ജെറുസലേം: അറബ് രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ തള്ളി പാലസ്തീന് ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍. ഈദ് ദിനത്തിലും ശക്തമായ പ്രത്യക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസയിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. 480 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പലസ്തീന് സുരക്ഷാ സേനയുടെയും പൊലീസിന്റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
മൂന്നാമത്തെ ഗാസ ടവറും ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. തങ്ങളുടെ പൗരന്മാരുടെ ജീവന്‍വച്ചാണ് ഭീകരര്‍ പന്താടുന്നത്. അത് ഇനി അനുവദിക്കാന്‍ പറ്റില്ല. അറബ് രാഷ്ട്രങ്ങള്‍ ആദ്യം പാലസ്തീനെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ജീവന്റെ വിലയുള്ള പ്രതിരോധമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അദേഹം വ്യക്തമാക്കി.
ഇസ്രയേലിന്റെ പ്രധാന വാണിജ്യകേന്ദ്രമായ ടെല്‍ അവീവിലും ബീര്‍ഷേബയിലും നടത്തിയ ആക്രമണത്തിനാണ് ഇന്നു തിരിച്ചടി നല്‍കിയത്. പലസ്തീന് ഭീകരതയുടെ മുഖമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കമുള്ള നേതാക്കളെ വധിച്ചതായി നേരത്തെ ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ആദ്യം ഇതു പാലസ്തീന് നിക്ഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇസയുടെ മരണം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2014 നു ശേഷം ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഹമാസ് മേധാവിയാണ് ഇസ. ഇസയുടെ മരണം തങ്ങള്‍ക്കുള്ള തിരിച്ചടിയായെന്ന് അറബ് മാധ്യമത്തോട് പാലസ്തീന് ഭീകരര്‍ പ്രതികരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തി. സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷത്തില്‍ അമേരിക്ക ഇസ്രായേലിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: