ഇരുട്ടുവീണ കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നു മാടമ്പിന്റെ കൃതികളിലേറെയും. വെളിച്ചം എത്തി നോക്കാന്‍ മടിച്ചിരുന്ന യാഥാസ്ഥിതികത്വത്തിന്റെ നാലുകെട്ടുകളിലേക്ക് വജ്രസൂചി പോലെ തുളച്ചു കയറിയ രചനകള്‍. നൂറ്റാണ്ടുകള്‍ നീണ്ട ജാതിക്കോയ്മയുടെ പാപബോധത്തില്‍ നിന്ന് മലയാളിയെ മനുഷ്യനാക്കിയ ജ്ഞാനയോഗം. മാടമ്പ് കൃതികള്‍ ഇന്നും വായനയില്‍ പുതിയ കാഴ്ചകള്‍ സമ്മാനിക്കും.
ജീര്‍ണിച്ച കാലത്തിന്റെ ശേഷിപ്പായി നാലുകെട്ടുകളിലെ അടുക്കളയില്‍ കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ അരങ്ങത്തേക്ക് കൈപിടിച്ച് നടത്തിയത് വി.ടി. ഭടതിരിപ്പാടാണ്. സാമുദായിക പരിഷ്കരണ ശ്രമങ്ങളും തുടര്‍ന്ന് നടന്ന സാമൂഹ്യ നവോത്ഥാനവും ചരിത്രമാണ്. ആ നവോത്ഥാന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് മാടമ്പിന്റെ സാഹിത്യ ജീവിതം.
കോവിലകങ്ങളിലും നായര്‍ തറവാടുകളിലും കൂട്ടിരിപ്പും സംബന്ധവുമായി അപ്ഫന്മാര് വിത്തുകാളകളെപ്പോലെ ഉണ്ടുറങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് മാടമ്പിന്റെ ഭ്രഷ്ട് എന്ന നോവല്‍. ഘോഷയും മറക്കുടയും കൊണ്ട് മനസ്സിനെ മറയ്ക്കാന്‍ ശ്രമിച്ചിരുന്ന അന്തര്‍ജനങ്ങളുടെ കണ്ണീരിന്റെ നനവൂറുന്ന കഥ. കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലെ ഏറ്റവും കെട്ട കാലങ്ങളിലൊന്നായാണ് ഇത് അടയാളപ്പെടുത്തപ്പെടുന്നത്.
നമ്പൂതിരി സമുദായത്തിലെ സ്ത്രീ വിവേചനത്തിനെതിരായ പോരാട്ടം ശക്തിയാര്‍ജ്ജിക്കുന്നത് വി.ടിയുടെ കാലത്തോടെയാണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ള വി.ടിയുടെ ആഹ്വാനം ഏറ്റെടുത്ത സമുദായത്തിലെ പുത്തന്‍തലമുറ, മാറ്റത്തിന് വേണ്ടി ദാഹിച്ചു. ആ തലമുറയുടെ പ്രതിനിധിയാണ് മാടമ്പ് കുഞ്ഞുകുട്ടന്. സ്ത്രീപക്ഷരചന എന്ന നിലയില്‍ ആധുനിക മലയാള സാഹിത്യത്തിലെ ആദ്യകൃതികളിലൊന്നായി അടയാളപ്പെടുത്തേണ്ട നോവലാണ് ഭ്രഷ്ട്.
സാമുദായിക പരിഷ്കരണ ശ്രമങ്ങളില്‍ തുടങ്ങി സാമൂഹ്യ നവോത്ഥാനമായി പരിണമിച്ച ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ മുന്നേറ്റത്തുടര്‍ച്ചയായി അനേകം സാഹിത്യകൃതികള്‍ രൂപമെടുത്തിട്ടുണ്ട്. നവോത്ഥാനാശയങ്ങളുടെ കടന്നുവരവിന് ശേഷം സംഭവിച്ച പിന്മുഴക്കങ്ങളായിരുന്നു ഈ കൃതികള്‍. സമാനമായ രീതിയിലുള്ള ഒരു കാലഘട്ട നിര്‍ണയം മാടമ്പ് കൃതികളിലും സാധ്യമാണ്. മാടമ്പിന്റെ ആദ്യകാല രചനകളെല്ലാം സാമൂഹ്യ പരിഷ്കരണ ശ്രമത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. ക്രമേണ അത് നവോത്ഥാന ആശയങ്ങളിലേക്കും സര്‍വ്വാശ്ലേഷിയായ വേദാന്ത ദര്ശനത്തിലേക്കും പരിവര്‍ത്തനപ്പെടുന്നു. അവസാനകാല രചനകള്‍ മഹത്തായ ഭാരതീയ ജീവിത ദര്‍ശനത്തിന്റെ ആവിഷ്കാരങ്ങളാണ്.
ആദ്യകാല കൃതികളില്‍ നവോത്ഥാന ശ്രമങ്ങളെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുട്ടുനിറഞ്ഞ ഭൂതകാലത്തിലേക്ക് കൂടി സംക്രമിപ്പിക്കുക വഴി നോവലിസ്റ്റ് തന്റെ പ്രതീക്ഷ പങ്കുവെക്കുകയായിരുന്നു. ഇരുളിലാണ്ട ലോകത്തെവിടെയും മാറ്റത്തിന്റെ പുലരി പിറക്കാനുണ്ടെന്നുള്ള പ്രതീക്ഷ. അനേകായിരം അഭിശപ്ത ജീവിതങ്ങള്‍ സ്വയം പ്രാകിയും നരകിച്ചും മരിച്ചു ജീവിച്ച കാലഘട്ടത്തില്‍ ഇങ്ങനെ ചില പരിവര്‍ത്തനങ്ങള്‍ പിറക്കുമെന്ന ആശ.
യാഥാസ്ഥിതികത്വത്തിന്റെ വിട്ടുവീഴ്ചയ്ക്ക് വഴങ്ങാത്ത ദുശ്ശാഠ്യങ്ങളും ശിലാജാഡ്യങ്ങളും മാറ്റത്തിന്റെ പതാകാവാഹകരായ നവയൗവ്വനവും പരസ്പരം കണ്ടുമുട്ടുന്ന, ഏറ്റുമുട്ടുന്ന ഒരു ബിന്ദുവില്‍ കാലം നിശ്ചലമാവുകയാണ് ഇക്കാലത്തെ മാടമ്പ് കൃതികളില്‍.
അവിടെ കാലഗണനയ്ക്ക് വലിയ പ്രസക്തിയില്ല. അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഒരു ജീവിത പരിസരത്തെ നവീകരിക്കുക എന്നത് മാത്രമാണ് പ്രസക്തമായിട്ടുള്ളത്. സ്ഥലവും കാലവും മാഞ്ഞുപോവുകയും ആശയങ്ങള്‍ മാത്രം അതിജീവിക്കുകയും ചെയ്യുന്ന ഒരു ചിത്രീകരണമാണത്. അതുകൊണ്ട് കൂടി മാടമ്പിന്റെ കൃതികള്‍ ഏത് കാലത്തും പ്രസക്തമായിത്തീരുന്നു.
പുരോഗമനപരമായ, നവീകരണക്ഷമമായ ഒരാഖ്യാനം എന്നത് മാത്രമാണ് പരിഗണിക്കപ്പെടേണ്ടത്. ആത്യന്തികമായി അതാണ് മാടമ്പ് എന്ന എഴുത്തുകാരന്റെ ഫിലോസഫി അഥവാ ദാര്‍ശനികത. ആ നിലയ്ക്ക് മാടമ്പ് തന്റെ ആദ്യകാല കൃതികളിലൂടെ പങ്കുവയ്ക്കുന്നത് വി.ടിയും എംആര്‍ബിയും, പ്രേംജിയും ഉള്‍പ്പടെയുള്ളവര്‍ പകര്‍ന്ന നവോത്ഥാന ആശയങ്ങളെത്തന്നെയാണ്.
ഭ്രഷ്ട്, അശ്വത്ഥാമാവ്, മരാരാശ്രീ തുടങ്ങിയവയൊക്കെ ചരിത്രപരവും സാമൂഹ്യപരവുമായി നവോത്ഥാന കൃതികളാണ്. ജാതീയ വിവേചനങ്ങളും സ്ത്രീവിവേചനവും നിലനിന്നിരുന്ന കാലത്തെ തമസിനെ തുറന്നു കാണിക്കുകയും അതിനെ പിന്‍പറ്റുന്നവരെ തിരുത്താന്‍ ശ്രമിക്കുകയുമാണ് 1970കളില്‍ പുറത്തുവന്ന ഈ നോവലുകളില്‍.
വെളിച്ചം ദുഃഖമാണെന്നും ഇരുട്ടാണ് സുഖപ്രദമെന്നും അതിന് മുന്‍പേ പറഞ്ഞു വച്ചത് അക്കിത്തമെന്ന മഹാകവിയാണ്. ജീവിതത്തിന്റെ കയ്പേറിയ യാഥാര്‍ത്ഥ്യങ്ങളും സമൂഹത്തിലെ നീതികേടുകളും കണ്ട് വെളിച്ചത്തെപ്പോലും ഭയക്കുന്ന ഒരുസാത്വിക മനസാണ് ആ വരികളിലുണ്ടായിരുന്നത്. അനീതിയുടെ കെട്ട കാഴ്ചകള്‍ കാണുന്നതുപോലും ദു:ഖമാണെന്നുള്ള കവിയുടെ വിലാപമാണിത്.
അക്കിത്തത്തിന്റെ ഈ കാവ്യദര്‍ശനവുമായി വളരെയേറെ അടുത്തുനില്ക്കുന്ന ആശയപ്രപഞ്ചമാണ് മാടമ്പിന്റെ ഒട്ടെല്ലാ രചനകള്‍ക്കും. അദൈ്വത ദര്‍ശനമാണതിന്റെ കാതല്‍. വേദോപനിഷത്തുക്കളുടെ ജീവിതദര്‍ശനം. മാടമ്പിന്റെ പില്കാല രചനകളില്‍ ഈ അദൈ്വത ദര്‍ശനത്തിന്റെ ആഖ്യാനം കുറച്ചുകൂടി പ്രകടീകൃതമാകുന്നുണ്ട്.
മനുഷ്യനെ ശരിയിലേക്ക് നയിക്കുന്ന ദര്‍ശനമെന്ന നിലയില്‍ മാടമ്പിന്റെ നോവലുകളിലെല്ലാം കഥാഘടനയിലുടനീളം ചൂണ്ടിക്കാണിക്കുന്നത് അദൈ്വതമാണ്. മിഥ്യയായ ജീവിതാവസരങ്ങളില്‍ ഭ്രമിക്കാതെ ജഗത്തിന്റെ സാരംതേടി ആത്മബോധത്തിന്റെ ആഴങ്ങളില്‍ തിരയുന്ന കഥാപാത്രങ്ങളാണ് മാടമ്പ് കൃതികളുടെ കരുത്ത്.
മലയാള സാഹിത്യത്തില്‍ അദൈ്വതാനുഭൂതിയുടെ ഭാവുകത്വം ആവോളം അനുഭവിപ്പിക്കുന്ന രചനകളാണ് അക്കിത്തത്തിന്റേതും ഒ.വി.വിജയന്റേതും. ഈ ഗണത്തില്‍പ്പെടുത്താവുന്ന എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടന്. നോവല്‍ രചനയുടെ സങ്കേതങ്ങളില്‍ കോവിലനോടാണ് മാടമ്പിന് അടുപ്പക്കൂടുതല്‍. പക്ഷേ ആശയപരമായി ഭാരതീയ ദര്‍ശനത്തിന്റെ അന്വേഷിയായ എഴുത്തുകാരനാണ് മാടമ്പ്. ആ നിലയ്ക്ക് അക്കിത്തത്തോടും ഒ.വി.വിജയനോടുമൊപ്പമാണ് മാടമ്പിലെ എഴുത്തുകാരന് നില്‍ക്കുന്നത്. ഭ്രഷ്ട് മുതല്‍ പില്ക്കാല രചനകളായ അമൃതസ്യ പുത്ര വരെയുള്ള എഴുത്തുകളില്‍ ഈ ദര്‍ശന സൗരഭ്യം നിറഞ്ഞു നില്ക്കുന്നു.
അക്കിത്തത്തിന്റെ കവിതകളിലും വിജയന്റെ നോവലുകളിലും അനുവാചകനെ നയിക്കുന്ന ബോധകര്‍തൃത്വം അദൈ്വതചിന്തയാണ്. ആദ്യകാല രചനകളില്‍ നിന്ന് വിജയന്റെ പില്ക്കാല രചനകളിലേക്കെത്തുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകുന്നു. എഴുത്തുകാരന്റെ അദൈ്വതാനുഭൂതിയുടെ ലയനമാണ് ഗുരുസാഗരം. പ്രപഞ്ച ചേതനയിലെമ്പാടും ഗുരുകൃപയെ തേടുന്ന എഴുത്തുകാരന് അനുവാചകനെയും ആ അനുഭൂതിയിലേക്ക് നയിക്കുകയാണ്.
അക്കിത്തം കൃതികളില്‍ ആദ്യം മുതല്‍ക്ക് ഈ വിചാരധാരയുടെ സ്വാധീനം പ്രകടമാണ്. സര്‍വ്വാശ്ലേഷിയായ മഹാകാരുണ്യ ദര്‍ശനം തന്നെയാണ് അക്കിത്തം കവിതയുടെ കാതല്‍. ഉപനിഷദ് ചിന്തകളുടെ ഫലമായി രൂപപ്പെട്ടുവന്ന ഏകാത്മ ഭാവനയില്‍ നിന്നുണ്ടായ ജീവിത ദര്‍ശനമാണത്. പൗരാണിക കാലം മുതല്ക്കുള്ള ഭാരതത്തിന്റെ മഹത്തായ ജീവിത ദര്‍ശനം.
ഇതേ കാരുണ്യ ദര്‍ശനമാണ് മാടമ്പ് കൃതികളുടേയും ഉള്‍ക്കരുത്ത്. കാലുഷ്യം നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ചിത്രമാണ് മാടമ്പ് തന്റെ മിക്ക നോവലുകളിലും വരച്ചിടുന്നത്. പക്ഷേ നിര്‍മ്മമനായ ഒരു വേദാന്തിയുടെ മനസ്സോടെ കഥാപാത്രങ്ങളേയും സംഭവങ്ങളേയും സമീപിക്കുന്ന എഴുത്തുകാരനാണവിടെയുള്ളത്.
അജ്ഞതയുടേയും അഹങ്കാരത്തിന്റേയും ചെളിയില്‍ പുതഞ്ഞുപോയ ജീവിതങ്ങളെ കാരുണ്യപൂര്‍വ്വമാണ് എഴുത്തുകാരന് സമീപിക്കുന്നത്. തിരിച്ചു നടക്കാനാവാത്ത വിധം വഴിതെറ്റിപ്പോയവര്‍ക്കു പോലും കാലത്തിന്റെ കണക്കില്‍ പുതിയ അവസരങ്ങള്‍ നല്കാന് ശ്രമിക്കുന്നുണ്ട് എഴുത്തുകാരന്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതം ആവിഷ്കരിച്ച പില്ക്കാല കൃതികളായ അമൃതസ്യ പുത്രയിലും ഗുരുഭാവത്തിലും വേദാന്ത ദര്‍ശനത്തെ ഉജ്ജ്വലമായ ഭാവത്തില്‍ വായനക്കാര്‍ക്ക് അനുഭവിക്കാം. ഭാരതീയ ദര്‍ശനങ്ങളുടെ ആഴവും പരപ്പും തിരയുന്നതാണ് ആര്യാവര്‍ത്തം എന്ന രചന. പ്രപഞ്ചചേതനയില്‍ ഗുരുചൈതന്യം തിരഞ്ഞ ഒ.വി.വിജയനും ഗുരുവിന്റെ പാദരേണുക്കളില്‍ പ്രപഞ്ചം കണ്ടെത്തിയ മാടമ്പും ഒരേ ജീവിത ദര്‍ശനത്തിന്റെ പൊരുളാണ് പറഞ്ഞുവെച്ചത്.
ഒരു ഭാഗത്ത് യാഥാസ്ഥിതികത്വത്തിന്റെ ജീര്‍ണത. മറുഭാഗത്ത് പ്രത്യാശയുടെ വെളിച്ചമായി മഹത്തായ ജ്ഞാനയോഗം. അയ്യാ സ്വാമികളും ചട്ടമ്പിസ്വാമികളും ഗുരുദേവനും മുതല്‍ അക്കിത്തവും ഒ.വി.വിജയനും വി.ടിയും ഉള്‍പ്പെടെയുള്ളവര്‍ അറിവിന്റെ ആ വജ്രസൂചികള്‍ കൊണ്ടാണ് കേരളീയ സാമൂഹ്യ ജീവിതത്തിലെ അനാചാരങ്ങളുടെ കരിങ്കല്‍ക്കോട്ടകളെ പൊളിച്ചുകളഞ്ഞത്. അതേ പാതയില്‍ത്തന്നെയാണ് മാടമ്പ് എന്ന എഴുത്തുകാരനും സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: