എന്‍.ആര്. ഹരിബാബു
വട്ടവട(ഇടുക്കി): നൂറ് കണക്കിന് കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന ഇടുക്കി ജില്ലയിലെ വട്ടവടയില്‍ കോവിഡ് രോഗികള്‍ക്ക് ക്വാറന്റൈന് സംവിധാനം ഒരുക്കി സേവാഭാരതി. സേവാഭാരതിയുടെ കീഴില്‍ വട്ടവടയില്‍ ഉള്ള മൂന്നുനിലകളുള്ള സാമൂഹ്യ കേന്ദ്രമാണ് പൂര്‍ണ സജ്ജമാക്കി സര്‍ക്കാരിന് വിട്ട് നല്‍കിയത്. ഗ്രാമപഞ്ചായത്തില്‍ കോവിഡ്- 19 രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി.
കോവിലൂര്‍, പഴത്തോട്ടം, ചിലന്തിയാര്‍, കൊട്ടാക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. തമിഴ്നാട് ശൈലിയില്‍ അടുത്തടുത്ത് വീടുകളും പൊതു ശുചിമുറികളുമുള്ളതിനാല് ഒരാള്‍ക്ക് രോഗം വന്നാല്‍ ഇത് വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് രോഗികളെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റുന്നത്. കെട്ടിടത്തില്‍ നാല്പതോളം കിടക്കകള്‍ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ഇപ്പോള്‍ 20 ഓളം പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം മരുന്ന് എന്നിവ എത്തിക്കുന്നതിന് സേവാഭാരതിയുടെ സന്നദ്ധ വളണ്ടിയര്‍മാര്‍ സദാ കര്‍മ്മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്.
നിരീക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് മുപ്പതോളം സേവാഭാരതി പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായി പ്രവര്‍ത്തനം നടത്തി വരുന്നു. സേവാഭാരതി വട്ടവട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.കെ. ശിവ, സെക്രട്ടറി എസ്.കെ. വെങ്കിടേഷ്, കാര്‍ത്തിക്, അന്പഴകന്, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് ആര്. അയ്യപ്പന് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ കേന്ദ്രത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് വരുന്നത്.
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ കൊലപ്പെടുത്തിയ അഭിമന്യൂവിന്റെ പേരിലാണ് വട്ടവട പ്രശ്സ്തമായത്. മൂന്നാറില്‍ നിന്ന് 45 കിലോ മീറ്റര്‍ അകലെയുള്ള മേഖല ശീതക്കാല പച്ചക്കറി-പഴകൃഷികള്‍ക്ക് പേര് കേട്ട സ്ഥലമാണ്. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴി കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്ധ്യാനമായ പാമ്പാടുംചോലക്ക് ഉള്ളിലൂടെ ആണ് കടന്ന് പോകുന്നത്. വട്ടവടയില്‍ കെട്ടിട നിര്‍മാണത്തിനായി സേവാഭാരതിക്ക് പണവും മറ്റ് സഹായങ്ങളും നല്‍കിയത് വിദേശ മലയാളികളാണ്. കെട്ടിടം കോവിഡ് സെന്ററായി മാറിയതോടെ ചാരുതാര്‍ത്ഥ്യം അറിയിച്ച് നിരവധി പേരാണ് ഭാരവാഹികളെ ബന്ധപ്പെടുന്നത്. പഞ്ചായത്തില്‍ ഇത്രയും സൗകര്യങ്ങളോട് കൂടിയ കെട്ടിടം മറ്റൊരിടത്തുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: