കൊച്ചി: കഴിഞ്ഞ മാസം അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി.
അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച് 1,420 കോടി രൂപയിലുമെത്തി. സ്വര്‍ണ വായ്പകളില്‍ 70.05 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച് 9,301 കോടി രൂപയില്‍ നിന്നും 15,816 കോടി രൂപയിലെത്തി. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപവും 11.77 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഈ കാലയളവില്‍ 57,223.13 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം ഇത്തവണ 63,958.84 കോടി രൂപയിലെത്തി.
സ്വര്‍ണ വായ്പാ, കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട് വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന വളര്‍ച്ച തുടരുകയാണ്. അറ്റ നിഷ്ക്രിയ ആസ്തി 1.19 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തി ആസ്തി മൂല്യം മെച്ചപ്പെടുത്തിയത് ഈ രംഗത്ത് ഫെഡറല്‍ ബാങ്കിനെ ഏറ്റവും മികച്ച നിലയിലെത്തിക്കാന്‍ സഹായിച്ചത്. ഏറ്റവും മികച്ച ബാങ്ക്, ഏറ്റവും വേഗത്തില്‍ വളരുന്ന ബാങ്ക്, മികച്ച തൊഴിലിടം, മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറല്‍ ബാങ്ക് ഒട്ടേറെ പുരസ്ക്കാരങ്ങളും സ്വന്തമാക്കി. വൈകാതെ ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് സേവനവും ആരംഭിക്കുമെന്നും ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.
മൊത്തം വായ്പകള്‍ 8.64 ശതമാനം വര്‍ധിച്ച് 1,34,876.71 കോടി രൂപയിലെത്തി. റീട്ടെയ്ല്‍ വായ്പകള്‍ 18.57 ശതമാനം വര്‍ധിച്ച് 44,910.14 കോടി രൂപയിലെത്തി. ബിസിനസ് ബാങ്കിങ് വായ്പകള്‍ 12.93 ശതമാനം വര്‍ധിച്ച് 11,890.05 കോടി രൂപയിലുമെത്തി. മൊത്തം നിക്ഷേപം 13.37 ശതമാനം വര്‍ധിച്ച് 1,72,644.48 കോടി രൂപയായി.
ബാങ്കിന്റെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 3,786.90 കോടി രൂപയാണ്. 18.17 ശതമാനമാണ് വര്‍ധിച്ചത്. വാര്‍ഷിക അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 1,542.78 കോടി രൂപയില്‍ നിന്ന് വര്‍ധിച്ച് ഇത്തവണ 1,590.30 കോടി രൂപയിലെത്തി. വാര്‍ഷിക അറ്റ പലിശ വരുമാനം 19.03 ശതമാനം വര്‍ധിച്ച് 5,533.70 കോടി രൂപയായി.
2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി 4,602.39 കോടി രൂപയാണ്. മൊത്തം വായ്പകളെ അപേക്ഷിച്ച് 3.41 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1,569.28 കോടി രൂപയാണ്. 1.19 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലാണിത്. നീക്കിയിരുപ്പ് അനുപാതം 65.14 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.62 ശതമാനവുമാണ്. ബാങ്കിന്റെ അറ്റ മൂല്യം 16,123.61 കോടി രൂപ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: