കൊച്ചി: ദല്‍ഹി കലാപകാരികള്‍ക്ക് അനുകൂലമായി വ്യാജവാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ഒരിക്കല്‍ സംപ്രേക്ഷണ വിലക്ക് നേരിട്ട മലയാള വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വീണ്ടും പരാതി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ എട്ട് പരാതികളാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം ലഭിച്ച പരാതികള്‍ ഇതിലുണ്ട്. പരാതികള്‍ പരിശോധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിച്ച ശേഷം മന്ത്രാലയത്തെ അറിയിക്കണമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സോണിക ഖട്ടര്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് കൈമാറി.
തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നൂറുകണക്കിന് ഗ്രാമങ്ങളില്‍ വലിയ കലാപം അഴിച്ചു വിട്ടിരുന്നു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്തിരുന്നു. പലരും ആസാമിലേക്ക് പലായനം ചെയ്ത സ്ഥിതിയും ഉണ്ടായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങ് ഏഷ്യാനെറ്റ് നടത്തിയെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നുമാണ് പരാതി. ബിജെപിക്കാര്‍ക്ക് നേര്‍ക്ക് നടന്ന അക്രമങ്ങളെ സ്ഥിരീകരിക്കാതെ, അതെല്ലാം വെറും ബിജെപി ആരോപണങ്ങള്‍ എന്ന രീതിയില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിച്ചു എന്നതാണ് ഒരു പരാതി. മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി എട്ടു പേര് രേഖകള്‍ സഹിതം കൈമാറിയ പരാതികളിന്മേല് ശക്തമായ നടപടി സ്വീകരിക്കാനാണ് അസോസിയേഷന് സെക്രട്ടറി ജനറലിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം. ഇതില്‍ തൃപ്തി ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ചതു പോലുള്ള സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നേക്കും.
ബംഗാള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹിയിലെ കോര്‍ഡിനേറ്റിങ് എഡിറ്ററായ പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതികള്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നാല് പരാതികളുണ്ട്. എന്നാല്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്റെ കീഴിലുള്ള സ്വതന്ത്ര ബോഡിയായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്റേഡ് അതോറിറ്റി അംഗം കൂടിയാണ് പ്രശാന്ത് രഘുവംശം. രാജ്യത്തെ വാര്‍ത്താ ചാനലുകളെപ്പറ്റി അസോസിയേഷന് ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന എന്‍ബിഎസ്എ സമിതിയിലെ അംഗമായ പ്രശാന്തിന്റെ മുമ്പിലേക്ക് പ്രശാന്തിനെതിരായ പരാതികള്‍ എത്തുന്ന സ്ഥിതിയുണ്ട്. പരാതി പരിഗണിക്കുന്ന സമിതിയില്‍ നിന്ന് പ്രശാന്തിനെ ഒഴിവാക്കണമെന്ന ആവശ്യം പരാതിക്കാര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന് സെക്രട്ടറി ജനറലിന് നല്‍കിയിട്ടുണ്ട്.
ബിജെപിക്കാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഫോണ്‍ വിളിച്ച പ്രേക്ഷകയോട് പറഞ്ഞ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര് പ്രവീണയുടെ ശബ്ദ സന്ദേശം പുറത്തുവന്നതും വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഏഷ്യാനെറ്റിനെതിരെ വന്‍തോതിലാണ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ പോര്‍ട്ടലിലും പരാതികള്‍ ലഭിച്ചത്.
ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതു ചാനലില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ചാനല്‍ ചെയര്‍മാനും എംപിയും രാജീവ് ചന്ദ്രശേഖറിനെതിരെ വരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറഞ്ഞത്. നേരത്തെ ദല്‍ഹിയില്‍ ജിഹാദികള്‍ നടത്തിയ കലാപത്തിന് വന്‍ തോതില്‍ പ്രചരണം നല്കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ നല്കി കലാപകാരികള്‍ക്ക് ഏഷ്യാനെറ്റ് വന്‍രീതിയില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ലേഖകനായ പി.ആര് സുനില്‍ ഇതിനിടെ കലാപം ആളിക്കത്തിക്കാന്‍ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത ചാനലില്‍ കൂടി നല്കി. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മനേജ്മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: