ന്യൂദല്‍ഹി : കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിന്റെ സമയ പരിധി ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉന്നത തല സമിതി. നാല് മുതല്‍ ആറ് ആഴ്ചയില്‍ നിന്നും 12 മുതല്‍ 16 ആഴ്്ച വരെ ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമെന്നാണ് പുതിയ നിര്‍ദ്ദേശം.
കൊവിഷീല്‍ഡ് വാക്സിന്റെ ഇരുഡോസുകള്‍ക്കും ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമെന്ന് അന്താരാഷ്ട്ര പഠനങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദഗ്ധ സമിതിയും പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗം വ്യാപനം രൂക്ഷമായതോടെ വാക്സിന് വിതരണവും സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
സര്‍ക്കാര്‍ ഉന്നതതല സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷമേ വാക്സിന് എടുക്കേണ്ടതുള്ളൂ. നിലവില്‍ കോവിഡ് മുക്തരായവര്‍ 12 ദിവസത്തിന് ശേഷം വാക്സിന് സ്വീകരിക്കാം എന്നായിരുന്നു മാര്‍ഗ്ഗരേഖ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര്‍ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിന് സ്വീകരിച്ചാല്‍ മതി. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗ മുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്സിന് സ്വീകരിച്ചാല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു.
കൂടാതെ ഗര്‍ഭിണികള്‍ക്ക് ആവശ്യമെങ്കില്‍ വാക്സിന് എടുക്കാം. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്സിന് എടുക്കാവുന്നതാണ്. എന്നാല്‍ കൊവാക്സിന് എടുക്കുന്നതിന്റെ സമയപരിധി സംബന്ധിച്ച് നിര്‍ദ്ദേശമില്ല.
നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്സ്പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങളില്‍ ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓക്സ്ഫഡും അസ്ട്രസെനകയും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചെടുത്തത്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഭാരത് ബയോടെക് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: