ലണ്ടന്‍: ഇന്ത്യയില്‍ കണ്ടുവരുന്ന പ്രഹരശേഷി കൂടിയ ബി.1.617.2 വകഭേദത്തിനെ ചെറുക്കാന്‍ ഫൈസര്‍ ബയോഎന്‍ടെക് രണ്ട് ഡോസ് നല്‍കേണ്ടിവരുമെന്ന് യുകെ. അതിവ്യാപനശേഷിയും പ്രഹരശേഷിയുമുള്ള ബി.1.617.2 വകഭേദം യുകെയ്‌ക്ക് തലവേദനയായി മാറുന്നതിനിടയില്‍ ആശ്വാസമാവുകയാണ് പുതിയ കണ്ടെത്തല്‍. ഒരു ഡോസ് വാക്സിന്‍ മാത്രമെടുത്താല്‍ ഈ വൈറസ് വകഭേദത്തിനെതിരെ 33 ശതമാനം ഫലപ്രാപ്തിയേ ഉണ്ടാകൂ.
പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ട് നടത്തിയ പഠനത്തില്‍ അതിവ്യാപനശേഷിയും മാരകപ്രഹരശേഷിയും ഉള്ള ബി.1.617.2 വകഭേദത്തിനെതിരെ രണ്ട് ഡോസ് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ കുത്തിവെച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അത് 88ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തി. അതുപോലെ തലവേദന സൃഷ്ടിക്കുന്ന ബി.1.1.7. കെന്‍റ് വകഭേദത്തിനെതിരെ രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന്‍ 93 ശതമാനം ഫലപ്രാപ്തി നല്‍കുമെന്നും കണ്ടെത്തി. ഈ ഡേറ്റ ആശ്വാസകരമാണെന്നും സര്‍ക്കാരിന് അടുത്ത മാസത്തോടെ കോവിഡ് നിയന്ത്രണങ്ങള്‍ പലതും എടുത്തുകളയാന്‍ സാധിക്കുമെന്ന് കരുതുന്നതായും ബ്രിട്ടനിലെ ആരോഗ്യമന്ത്രി പറഞ്ഞു.
ആസ്ട്രസെനക വാക്‌സിന്‍ രണ്ട് ഡോസ് എടുക്കുന്നത് ബി. 1.617.2 വകഭേദത്തിനെതിരെ 60 ശതമാനം ഫലപ്രദമാണെന്നും പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. ബി.1.1.7. കെന്‍റ് വകഭേദത്തിനെതിരെ ആസ്ട്രസെനക രണ്ട് ഡോസ് വാക്സിന് 66 ശതമാനം ഫലപ്രാപ്തി നല്‍കും. ‘രണ്ട് ഡോസ് വാക്‌സിനുകള്‍ ഈ മാരക കോവിഡ് വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കുമെന്നറിഞ്ഞത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.
യുകെ ജൂണ്‍ 21ന് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. യൂറോപ്പില്‍ തന്നെ ഏറ്റവും വേഗമേറിയ വാക്‌സിന്‍ കുത്തിവെപ്പ് നടത്തി മുന്നേറുന്നതിനിടയിലാണ് ബി.1.617.2 എന്ന ഇന്ത്യയില്‍ കണ്ടുവരുന്ന മാരകശേഷി കൂടിയ വൈറസ് വകഭേദം യുകെയ്‌ക്ക് തലവേദനയായത്. പക്ഷെ പുതിയ പഠനം കൂടുതല്‍ ആശ്വാസം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: