ന്യൂദല്‍ഹി:ഗായിക ശ്രേയ ഘോഷാല്‍ അമ്മയായി. ശനിയാഴ്ച ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.അമ്മയായ വിവരം ഇന്‍സ്റ്റഗ്രാം വഴിയാണ് ശ്രേയഘോഷാല്‍ ലോകത്തെ അറിയിച്ചത്. “ഇന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ക്ക് ദൈവം ഒരു ആണ്‍കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചു. ഇതിന് മുമ്പ് ഒരിക്കലും അനുഭവിക്കാത്ത ഒരു വികാരമാണിത്. ശൈലാദിത്യയും ഞാനും ഞങ്ങളുടെ കുടുംബങ്ങളും അങ്ങേയറ്റം സന്തോഷത്തിലാണ്. ഞങ്ങളുടെ വിലമതിക്കാനാവാത്ത ഈ സന്തോഷത്തിന്റെ ഉറവിടത്തിന് നിങ്ങളെല്ലാവരും നല്കിയ അസംഖ്യം അനുഗ്രഹങ്ങള്‍ക്ക് നന്ദി,” ശ്രേയ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ശ്രേയ അവരുടെ സ്വന്തം ഗായികയായാണ് ഒരോ നാട്ടുകാരും അനുഭവിച്ചത്. അത്രയ്ക്ക് തദ്ദേശഭാഷയേയും ഉച്ചാരണത്തേയും അര്ത്ഥപ്പൊലിമകളെയും അറിഞ്ഞാലപിക്കുന്ന ശ്രേയയുടെ ശൈലി ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതായിരുന്നു. അതുകൊണ്ട് ശ്രേയ എന്ന ഗായിക എല്ലാവര്ക്കും മുകളില്‍ നിലകൊണ്ടു. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ഭര്‍ത്താവ് 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
ഡോക്ടര്‍മാരുടെ കുടുംബത്തിലെ അംഗമായ ശ്രേയ സംഗീതത്തെ മുഴുവന്‍ സമയപ്രൊഫഷനാക്കി എടുക്കുമ്പോള്‍ കുടുംബത്തിനുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഏറെയായിരുന്നു. എന്നാല്‍ അവര്‍ വിജയവും അവാര്‍ഡുകളും വാരിക്കൂട്ടിയതോടെ എല്ലാം വിമര്‍ശനങ്ങളും ഇല്ലാതായി.
മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് ശ്രേയ മലയാളത്തില്‍ അരങ്ങേറിയത്.
പന്ത്രണ്ടോളം ഇന്ത്യന്‍ ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്. ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നത് സംവിധായകന് സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: