പറവൂര്‍: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ ഭൂരിഭാഗം പൊതു വിദ്യാലയങ്ങളില്‍ പ്രധാന അധ്യാപകരില്ല. കഴിഞ്ഞ വര്‍ഷം വിരമിച്ച ആയിരത്തോളം പ്രൈമറി പ്രധാനാധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷത്തെ വിരമിക്കല്‍ കൂടി ആകുമ്പോള്‍ ഇത് ഇരട്ടിയാകും.
ഓണ്‍ലൈന്‍ മുഖാന്തരം ക്ലാസുകള്‍ ഉണ്ടെങ്കിലും പ്രധാനാധ്യാപകര്‍ ഇല്ലാത്തതു മൂലം സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ പ്രമോഷന്, അഡ്മിഷന്, ട്രാന്‍സ്ഫര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതോടെ അവതാളത്തിലായിരിക്കുകയാണ്. ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് പാസായ അധ്യാപകരെ മാത്രം പ്രധാനാധ്യാപകരായി നിയമിച്ചാല്‍ മതി എന്ന ഹൈക്കോടതി വിധിക്കെതിരെ ടെസ്റ്റ് പാസാകാത്ത ഒരു കൂട്ടം പ്രധാനാധ്യാപകര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച സ്റ്റേ ഉത്തരവാണ് പ്രധാനാധ്യാപക നിയമനത്തിന് തടസ്സമായത്.
ഇതിനെതിരെ സര്‍ക്കാര്‍ ഭാഗത്തു നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. അതു കൊണ്ട് പ്രശ്നം നീണ്ടു പോകുകയാണെന്ന് ടെസ്റ്റ് പാസായ ഒരു കൂട്ടം അധ്യാപകര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകന് ആകണമെങ്കില്‍ 12 വര്‍ഷത്തെ സര്‍വീസിനൊപ്പം യോഗ്യതാ പരീക്ഷകളും പാസ്സാകണമെന്നാണ് ചട്ടം. യോഗ്യതാ പരീക്ഷാ പാസായവരെ മാത്രമേ പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകരാക്കാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പരീക്ഷാ പാസാകാത്ത ചില അധ്യാപകര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായിരിക്കെ പ്രധാന അധ്യാപകനും അധ്യാപകരും സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഈക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടാനാകുമെന്ന് അധ്യാപകര്‍ പറയുന്നു.
അതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ പൊതുവിദ്യാലയങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ മൂലം ഗുണനിലവാരം ഉയര്‍ന്നതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം തേടി. ഇന്നത്തെ അവസ്ഥയില്‍ അധ്യാപക ക്ഷാമം മൂലം പഠന ഗുണനിലവാര തകര്‍ച്ച ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ ഭയപ്പെടുന്നു. ഇത് കൊഴിഞ്ഞു പോക്കിന് ഇടയാക്കും.
സ്വകാര്യ സ്കൂളുകളില്‍ വേണ്ടത്ര അധ്യാപകരോടും പ്രധാന അദ്ധ്യാപകരോടും കൂടി കാര്യക്ഷമമായി പഠനം നടക്കുമ്പോള്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടുന്നു. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി ഉദ്യോഗാര്‍ഥികള്‍ പ്രൈമറി അധ്യാപക തസ്തികയില്‍ നിയമത്തിന് കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: