രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. സ്വതന്ത്ര ഭാരതത്തിലെ ഒരു സര്‍ക്കാരിനും നേരിടേണ്ടിവന്നിട്ടില്ലാത്ത വെല്ലുവിളികളെ വിജയകരമായി അതിജീവിക്കാനും, ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഭരണതലത്തില്‍ അഴിമതി തുടച്ചുനീക്കാനും, സമഗ്രവികസനത്തിലൂടെ രാഷ്ട്രത്തിന്റെ മുഖച്ഛായ മാറ്റാനും ഒന്നാം മോദി സര്‍ക്കാരിനായി. ഇതിന്റെ ഫലമായാണ് 2019 ല്‍ കൂടുതല്‍ ജനപിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത്. ചരിത്രപരമായ തെറ്റുകള്‍ തിരുത്തുകയാണ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത്. കശ്മീരിനു മാത്രം ബാധകമായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആ സംസ്ഥാനവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ലോകത്തോട് പ്രഖ്യാപിച്ചു. അസമിന്റെ ഐക്യം നിലനിര്‍ത്തിക്കൊണ്ട് ബോഡോ കരാറില്‍ ഒപ്പുവച്ചതിലൂടെ അരനൂറ്റാണ്ടുകാലത്തെ പ്രതിസന്ധിക്കാണ് പരിഹാരം കണ്ടത്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പീഡിപ്പിക്കപ്പെട്ട് പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കുന്ന നിയമം കൊണ്ടുവരാന്‍ കഴിഞ്ഞത് പുതിയ ഭാരതത്തിന്റെ പിറവി കുറിക്കുന്നതായിരുന്നു.
രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനു പുറമെ സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും, ഫെഡറല്‍ സംവിധാനത്തെ മാനിക്കാനും മോദി സര്‍ക്കാരിന് കഴിഞ്ഞു. ഗുരുനാനാക്കിന്റെ ജന്മദിനത്തിന്റെ ഭാഗമായി കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നു കൊടുത്തത് സിഖുകാരുടെ മഹത്തായ പൈതൃകത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതായിരുന്നു. സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത് രണ്ടാം മോദി സര്‍ക്കാരിന്റെ മഹത്തായ നേട്ടങ്ങളിലൊന്നായി ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെ കുറ്റകരമായി പ്രഖ്യാപിക്കുന്ന നിയമം കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ ലക്ഷക്കണക്കിന് മുസ്ലിം വനിതകളെ നരക ജീവിതത്തില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബാഹ്യശക്തികളുടെ പ്രേരണയാല്‍ ചില കര്‍ഷക സംഘടനകള്‍ ഇപ്പോഴും സമരരംഗത്താണെങ്കിലും കര്‍ഷക ക്ഷേമത്തിനുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പിഎം കിസാന്‍ യോജന വഴിയും, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വഴിയും നബാര്ഡിലൂടെയും പിഎം ഫസല്‍ ബീമ യോജനയിലൂടെയും മറ്റും കോടിക്കണക്കിനു കര്‍ഷകരുടെ ജീവിതത്തില്‍ പ്രകാശം പരത്തി.
ലോകത്തെ മുഴുവന്‍ നിശ്ചലമാക്കുകയും, മാനവരാശിയെ സര്‍വനാശത്തിന്റെ കാല്‍പ്പെരുമാറ്റം കേള്‍പ്പിക്കുകയും ചെയ്ത കൊവിഡ് മഹാമാരിയെ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ ഭാരതത്തിന് കഴിഞ്ഞു. ഇതിന് നേതൃത്വം നല്കിയ മോദി സര്‍ക്കാര്‍ ലോക നേതാക്കളെ വിസ്മയിപ്പിക്കുകയുണ്ടായി. കൊവിഡ് കാലത്ത് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി മോദി മുന്നോട്ടുവച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പം രാജ്യത്തെ പല നിലയ്ക്കും സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നു. കൊവിഡിനുള്ള പ്രതിരോധ മരുന്നും ചികിത്സയ്ക്കുള്ള മരുന്നും കണ്ടുപിടിക്കുന്നതില്‍ ഭാരതം കൈവരിച്ച നേട്ടങ്ങള്‍ ഇതിനു തെളിവാണ്. ഈ മഹാമാരി ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചുവെന്ന് കരുതപ്പെടുന്ന ചൈന, അതിന്റെ മറവില്‍ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ നടത്തിയ സാഹസങ്ങള്‍ക്ക് ചുട്ടമുറുപടി നല്‍കാനും നമുക്ക് കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ആ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യത്തെ നിലയ്ക്കു നിര്‍ത്താന്‍ ഭാരതത്തിലെ ഒരു സര്‍ക്കാരിനു കഴിയുന്നത്. കൊവിഡിന്റെ നാശകാരിയായ രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി, കൊവിഡ് മൂലം മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനക്ഷേമതല്‍പ്പരനായ ഒരു ഭരണാധികാരിക്കു മാത്രം എടുക്കാന്‍ കഴിയുന്നതാണ്. ഭരണം എന്നുള്ളത് അധികാര പ്രകടനമല്ലെന്നും, ജനങ്ങളെ സേവിക്കാനുള്ള ഉപാധിയാണെന്നും അടിവരയിടുകയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: