തരുണ്‍ വിജയ്
ട്വിറ്റര്‍ എന്നത് ഒരു ഉപാധിയല്ലാതെ മറ്റൊന്നുമല്ല. സ്വതന്ത്രമായ ഒരു സോഷ്യല്‍ പ്ലാറ്റ് ഫോം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തപ്പോള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ എന്താണ് പറഞ്ഞത്? എതൊരു രാജ്യത്തിനും ട്വിറ്റര്‍ ഇടപാടുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകളാണ് ട്വിറ്റര്‍ ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചതായിരുന്നു മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ വിവാദ ട്വീറ്റ്. ഇതൊരു ഉദാഹരണമാണ്. ഫ്രഞ്ച് ജനതയെ കൊല്ലുന്നതിനടക്കമുള്ള അവകാശം മുസ്ലിം ജനങ്ങള്‍ക്കുണ്ട് എന്നായിരുന്നു മുഹമ്മദിന്റെ ട്വീറ്റ്. പൊതുതാല്പര്യം എന്ന് പരിഗണിച്ച് ട്വിറ്റര്‍ അത് അനുവദിക്കുകയും ചെയ്തു. മഹാതീറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉടനടി സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഫ്രാന്‍സിന്റെ ആവശ്യം. അല്ലാത്തപക്ഷം, കൊലപാതക കുറ്റകൃത്യത്തില്‍ നിന്നും ട്വിറ്ററിനും ഒഴിഞ്ഞാമാറാനാവില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മഹാതീറിന്റെ ട്വീറ്റ്, ചട്ടലംഘനമാണെന്ന് പറഞ്ഞ് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ നിര്‍ബന്ധിതമായത്. പക്ഷേ, അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തില്ല. മുഹമ്മദ് ക്ഷമാപണവും നടത്തിയില്ല. ചുരുക്കത്തില്‍ മഹാതീറിന് ഒരു സംരക്ഷണ കവചം തീര്‍ക്കുന്ന പ്രവര്‍ത്തിയാണ് ട്വിറ്ററിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
അമൂലിന്റെ വിഷയം തന്നെ എടുക്കാം. ഇന്ത്യ- ചൈന വിഷയത്തില്‍ ദേശീയതയുടെ പക്ഷത്തുനിന്ന അമൂല്കൂപ്പ്സിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. ചൈനീസ് നിലപാടുകള്‍ക്കെതിരെ , ശക്തവും മനോഹരവുമായ ചീനി കാം കരോ, റെസിസ്റ്റ് ദ ഡ്രാഗണ്‍ എന്നീ ക്യാപ്ഷനുകള്‍ എഴുതിയ ബാനറുകളുമായി നില്ക്കുന്ന അമൂല്‍ പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിരുന്നു. അമൂല്‍ ഒരു പാല് ഉത്പാദക സഹകരണ സംഘം മാത്രമല്ല. ഇന്ത്യന്‍ മണ്ണിന്റെ സുഗന്ധവും ആത്മാവുമാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യക്കാരന് എന്ന നിലയിലും ദേശസ്നേഹമുള്ള പൗരന് എന്ന നിലയിലും അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടുന്ന സൈനികര്‍ക്ക് അമൂല്‍ പിന്തുണ നല്‍കിയതിന് വിലക്കേര്‍പ്പെടുത്തിയത് ഗുരുതര തെറ്റാണ്. ഈ അക്ഷന്തവ്യമായ കുറ്റത്തിന് ട്വിറ്റര്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കിയ ട്വിറ്റര്‍, അമൂലിന്റെ അക്കൗണ്ട് പുന:സ്ഥാപിച്ചു. ക്ഷമാപണം നടത്തുകയോ, അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കുകയോ ചെയ്തില്ല.
എന്റെ ട്വിറ്റര്‍ അക്കൗണ്ടും കാരണം കൂടാതെ സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ചയ്ക്കുശേഷമാണ് പുന:സ്ഥാപിച്ചത്. ട്വിറ്ററിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും സാധ്യമായിരുന്നില്ല.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ഒരു ബുക്കില്‍ നിന്നും ഒരു ഭാഗം അപ്ലോഡ് ചെയ്തതിന് ട്രൂഇന്ഡോളജിയുടെ അക്കൗണ്ട് നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍, നടി കങ്കണ റണാവത്ത് എന്നിവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതാണ് അടുത്തിടെ നടന്ന സംഭവം. ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ കൃത്രിമത്വം ആരോപിക്കുമ്പോള്‍ തന്നെ, 2018 ല്‍ ഗംഗയില്‍ ഒഴുകി നടന്ന മൃതദേഹങ്ങളുടെ ചിത്രം ഉപയോഗിച്ച് അതെല്ലാം കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ എന്ന തരത്തില്‍ വന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്നു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന ഒരു വിഷയത്തിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിലും ഭേദഗതി വരുത്തുന്നതിലും ട്വിറ്ററിനും പ്രധാന പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയങ്ങള്‍ നിയമപരമായി പരിശോധിക്കേണ്ടി വന്നാല്‍ ട്വിറ്ററിനേയും കക്ഷിചേര്‍ത്ത് പ്രോസിക്യൂട്ട് ചെയ്യാം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ജനങ്ങളില്‍ അഭിപ്രായരൂപീകരണത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ അതൊക്കെയും ഒരു രാഷ്ട്രത്തിന്റെ പരമാധികാര പദവിക്ക് പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉത്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ നി യമം ബാധകമാവേണ്ടതല്ലേ?.
കേന്ദ്രം സൈബര്‍ സുരക്ഷാ മന്ത്രാലയം രൂപീകരിക്കേണ്ട സമയവും അതിക്രമിച്ചു. എത്രയും വേഗം ഈ മന്ത്രാലയം പ്രവര്‍ത്തനമാരംഭിച്ച് സൈബര്‍ ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തണം. മുന്‍വിധികള്‍ കൂടാതെ ഈ രംഗത്തെ വിദഗ്ധരെ കേള്‍ക്കാന്‍ നാം തയ്യാറാവണം. ഇന്ത്യന്‍ നിയമ സംവിധാനത്തെ പൂര്‍ണ്ണമായും പുനക്രമീകരിക്കുകയും വേണം.
സര്‍ക്കാരിന്റെ അധികാരത്തില്‍ കൂടിയാണ് രാജ്യത്തിന്റെ പരമാധികാരം പ്രയോഗിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഈ അധികാരം രാജ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്തവിധം, ഒരു സമാന്തര സംവിധാനം ഉണ്ടാക്കുകയാണ് ഈ കമ്പനികള്‍. ഇവയുടെ പ്രവര്‍ത്തനം ഒരു ഇന്ത്യന്‍ ഉപസ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരികയാണ് ഇവയെ നിയന്ത്രിക്കാനുള്ള ഒരു വഴി. ഇതോടെ ഇവര്‍ ഇന്ത്യന്‍ നിയമത്തിന് നേരിട്ട് ഉത്തരം പറയേണ്ടിവരും.
ഗൂഗിള്‍ എര്ത്തിനും മറ്റും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം സര്‍വെ ഓഫ് ഇന്ത്യ- ഭുവന് എന്നിവയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സ്വന്തമായി വികസിപ്പിച്ച മീറ്റിംഗ് ആപ്പ് നമുക്കില്ല. ഇന്ത്യന്‍ സോഷ്യല്‍ മീഡിയ വേദി വികസിപ്പിക്കാന്‍ ഇന്ത്യന്‍ സംരംഭകര്‍ യത്നിച്ചുവരികയുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: