജിഡിപിയുടെ 10% ല്‍ കവിയാതെ നോക്കണമെന്നാണ് ഡബ്ല്യുടിഒയുമായുള്ള കരാറില്‍ വികസ്വരരാജ്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പിന്നെന്തിന് സബ്സിഡികള്‍ ഘട്ടം ഘട്ടമായി നിറുത്തലാക്കണം? അത് വികസന ശ്രമങ്ങളെ പിറകോട്ടടിക്കും. കാര്ഷികവളര്ച്ചയേയും തകര്‍ക്കും. ഇനിയും പോയ 7 വര്‍ഷകാലത്തെ വിലയിരുത്തേണ്ടത് മറ്റു ചില നിയമനിര്‍മ്മാണങ്ങള്‍ നയങ്ങള്‍ എന്നിവയൊക്കെ വച്ചാണ്.
2016 നവംബര്‍ 8, നോട്ടു നിരോധനം- രാജ്യത്തു ഓടിക്കൊണ്ടിരുന്ന പണത്തിന്റെ 86.4% മാണ് മുന്നൊരുക്കങ്ങളില്ലാതെ ഒറ്റ രാത്രികൊണ്ട് പിന്‍വലിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് ഇന്ധനം പോലെയാണ് ഒരു സമ്പദ് ഘടനയില്‍ പണം.
ഇന്ധനം തീര്‍ന്നാല്‍ വാഹനം ഇടിച്ചുനില്ക്കുന്നതുപോലെ സമ്പദ്ഘടനയും സ്തംഭിച്ചു. നീതി ആയോഗ് വൈസ് ചെയര്‍മാനായിരുന്ന രാജീവ് കുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യയില്‍ അനുഭവപ്പെട്ടത് 73 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ പണച്ചുരുക്കം. അതിന്റെ ഫലമെന്തായിരുന്നു. എന്‍എസ്എസ്ഒ കണക്കുകള്‍ പറഞ്ഞു, 45 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ. 6.1% ല്‍ തുടങ്ങി 26% വരെ വളര്‍ന്നു തൊഴിലില്ലായ്മ (ഇക്കണോമിക് സര്‍വ്വേറിപ്പോര്‍ട്ട് 2019)ജിഎസ്ടി: ശരിയായ നയമായിരുന്നു. മുന്നൊരുക്കങ്ങള്‍ കുറഞ്ഞുപോയതു കൊണ്ടും നോട്ടു നിരോധനം സൃഷ്ടിച്ച മാന്ദ്യം മറികടന്നിരുന്നില്ലെതുകൊണ്ടും റവന്യൂവരുമാനം ഇടിഞ്ഞു. മാന്ദ്യത്തിന് ആക്കം കൂടി.
ഇതിനിടയിലാണ് വിവാദനിയമങ്ങള്‍ പാര്ലിമെന്റിലെത്തിയതും മൃഗീയഭൂരിപക്ഷമുള്ള പാര്‍ട്ടി പൊതുജന, രാഷ്ട്രതാല്പര്യങ്ങള്ക്ക് വിരുദ്ധമായി പല നിയമങ്ങളും പാസ്സാക്കിയതും ഒന്നാം എന്‍ഡിഎ ഗവണ്മെന്റിന് രാജ്യസഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ അടച്ചുസൂക്ഷിച്ച പല ബില്ലുകളും രണ്ടാം വരവിന്റെ ആരവത്തിലാണ് കൊട്ടുംകുരവയുമായി പാസ്സാക്കിയത്. അക്കൂട്ടതില് പെട്ടവയാണ് പൗരത്വഭേഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്ട്രി, തൊഴില്‍ കരാര്‍ നിയമം തുടങ്ങിയവ. ഇവയേക്കാളൊക്കെ ദൂരവ്യാപക ദോഷഫലങ്ങള്‍ ഉളവാക്കുന്നുവയാണ് 2020 സെപ്റ്റംബറില്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍. 48% പേര് തൊഴിലും ഉപജീവനവും തേടുന്ന കൃഷി, 136 കോടി ജനത്തെ തീറ്റിപ്പോറ്റുകയും വലിയ അളവില്‍ കയറ്റുമതിവരുമാനം നേടിത്തരുകയും ചെയ്യുന്ന കൃഷി, ആ മേഖലയെ തകര്‍ക്കുന്ന നിയമങ്ങളാണ്. കൃഷിയില്‍ നിന്ന് വ്യവസായത്തിലേക്കും സേവനമേഖലയിലേയ്ക്കും തൊഴിലാളികള്‍ ചേക്കേറുന്നത് വളര്‍ച്ചയുടേയും വികസനത്തിന്റേയും അനന്തരഫലങ്ങളാണ്. അല്ലാതെ നിയമനിര്‍മ്മാണം, പൊലീസ് മുറ എന്നിവ വഴി നേടേണ്ടതല്ല. ഈ നിയമങ്ങള്‍ പാസാക്കിയത് രമേഷ്ചന്ദ്, അശോക് ഗുലാത്തി തുടങ്ങിയ സര്വ്വാദരണീയരായകാര്ഷിത വിദഗ്ധര്‍ നീതി ആയോഗിലുള്ളപ്പോഴാണെന്നത് ദു:ഖകരമാണ്. കര്‍ഷകരുടെയും രാജ്യത്തിന്റെയും ഭക്ഷ്യ-കൃഷി സുസ്തിരതയേക്കാല് അവര്‍ വിലയിട്ടത് ഗവണ്മെന്റിനോടുചേര്ന്ന് നിന്ന് അവര്‍ക്കു ലഭിക്കുന്ന സ്ഥാനമാനങ്ങളും ഇനാമും ആണെന്നാണ്. ആറുമാസമായി വെയിലും മഴയും പട്ടിണിയും രോഗവുമായി മല്ലിട്ടും തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ മനസ്സില്‍ പ്രതിഛായ മോശമാകുന്നത് ഗവണ്മെന്റിന്റേതാണ് എന്ന കാര്യം മറക്കരുത്. ഒരു ലോകനേതാവിന്റെയും ജേതാവിന്റേയും നിലയിലേക്കുയര്ന്നിരുന്ന മോദിയില്ല ഇപ്പോഴുള്ളത്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഛായ തിരിച്ചുപിടിക്കാന്‍ കര്‍ഷകസമരം കര്‍ഷകര്‍ക്ക് അനുകൂലമായി ഒത്തുതീര്‍പ്പാക്കണം. കൊവിഡിന്റെ 3-ാം വ്യാപനം തൊട്ടിങ്ങോട്ടുള്ള പ്രഹരങ്ങളെ അതിജീവിക്കാന്‍ കഴിയണം. ഭാരതീയരായ നാം ഭാരതാംബയുടെ മക്കളും സഹോദരീസഹോദരുമാണെന്ന് ഭരണഘടനയെതൊട്ടു ഉരുവിടുമ്പോള്‍ ആ വാക്കുകള്‍ ആത്മാവിന്റെ ആ മന്ത്രണമാവണം. സഹസ്രാബ്ദങ്ങള്‍ ഒന്നിച്ചു കഴിഞ്ഞവരുടെ അടിവേരുകള്‍ തേടുന്ന നിയമനിര്‍മ്മാണം നടത്തുകയല്ല വേണ്ടത്. അവര്‍ ദാരിദ്ര്യത്തിലാണോ, രോഗത്തിലോ, വിദ്യാഭ്യാസ സൗകര്യമില്ലാത്തവരുമാണോ എന്നു തിരക്കി അവയ്ക്കെതിരെയാണ് നിയമ നിര്‍മ്മാണം നടത്തേണ്ടത്. സര്‍വ്വംസഹയായ ഭൂമി മാതാവിന് മക്കളെല്ലാം സമന്മാരാണ്. ഉള്ളവരെ കൂടുതല്‍ ഉള്ളവരും ഇല്ലാത്തവരെ കൂടുതല്‍ ഇല്ലാത്തവരുമാക്കുന്ന നയങ്ങളുമായി മുന്നോട്ടുപോയാല്‍ കാലംചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നമ്മെ എറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: