ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കീഴിലുള്ള പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പിന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ ആറ് മുസ്ലിം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു.
ഫോസിയ തബാസും, മോമിന, അസ്ര മാലിക, ഫിറോസ് ഖാന്, ആലിയ തയ്യബ്, ആഷി സെയ്ഫ് എന്നീ ആറ് വിദ്യാര്‍ത്ഥികളെയാണ് പ്രധാനമന്ത്രിയുടെ ഫെലോഷിപ്പിന് തെരഞ്ഞെടുത്തതെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി, സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ് എന്നീ വിവിധ ഡിപാര്‍ട്മെന്റുകളില്‍ നിന്നുള്ളവരാണ് ഈ ആറ് വിദ്യാര്‍ത്ഥികള്‍.
ആറില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണെന്നും ഇവരുടെ തെരഞ്ഞെടുപ്പ് കാണിക്കുന്നത് എത്ര നന്നായി ഇവര്‍ ഗവേഷണം നടത്തുന്നു എന്നാണെന്നും ജാമിയ മിലിയ സര്‍വ്വകലാശാല വിസി നജ്മ അഖ്തര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തേക്കാണ് ഈ ഫെലോഷിപ്പ് നല്‍കുക. പ്രതിമാസം 70,000 രൂപ വെച്ച് രണ്ട് വര്‍ഷത്തേക്കും മൂന്നാം വര്‍ഷം പ്രതിമാസം 75,000 രൂപ വീതവും നാലും അഞ്ചും വര്‍ഷങ്ങളില്‍ പ്രതിമാസം 80,000 രൂപ വീതവും നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ ഗവേഷണ ഫെലോഷിപ്. ഇതിന് പുറമെ വര്‍ഷം തോറും ഗവേഷണ ഗ്രാന്റായി രണ്ട് ലക്ഷം വീതം വെറെയും നല്‍കും. ഇത് പ്രകാരം അഞ്ച് വര്‍ഷത്തേക്ക് ഒട്ടാകെ 10 ലക്ഷം ലഭിക്കും.
കഴിഞ്ഞ വര്‍ഷവും ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍- മരിയ ഖാനും അബ്ഗീന ഷബീറും- തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ രണ്ടും പേരും സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജിയില്‍ നിന്നുള്ളവരാണ്.
കഴിവുള്ള വിദ്യാര്‍ത്ഥികളെ ഗവേഷണത്തിലേക്ക് ആകര്‍ഷിക്കാന്‍ 2018ലാണ് പ്രധാനമന്ത്രിയുടെ റിസര്‍ച്ച് ഫെലോഷിപ്പ് ആരംഭിച്ചത്. ഇത് പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ ഐടികളിലും ഐസറുകളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും നേരിട്ട് പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: