ന്യൂദല്‍ഹി : യാസ് ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജാഗ്രതാ മുന്‍കരുതലുകള്‍ യോഗത്തില്‍ വിലയിരുത്തും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഇന്നോടെ യാസ് ചുഴലിക്കാറ്റാകും എന്നാണ് മുന്നിറിയിപ്പ്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി.
ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇതോടെ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറും. നാളെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: