ന്യൂദല്‍ഹി : കോവിഡിനെതിരെയുള്ള പ്രതിരോധം തുടരണമെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരും ജില്ലാ കളക്ടര്മാരുമായുള്ള യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.
പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണം. അതിനായി പ്രദേശിക തലത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. രാജ്യത്ത് കോവിഡ് രോഗബാധ എത്ര കുട്ടികളെ ബാധിച്ചെന്നത് സംബന്ധിച്ച് വിശദമായ കണക്കെടുപ്പ് നടത്താനും പ്രധാനമന്ത്രി ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു.
ഇത് കൂടാതെ വാക്സിന് വേസ്റ്റേജ് സംബന്ധിച്ചും പരിശോധിച്ച് ഉറപ്പ് വരുത്തുകയും ഇതില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും ആവശ്യപ്പട്ടു. ഒരു ഡോസ് വാക്സിന് നഷ്ടപ്പെടുത്തുന്നതോടെ മറ്റൊരാളുടെ രക്ഷാ കവചമാണ് ഇല്ലാതാക്കുന്നത്. ഓരോ ഡോസ് വാക്സിനും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനുള്ള രക്ഷാകവചമാണ്. ഇത് മനസ്സിലാക്കണം. രാജ്യത്ത് കോവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വാക്സീന് പാഴാക്കുന്നത് അവസാനിപ്പിക്കാനാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അതേസമയം വൈറസിന് വായുവിലൂടെ പത്തുമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് മുന്നറിയിപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തുവിട്ടു. മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസിന് പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്റിലേഷന് ഉറപ്പാക്കണം. അടച്ചിട്ട മുറിയില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: