പതിവിന് വിപരീതമായി ഒരു കമ്മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) നേതാവ് തുടര്‍ ഭരണത്തിന് തുടക്കമിട്ടു. ഒന്നാമത് സത്യപ്രതിജ്ഞ ചൊല്ലുന്നയാള്‍ മുഖ്യമന്ത്രി. അതായിരുന്നു പതിവ്. ഇക്കുറി പിണറായി വിജയനാകട്ടെ ‘മുഖ്യമന്ത്രി’യായാണ് സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ മന്ത്രിസഭയിലും ന്യൂനപക്ഷ ക്ഷേമ കാര്യവകുപ്പ് ഒരു ന്യൂനപക്ഷക്കാരനാണ് സ്വന്തമാക്കാറ്. ഇത്തവണ അതിന്റെ ഭരണം മുഖ്യമന്ത്രി നേരിട്ട് നടത്തണം. അതിന്റെ ലക്ഷ്യം പലതാണ്. അത് പിന്നീട് വ്യക്തമാകുമായിരിക്കും. ഏതായാലും നല്ല തുടക്കം. ആദ്യ പ്രഖ്യാപനങ്ങളും കെങ്കേമം.
രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് കേരളത്തില്‍ അതിദാരിദ്ര്യം ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷം അതൊന്നും ശ്രദ്ധിക്കാനായില്ല. അത് എത്രത്തോളമെന്ന് ഇനി പഠിക്കും. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമത്രെ. കേരളത്തില്‍ ദാരിദ്ര്യമേ ഇല്ലെന്നായിരുന്നു ഭരണകൂടത്തിന്റെ ഉറപ്പ്. ദാരിദ്ര്യം മാത്രമല്ല അതിദാരിദ്ര്യവും ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും.
മുഖ്യമന്ത്രി ഭരിക്കുന്ന ന്യൂനപക്ഷ വകുപ്പ് മതന്യൂനപക്ഷങ്ങളെ നോക്കി മാത്രമാകരുതെന്ന അപേക്ഷ, അവഗണഗിക്കപ്പെടുന്ന ജാതിന്യൂനപക്ഷങ്ങള്ക്കും തുണയേകിയാല്‍ അത് ഏറെ പ്രയോജനപ്പെടും. മുഖ്യമന്ത്രിയുടെ തൊപ്പിയില്‍ അതൊരു തൂവലുമാകും. കേട്ടാല്‍ ഞെട്ടും.
അത്രയുണ്ട് ജാതിന്യൂനപക്ഷങ്ങള്‍. 68 ജാതിക്കാര്‍. പ്രത്യേകിച്ച് ഒരു ആനുകൂല്യവും കിട്ടാത്തവര്‍. കേരള സര്‍ക്കാറിന്റെ സാമുദായിക പട്ടികയിലെ എട്ടാംവിഭാഗത്തില്പെട്ടവരാണവര്. റെഡ്യാര്‍, യോഗീശ്വര, വീരശൈവ, കണിശ, കണിയാര് പണിക്കര്‍, ഗണക, കണിശന്‍, എഴുത്തച്ഛന്, വണികവൈശ്യ, കമ്നന്‍,വെളുത്തേടത്ത് നായര്‍,വാണിയന്‍,വിളക്കിത്തലനായര്‍, കളരികുറുപ്പ്, കളരിപണിക്കര്‍, ശാലിയര്, അഗസ, അമ്പലക്കാരന്‍, ചെട്ടി, അരിമഹര്ട്ടി, ഭണ്ഡാരി, ബില്ലവ, ചക്കാല നായര്‍, ചവളക്കാരന്‍, കൊട്ടാര്‍ ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ ചെട്ടി, പുടുക്കട ചെട്ടി, ഇരണിയല്‍ ചെട്ടി, ശ്രീപണ്ടാര ചെട്ടി, തെലുങ്ക് ചെട്ടി, ഉദിയിന്‍കുളങ്ങര ചെട്ടി, പേരൂര്‍ക്കട ചെട്ടി, സാധുചെട്ടി, 24 മന ചെട്ടി, വയനാടന്‍ ചെട്ടി, കലവറ ചെട്ടി, 24മന തെലുങ്ക് ചെട്ടി, ദേവാഡിഗ, ദേവംവ, ഈഴവാത്തി, ഗണിക, ഗാട്ടി, ഗൗഡ, ഹെഗ്ഡ, ജോഗി, കടുപ്പട്ടര് കൈക്കോലന്‍, കണ്ണാടിയാസ്, കാവുതീയന്‍, കൗഡിയര്‍, കോട്ടിയര്‍, കൃഷ്ണന്വക, കേരളമുതലി, കുടുംബി, കുശവന്, കുലാലന്, കുലാലനായര്‍, ആന്ധ്രനായര്‍, അന്തിരുനായര്, കുംഭാരന്‍, കുറുംബ, മടിവല്ലാസ്, മഹീന്ദ്ര, മിഡര, മറവന്‍സ്, മരുത്തുവര്‍, നായിക്കന്, ഓടന്‍, പണ്ഡിതര്‍, പന്യര്, പട്ടാരിയാസ്, പെരുവണ്ണാന്, ചക്രവര്‍ത്തി, ശക്രവര്‍ (കാവത്തി),സൗരാഷ്ട്രര്‍, സേനാനിതലൈവര്, തോട്ട്യന്‍,വടുവന്‍,വലന്,വക്കാലിക, യോഗി,പൂപ്പണ്ടാരം, മലമ്പണ്ടാരം, ജംഗ,യാദവ, കൊംഗു നവിതം,വേട്ടുവ, മൂപ്പര്, കല്ലന്മൂപ്പന്,ബോയന്‍, ഗഞ്ചന്‍ റെഡ്ഡി,വിശ്വനവന്,കമ്മാരന്, മലയന്‍, മലയിക്കണ്ടി, മറാത്തി തുടങ്ങിയ ചെറിയ സമൂഹങ്ങളുടെ സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം വിലയിരുത്തി ഈ വിഭാഗങ്ങള്‍ക്ക് നഷ്ടമായ ഉദ്യോഗസംവരണം നികത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തണമെന്ന് ഹിന്ദു ന്യൂനപക്ഷ ഐക്യസഭയുടെ ദീര്‍ഘകാല ആവശ്യമാണ്. അതു കൂടി പരിഗണിച്ചാല്‍ ബലേഭേഷ് എന്ന്പറയാന്‍ ആളുണ്ടാകും തീര്‍ച്ച.
ഭവനപദ്ധതിയാണ് ആദ്യ തീരുമാനത്തിലെ മറ്റൊരു സുപ്രധാന ഇനം. അതില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ എത്രപേര്‍ക്ക് വീടില്ലെന്ന് കണ്ടെത്താന്‍ ഇനിയൊരു പഠന സംഘത്തെയൊന്നും നിശ്ചയിക്കേണ്ടിവരില്ല. എ.കെ.ബാലന് ഈവിഭാഗത്തിന്റെ മന്ത്രിയായിരിക്കെ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുണ്ട്.വാസയോഗ്യമല്ലാത്ത വീടില്ലാത്ത ഇരുപത്തൊന്നായിരം കുടുംബമുണ്ട്. അത് ഇപ്പോഴും അതേപടി നില്പുണ്ട്. അവര്‍ക്കെങ്കിലും വീടുണ്ടാക്കികൊടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കും.
പ്രവാസി വകുപ്പും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുകയാണല്ലോ. പ്രവാസികളുടെ ജീവിതംസുരക്ഷിതമാക്കാന് പ്രവാസി ഡിവിഡന്റ് പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലെ? നിക്ഷേപകനും തുടര്‍ന്ന് ജീവിതപങ്കാളിക്കും 10 ശതമാനം ഡിവിഡന്റ് കൂട്ടിചേര്‍ത്ത തുക അവകാശികള്‍ക്കും നല്കുമെന്നായിരുന്നല്ലൊ പ്രഖ്യാപനം. അത് നടപ്പാക്കാന്‍ വേണ്ടത്രസമയമുണ്ട്. പിന്നെ ചോദിക്കുമ്പോള്‍ ‘പറ്റിയില്ല, വാക്കല്ലെ മാറ്റാനൊക്കൂ’ എന്ന് പറഞ്ഞേക്കരുത്. വാക്കു പാലിച്ചാലേ ജനങ്ങള്‍ ഒപ്പമുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: