ന്യൂദല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ‘വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് ഏറ്റവും പ്രധാന്യം. ഇക്കാര്യത്തില്‍ വീട്ടുവീഴ്ചയില്ല.’- പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രസ്താവനയില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്കണ്ഠ അവസാനിപ്പിക്കണം. പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാനായി നിര്‍ബന്ധിക്കരുതെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സിബിഎസ്ഇ) ചെയര്മാന് മനോജ് അഹൂജ തുടങ്ങിയവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.
ഇനി കൃത്യമായി രൂപീകരിച്ച മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ഫലം സമയബന്ധിതമായി സമാഹരിക്കാന്‍ സിബിഎസ്ഇ നടപടിയെടുക്കുമെന്ന് പിഎംഒയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഏതെങ്കിലും വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ ആഗ്രഹിച്ചാല്‍ സാഹചര്യം അനുകൂലമാകുമ്പോള്‍ അതിനുള്ള അവസരമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: