കോഴിക്കോട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. മൊത്ത വിപണിയില്‍ വിലയില്‍ മാറ്റമില്ലെങ്കിലും ചില്ലറ വിപണിയില്‍ തോന്നിയത് പോലെയാണ് വില ഈടാക്കുന്നത്. കൊവിഡിന്റെ മറവിലാണ് ഈ വിലക്കയറ്റം.
തൊട്ടടുത്ത പ്രദേശത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ബന്ധം ജനങ്ങളെ പിഴിയാനുള്ള അവസരമായി കണക്കാക്കുകയാണ്. നേരത്തേ സ്റ്റോക്ക് ചെയ്ത സാധനങ്ങള്‍ക്ക് വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത വിലയാണെന്നും ആക്ഷേപമുയരുകയാണ്. അരി മുതല്‍ പച്ചക്കറി വരെയുള്ള സാധനങ്ങളുടെ വിലയില്‍ ഒരാഴ്ച്ചക്കിടെ ഈ രീതിയിലുള്ള വര്‍ധനയുണ്ടായിട്ടുണ്ട്.
മഹാമാരിക്കാലത്ത് അമിതലാഭം കൊയ്യുന്നത് കുറ്റകരമാണെങ്കിലും ജില്ല ഭരണകൂടവും ഉദ്യോഗസ്ഥരും ഇടപെടുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പരിശോധനക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാന്‍ ജില്ല ഭരണകൂടം മാതൃകാപരമായ നപടികളെടുത്തിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 5000 ഓളം എത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെല്ലാം.
കഴിഞ്ഞ ലോക്ഡൗണില്‍ അരി മുതല്‍ പച്ചക്കറിയും മീനും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില ജില്ല ഭരണകൂടം തീരുമാനിച്ച് പ്രസിദ്ധീകരിച്ചിരുന്നു. സിവില്‍ സപ്ലൈസ്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധനയും നടത്തി. വ്യാപാരികള്‍ സാധനങ്ങള്‍ വാങ്ങിയ ബില്‍ പരിശോധിച്ച് കൊള്ളലാഭമെടുക്കുന്നില്ലെന്നും ഉറപ്പാക്കിയിരുന്നു. എന്നാല്‍, നിലവില്‍ പരിശോധനകളെല്ലാം നിലച്ചതോടെയാണ് തോന്നും പോലെ വിലയുയര്‍ത്തുന്നത്.
വില ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് മൊത്തവ്യാപാരികളും പറയുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനകളും നിലച്ചതോടെ പഴകിയ മത്സ്യങ്ങളും ജില്ലയില്‍ വ്യാപകമായി വില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: