ജറുസലേം: ഗാസയിലെ ഹമാസ് തലവന്റെ വീടിന് ഇസ്രയേൽ ഞായറാഴ്ച പുലർച്ചെ ബോംബിട്ടു. ഹമാസ് ഭീകരർ ടെൽ അവീവിനെ ലക്ഷ്യമാക്കിയുള്ള റോക്കറ്റ് ആക്രമണങ്ങൾ തുടരുന്നതിനിടെ ഏഴാം ദിവസത്തിലേക്ക് കടന്ന സംഘർഷത്തിന് അയവുണ്ടാകുമെന്ന സൂചനകളില്ല. തീരപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലു പലസ്തീൻകാർ മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ധാരാളംപേർക്ക് പരിക്കേറ്റു.
ടെൽ അവീവിലും സിറ്റി ഓഫ് ബിയെർഷീബയിലും ബോംബ് മുന്നറിയിപ്പ് ശബ്ദങ്ങൾ മുഴങ്ങിയതോടെ വരാനിരിക്കുന്ന റോക്കറ്റുകളിൽനിന്ന് രക്ഷപെടാൻ ജനങ്ങൾ ഓടി സുരക്ഷാ മുറികളിൽ അഭയം തേടി. തിങ്കളാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം 149 പേർ പലസ്തീനിൽ മരിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ ഇസ്രയേലിൽ 10 മരണം. ഐക്യരാഷ്ട്രസഭ, യുഎസ്, ഈജിപ്ത് എന്നിവടങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും പുരോഗതിയുണ്ടായിട്ടില്ല.
ഇസ്രയേലും ഹമാസ് ഭീകരരും പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്. അൽ ജസീറയും അസോസിയേറ്റഡ് പ്രസും പ്രവർത്തിച്ചിരുന്ന 12 നില കെട്ടിടം ഇസ്രയേൽ കഴിഞ്ഞദിവസം തകർത്തിരുന്നു. ഹമാസിന്റെ ഭീകരകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്ന അൽ ജലാ കെട്ടിട സമുച്ചയം യഥാർഥ സൈനി ലക്ഷ്യമായിരുന്നുവെന്നും ആക്രമണത്തിനു മുൻപ് കെട്ടിടത്തിൽനിന്ന് പുറത്തുപോകാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ടെൽ അവീവിനും മറ്റ് ഇസ്രയേലി നഗരങ്ങൾക്കുമെതിരെ ഞായറാഴ്ചയും ഹമാസ് റോക്കറ്റ് ആക്രമണങ്ങൾ തുടർന്നു. ‘ദൗത്യത്തിന്റെ പാതിയിലാണ് രാജ്യം. ഇതുവരെ അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം ദൗത്യം തുടരും’- ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: