ഗുവാഹത്തി: ഞായറാഴ്ച പുലര്‍ച്ചെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കോവിഡ് രണ്ടാംതരംഗത്തിനിടെ രാത്രികാല നടത്തിപ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഈ ആഴ്ച ആദ്യമാണ് ശര്‍മ അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിലെത്തിയാണ് അദ്ദേഹം കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയത്.
‘രാത്രികാലങ്ങളില്‍ കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നത് എല്ലായ്പ്പോഴും വെല്ലുവിളിയാണ്. രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് എങ്ങനെയെന്ന് നോക്കാന്‍ പുലര്‍ച്ചെ 2.30ന് ജിഎംസിഎച്ച് സന്ദര്‍ശിച്ചു. ക്രമീകരണങ്ങളില്‍ ഞാന്‍ സംതൃപ്തനായിരുന്നു. അവരുടെ സഹായത്തിന് ഡോക്ടര്‍മാരോടും നഴ്സിംഗ് ജീവനക്കാരോടും ഞാന്‍ കൃതജ്ഞത ആവര്‍ത്തിക്കുന്നു’- ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
രാത്രി 11 മുതല്‍ രാത്രി ഏഴുവരെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും ജോലി ചെയ്യേണ്ട, രാത്രികാല നടത്തിപ്പിനെക്കുറിച്ച് തങ്ങള്‍ ഇതിനോടകം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ രോഗികള്‍ മരിച്ചത് രാത്രിയിലെന്ന് കണ്ടിട്ടുണ്ട്. ചിലര്‍ രാത്രികാലങ്ങളില്‍ ആശുപത്രിയിലെത്തിയശേഷം രണ്ടുമൂന്ന് മണിക്കൂറിനകം രോഗി മരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഞായറാഴ്ച മുതല്‍, സര്‍ക്കാര്‍ കര്‍ഫ്യൂവിന്റെ സമയം 2 പിഎം മുതല്‍ 12 പിഎം വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: