ന്യൂയോര്‍ക്ക്: പതിനൊന്നാം വയസ്സില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്തു ജനശ്രദ്ധ പിടിച്ചുപറ്റിയ ഡാമന്‍ വീവര്‍ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്കാരം. മരിക്കുമ്പോള്‍ 23 വയസായിരുന്നു.
2009ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബരാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനുള്ള അവസരം യാദൃശ്ചികമായാണു ഡാമനു ലഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും 12 ചോദ്യങ്ങളാണ് പ്രസിഡന്റിനോടു ഡാമന്‍ ചോദിച്ചത്. ഒരു പ്രഫഷനല്‍ മാധ്യമപ്രവര്‍ത്തകനെ അനുസ്മരിപ്പിക്കുന്ന പക്വതയോടെയാണു 11 വയസുകാരന് ഒബാമയോടു ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചത്. ചിരിച്ചു കൊണ്ട് ഒബാമ കൃത്യമായ മറുപടിയും നല്കി. അന്നു വൈസ് പ്രസിഡന്റായിരുന്ന ബൈഡന് ഡാമനെ അഭിനന്ദിച്ചിരുന്നു.
വെസ്റ്റ് ഹം ബീച്ചില്‍ റോയല്‍ പാം ബീച്ച് സ്കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ഡാമന്‍ ജോര്‍ജിയ ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ ബിരുദം നേടി. ഡാമന്റെ മരണ വിവരം സഹോദരന് ഹാര്‍ഡിയാണു മാധ്യമങ്ങളെ അറിയിച്ചത്. സ്വാഭാവിക മരണമാണെന്നു സഹോദരി പറഞ്ഞു. ആരോടും നോ എന്നു പറയാതെ എല്ലാവരെയും സഹായിക്കുന്ന മനഃസ്ഥിതിയായിരുന്നു സഹോദരനെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: