ന്യൂദല്‍ഹി: വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്ന് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ നാടുകടത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കവേ, ദല്‍ഹിയില്‍നിന്ന് പുറപ്പെട്ട വിമാനം ഡൊമിനിക്കയില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യ ടുഡേ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ എക്സിക്യൂട്ടീവിന്റെ ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 5000 വിമാനം മെയ് 28ന് ഡൊമിനിക്കയിലെ ഡഗ്ലസ് ചാള്‍സ് വിമാനത്താവളത്തിലെത്തി. എഇ-സിഇഇ എന്ന ടെയില്‍ നമ്പറുള്ള വിമാനം മെയ് 27ന് ദോഹയില്‍നിന്ന് ഉച്ചതിരിഞ്ഞ് 3.12ന് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.
രാജ്യതലസ്ഥാനുത്തുനിന്ന് ആരെങ്കിലും ഡൊമിനിക്കയിലേക്ക് പോയിട്ടുണ്ടോയെന്നോ, ആരെയെങ്കിലും കൊണ്ടുവരാനാണോ വിമാനം അയച്ചതെന്നോ വ്യക്തമല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും ഒദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള എല്ലാ സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ തേടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ നല്കുന്ന സൂചന. അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിനാണ് ഡൊമിനിക്കന്‍ പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,5000 കോടി രൂപ വായ്പാത്തട്ടിപ്പു നടത്തിയ കേസില്‍ പ്രതിയായ മെഹുല്‍ ചോക്സിയെ മെയ് 23-നാണ് ആന്റിഗ്വയില്‍നിന്ന് കാണാതായത്. തുടര്‍ന്ന് ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മെഹുല്‍ ചോക്സിയുടെ അഭിഭാഷകന് ഡൊമിനിക്കന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. ചോക്സിയെ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: