കുന്നത്തൂര്‍: വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കുന്ന ലൈഫ് പദ്ധതിയിലും ഇടം പിടിക്കാതെ ഒരു കുടുംബം ദുരിതജീവിതത്തില്‍. അധികാരികളുടെ കനിവിനായി മുട്ടാത്ത വാതിലുകളില്ല. അധികാരികള്‍ കനിയുമ്പോള്‍ രാഷ്ട്രീയവേര്തിരിവില് നിര്‍ധനകുടുംബം ഇന്നും ലൈഫിന് പുറത്താണ്. മൈനാഗപ്പള്ളി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചിറക്കോലില് പടിഞ്ഞാറ്റതില്‍ ശ്യാമളയാണ് അടച്ചുറപ്പുള്ള ഒരു കൊച്ചു വീടിനായി അധികാരികള്‍ക്ക് മുന്നില്‍ കയറിയിറങ്ങുന്നത്.
പഞ്ചായത്തിന്റെ ഒരുലക്ഷം രൂപ ലഭിച്ചു. ഇതുപയോഗിച്ച് വസ്തു വാങ്ങി. എന്നാല്‍ അതില്‍ ഷീറ്റ് മേഞ്ഞ ഒറ്റമുറി ഷെഡ്ഡിലാണ് ഇപ്പോഴും അഞ്ചംഗ കുടുംബം താമസിക്കുന്നത്. ഇവരുടെ കൂടെ വസ്തു ലഭിച്ചവര്‍ക്കെല്ലാം വീട് നല്‍കിയെങ്കിലും ശ്യാമളയോട് അവഗണന തുടരുകയാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും മോഹനവാഗ്ദാനവുമായി രാഷ്ട്രീയ നേതാക്കള്‍ വരും. ജയിച്ചു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ശ്യാമള പറയുന്നു. വീട് ലഭിക്കാത്തത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദാലത്തിലേക്കായി 2017ല്‍ കളക്ടര്‍ക്ക് അപേക്ഷ നല്കി. തുടര്‍ നടപടിക്കായി അപേക്ഷ മൈനാഗപ്പള്ളി പഞ്ചായത്തിലേക്ക് അയച്ചെങ്കിലും വീടിനായുള്ള കാത്തിരിപ്പ് നീളുകയാണ്.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് ലാപ്ടോപ്പും മൊബൈല്‍ഫോണും നല്കിയപ്പോഴും ഈ വീട്ടിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികളെ അവഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: