സംഘര്‍ഷഭരിതമായ നീണ്ട പതിനൊന്നു ദിവസത്തിനുശേഷം പശ്ചിമേഷ്യയില്‍നിന്ന് ലോകമെമ്പാടുമുള്ള സമാധാന പ്രേമികളെത്തേടി ആ വാര്‍ത്ത എത്തിയിരിക്കുന്നു. പരസ്പരം ഏറ്റുമുട്ടിയിരുന്ന ഇസ്രയേലും ഇസ്ലാമിക ഭീകര സംഘടനയായ ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേരുകയാണ്. ഉഭയകക്ഷി സമ്മതപ്രകാരവും നിരുപാധികവുമായ വെടിനിര്‍ത്തലിന് തന്റെ മന്ത്രിസഭ അനുമതി നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെള്ളിയാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് മധ്യസ്ഥത വഹിക്കുന്ന ഈജിപ്റ്റാണ് വ്യക്തമാക്കിയത്. വെടിനിര്‍ത്തലിന് തയ്യാറാണെന്ന് നെതന്യാഹുവും, ഗാസയിലെ ഹമാസും മറ്റ് സംഘങ്ങളും തന്നെ അറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ട്വിറ്ററില്‍ കുറിച്ചു. സംഘര്‍ഷത്തിന് അറുതിവരുത്തണമെന്ന് അമേരിക്കയ്ക്കു പുറമെ ഖത്തറും ഈജിപ്റ്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും, ഐക്യരാഷ്ട്രസഭയും ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെടുകയുണ്ടായി. ഇതിനുശേഷവും ഏറ്റുമുട്ടല്‍ തുടര്‍ന്നത് പശ്ചിമേഷ്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. സംഘര്‍ഷം അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്നതിനു പകരം ഹമാസിന്റെ അവകാശവാദങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി അവരുടെ ആക്രമണത്തെ മഹത്വവല്‍ക്കരിക്കുന്ന രീതി ഇത്തവണയും കണ്ടു. കൊച്ചുകുഞ്ഞുങ്ങളെപ്പോലും മനുഷ്യകവചമാക്കി കൊലയ്ക്കു കൊടുക്കുന്ന തന്ത്രം ഹമാസ് തുടരുകയാണ്.
പതിവുപോലെ ഇത്തവണത്തെയും സംഘര്‍ഷത്തില്‍ കനത്ത നാശമാണ് ഇസ്രയേല്‍ സേന ശത്രുപക്ഷത്തിന് വരുത്തിയത്. റംസാന് ദിനത്തില്‍ അല്‍ അഖ്സ മസ്ജിദില്‍ തടിച്ചുകൂടിയ ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ സേനയ്ക്കു നേരെ കല്ലേറു തുടങ്ങിയതാണ് പ്രകോപനത്തിനു കാരണം. പള്ളിയില്‍നിന്ന് ഹമാസ് ഭീകരരെ പിടികൂടിയ ഇസ്രയേല്‍ സേന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ചെയ്തു. അവസരം പാര്‍ത്തിരുന്ന ഹമാസ് ഭീകരര്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ നഗരങ്ങളിലേക്ക് മിസൈല്‍ വിക്ഷേപിച്ചു. ഇത് തുറന്ന ഏറ്റുമുട്ടലിന് വഴിവച്ചു. ഹമാസിന്റെയും മറ്റും മിസൈലുകളെ ആകാശത്തുവച്ചുതന്നെ അയേണ്‍ ഡോം ഉപയോഗിച്ച് തകര്‍ത്ത് ഇസ്രയേല്‍ നടത്തിയ കനത്ത പ്രത്യാക്രമണത്തില്‍ ഹമാസിന്റെ ആസ്ഥാനമായ ബഹുനില മന്ദിരവും, ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ജിഹ്വയായ അല്‍ജസീറ ഉള്‍പ്പെടുന്ന മാധ്യമങ്ങളുടെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും മുന്നറിയിപ്പ് നല്‍കിയശേഷം തകര്‍ത്തു. ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് കൊല്ലപ്പെട്ടു. ഇതോടെയാണ് ലോക രാഷ്ട്രങ്ങള്‍ പ്രശ്നത്തിലിടപെട്ടതും സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചതും. എന്നത്തേയും പോലെ പരസ്പര ചര്‍ച്ചയിലൂടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചത്.
പാലസ്തീനും ഇസ്രയേലും മുഖ്യ പങ്കാളികളായ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് തികച്ചും ഏകപക്ഷീയമായ ചിത്രമാണ് തല്‍പ്പരകക്ഷികള്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന് ഭൂമുഖത്ത് നിലനില്ക്കാന് അവകാശമില്ലെന്ന മതഭ്രാന്തമായ ഇസ്ലാമിക നിലപാടിനെ ഈ ശക്തികള്‍ പിന്തുണയ്ക്കുന്നു. ഹമാസ് ഭീകര സംഘടനയായിരുന്നിട്ടും ഇപ്പോഴത്തെ സംഘര്‍ഷത്തില്‍ അവരുടെ മിസൈലേറ്റ് ഒരു മലയാളി വനിത മരിക്കാനിടയായപ്പോള്‍ അനുശോചനം രേഖപ്പെടുത്താന്‍പോലും തയ്യാറാവാത്തവിധം അന്ധമായ ഇസ്രയേല്‍ വിരോധമാണ് കേരളത്തിലുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രശ്നം ചരിത്രപരമാണ്. ചുറ്റുംകിടക്കുന്ന ശത്രുരാജ്യങ്ങളോട് പടവെട്ടി വിജയിച്ച് കരുത്താര്‍ജിച്ച ഇസ്രയേല്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ആ രാജ്യവുമായി സഹകരിക്കുകയും സഹവര്‍ത്തിക്കുകയുമാണ് സമാധാനത്തിലേക്കുള്ള വഴി. പാലസ്തീനിലെ മുഴുവനാളുകളും ഹമാസിനെപ്പോലെ ഭീകരവാദികളല്ല. ഇസ്രയേലിനകത്തും എത്രയോ മുസ്ലിങ്ങള്‍ സമാധാനത്തോടെ കഴിയുന്നു. ഇടക്കിടെ സംഘര്‍ഷമുണ്ടാക്കി ഇസ്രയേല്‍ സേനയില്‍നിന്ന് കനത്ത പ്രഹരം ഏറ്റുവാങ്ങി ലോകത്തിനു മുന്നില്‍ നിലവിളിക്കുന്ന ഹമാസും കൂട്ടരും സമാധാനത്തിന്റെ ശത്രുക്കളാണ്. ഹമാസും ഹിസ്ബുള്ളയുമടക്കം ഇസ്ലാമിക ഭീകരവാദികള്‍ അക്രമം വെടിഞ്ഞ് യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടാലല്ലാതെ പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുലരില്ല. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ അതിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: