പൊതുനന്മ എന്നൊരു സങ്കല്‍പ്പമോ വികാരമോ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് മലയാളികളെ ആരും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ല. മാനവരാശിയുടെ മോചനത്തെക്കുറിച്ചൊക്കെ വാചാലരാവുമെങ്കിലും പാര്‍ട്ടിക്കു പുറത്ത് നന്മകളോ നല്ല മനുഷ്യരോ ഇല്ലെന്നതാണ് സിപിഎം നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്. അധികാരം കിട്ടുമ്പോഴൊക്കെ ജനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കള്ളി തിരിച്ച് കാണുകയും, മറ്റു പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ക്ക് ജനാധിപത്യപരമായും നിയമപരമായും ലഭിക്കേണ്ട ആനുകൂല്യങ്ങളും പൗരാവകാശങ്ങളുമൊക്കെ നിഷേധിക്കുകയെന്നത് സിപിഎം മാറ്റമില്ലാതെ അനുവര്‍ത്തിക്കുന്ന രീതിയാണ്. പ്രാകൃതമായ ഊരുവിലക്കുകള്‍ പോലും ഏര്‍പ്പെടുത്താറുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രളയദുരന്തത്തിനിരയായവരോട് രാഷ്ട്രീയ വിരോധം വച്ച് ക്രൂരമായി പെരുമാറിയ സംഭവങ്ങള്‍ നിരവധിയാണ്. പ്രളയകാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതെ ജനങ്ങളെ രക്ഷിക്കാനും, അവര്‍ക്ക് സേവനം ചെയ്യാനും ശ്രമിച്ച സേവാഭാരതി പ്രവര്‍ത്തകരെ അംഗീകരിക്കാതിരിക്കുക മാത്രമല്ല, അവരെ തടയുന്ന സ്ഥിതിവരെയുണ്ടായി. അതേസമയം, കോടിക്കണക്കിന് രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പ് നടത്തുകയും, ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തവര്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരാണെന്നതിനാല്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.
മനുഷ്യദ്രോഹപരമായ ഈ സമീപനം കയ്യൊഴിയാന്‍ സിപിഎം ഇനിയും തയ്യാറല്ലെന്നതിന്റെ തെളിവാണ് കണ്ണൂര്‍ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള റിലീഫ് ഏജന്‍സിയായി സേവാഭാരതിയെ അംഗീകരിച്ച നടപടി റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി കളക്ടര്‍ പ്രഖ്യാപിക്കുകയും, അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിവരികയുമായിരുന്നു. എന്നാല്‍ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ ഉത്തരവ് കളക്ടറെക്കൊണ്ട് പിന്‍വലിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് കാസര്‍കോഡ് ജില്ലയില്‍ വാഹനം നിയന്ത്രിക്കുന്ന പോലീസുകാരെ സഹായിക്കാനെത്തിയ സേവാഭാരതിയുടെ പ്രവര്‍ത്തകരെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. സേവന പ്രവര്‍ത്തനം ചെയ്യുന്നവര്‍ സംഘടനകളുടെ ചിഹ്നമോ കൊടിയോ ഒന്നും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇതിന് ന്യായം പറഞ്ഞത്. എന്നാല്‍ സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസി രാഷ്ട്രീയ ചിഹ്നങ്ങളും കൊടികളും ഉപയോഗിക്കുന്നുണ്ട്. ഈ സംഘടനയെ നേരത്തെ കളക്ടര്‍ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചിരുന്നു. സേവാഭാരതിയുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളിലൂടെ തങ്ങളുടെ രാഷ്ട്രീയപ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്ക്കുമെന്നുള്ളതിനാലാണ് ജില്ലാ പഞ്ചായത്തിനെ ഇടപെടുവിച്ച് സേവാഭാരതിയുടെ റിലീഫ് ഏജന്‍സിയെന്ന നിലയ്ക്കുള്ള അംഗീകാരം സിപിഎം റദ്ദാക്കിച്ചത്.
രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും തമ്മിലുള്ള വേര്‍തിരിവ് സൂക്ഷിക്കുന്നവരല്ല സിപിഎമ്മുകാര്‍. മുഖ്യമന്ത്രി പിണറായി വിജയന്പോലും ഇങ്ങനെയൊരു ഔചിത്യം കാണിക്കാറില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണെന്ന ധാരണയോടെ പിണറായി ഒരിക്കലെങ്കിലും പെരുമാറിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഭരണം ജനങ്ങള്‍ക്ക് നന്മ ചെയ്യാനുള്ളതല്ല, പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാനുള്ളതാണന്ന ബോധമാണ് ഏതൊരു സിപിഎമ്മുകാരനെയുംപോലെ പിണറായിക്കുമുള്ളത്. സര്‍ക്കാരിന്റെ സ്വഭാവവും ഇതാണ്. ഇതിനാലാണ് സേവാഭാരതിയെപ്പോലൊരു സംഘടനയെ അധികാരം ഉപയോഗിച്ച് വിലക്കുന്നത്. രാജ്യം എന്നല്ല ലോകം തന്നെ അംഗീകരിക്കുന്ന സംഘടനയാണ് സേവാഭാരതി. കൊവിഡ് മഹാമാരിയുടെ കാലത്ത് സേവാഭാരതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റെ സ്ഥിരം ശത്രുക്കളുടെപോലും പ്രശംസ പിടിച്ചുപറ്റിയതാണ്. ഇക്കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിരോധത്തിനുള്ള ആയുഷ് മരുന്നിന്റെ വിതരണ ചുമതല കേന്ദ്ര ആരോഗ്യമന്ത്രാലയം സേവാഭാരതിയെ ഏല്‍പ്പിച്ചത്. ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്ന ഇത്തരമൊരു സംഘടനയെ കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ ദ്രോഹിക്കുന്നത് വളരെ തരംതാണ നടപടിയാണ്. ജനങ്ങള്‍ അത് തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: